Connect with us

Malappuram

രണ്ടടി ഉയരമുള്ള സന്തോഷ് ബാബുവിന് വേണം ഒരു സര്‍ക്കാര്‍ ജോലി

Published

|

Last Updated

തിരൂരങ്ങാടി: രണ്ടടി ഉയരമുള്ള സന്തോഷ് ബാബു തന്റെ 45-ാം വയസിലും സര്‍ക്കാര്‍ ജോലിക്കായി പടികള്‍ കയറി ഇറങ്ങുകയാണ്. കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശിയായ സന്തോഷ് ബാബു സര്‍ക്കാര്‍ ജോലിക്കായി നിരവധി ഓഫീസുകളില്‍ കയറി ഇറങ്ങിയിട്ടുണ്ട്. 1986ല്‍ 329മാര്‍ക്ക് വാങ്ങി എസ് എസ് എല്‍ സി പാസായ സന്തോഷ് ബാബു ഇപ്പോള്‍ മമ്പുറം മഖാം പരിസരത്താണ് താമസിക്കുന്നത്.

എന്നും രാവിലെ വന്ന് മഖാമിന്റെ മുറ്റം വൃത്തിയാക്കുന്ന ഇദ്ദേഹം ഇതൊരു പുണ്യമായി കരുതുന്നു. മമ്പുറത്ത് താമസിക്കുന്നതിനാല്‍ ഭക്ഷണത്തിനോ മറ്റോ ഒരു പ്രയാസവും ഉണ്ടാവാറില്ല. തീര്‍ഥാടകര്‍ സന്തോഷ പൂര്‍വം നല്‍കുന്ന നാണയങ്ങള്‍ വാങ്ങുമെങ്കിലും അത് മറ്റുവള്ളര്‍ക്ക് വേണ്ടി ചെലവഴിക്കുകയാണ് ചെയ്യാറുള്ളത്. പലപ്പോഴും ആളുകള്‍ നല്‍കുന്ന പണം സന്തോഷത്തോടെ തിരസ്‌കരിക്കുകയും ചെയ്യാറുണ്ട്. ചെറുപ്പത്തില്‍ പോളിയോ ബാധിച്ചതിനെ തുടര്‍ന്നാണ് എസ് എസ്എല്‍ സിക്ക് ശേഷമുള്ള ഇദ്ദേഹത്തിന്റെ പഠനം വഴിമുട്ടിയത്. കോഴിക്കോട് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ മൊബൈല്‍ഫോണ്‍ വാങ്ങാന്‍ കാശില്ലാത്തതിനാലാണ് ഇദ്ദേഹം മമ്പുറത്ത് എത്തുന്നത്.
മഖാം പരിസരത്ത് കഴിയുന്ന പല അന്ധന്‍മാര്‍ക്കും ഇദ്ദേഹം ഭക്ഷണംഎത്തിച്ച് നല്‍കുന്നു. പാപ്പിനിശ്ശേരി കൊളപ്പുറത്ത് വീട്ടില്‍ പരേതനായ ഭാസ്‌കരന്റേയും രാധയുടേയും മകനായ സന്തോഷ് തന്റെ അസുഖത്തിന് പല ചികിത്സകളും നടത്തിയിട്ടുണ്ട്.പിന്‍ഭാഗത്തെ കൂന് ഇപ്പോഴും മാറിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു. സ്വന്തമായി ഒരു ജോലിഎന്ന ഇദ്ദേഹത്തിന്റെ മോഹം ഇനിയും പൂവണിഞ്ഞിട്ടില്ല. ഇതിനായി നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും ഫലമുണ്ടായില്ല. കെ കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടന്ന ജനസമ്പര്‍ക്ക പരിപാടിയില്‍ നിവേദനം നല്‍കിയിരുന്നു. ജോലിനല്‍കാമെന്ന് പറഞ്ഞുവെങ്കിലും ലഭിച്ചില്ല. കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കണ്ണൂരില്‍ ജനസമ്പര്‍ക്ക പരിപാടിക്ക് വന്നപ്പോള്‍ നിവേദനം നല്‍കി. 10000രൂപ ലഭിച്ചു.
പക്ഷെ ജോലി ഇപ്പോഴും ലഭിച്ചില്ല. ഈമാസം 17ന് കണ്ണൂരില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിക്ക് നല്‍കാനുള്ള നിവേദനങ്ങള്‍ തയ്യാറാക്കാന്‍ ഓടി നടക്കുകയാണിപ്പോള്‍ ഇദ്ദേഹം. നിവേദനം നല്‍കാനായി 16ന് നാട്ടിലേക്ക് പുറപ്പെടും. എല്ലാ മാസവും തൊഴിലില്ലായ്മ വേതനമായി 521 രൂപ ലഭിക്കുന്നുണ്ട്. അവിവാഹിതനായ സന്തോഷിന് മൂന്ന് സഹോദരങ്ങള്‍ ഉണ്ട്. സ്വന്തമായി വീടില്ലാത്ത ഇദ്ദേഹം നാട്ടില്‍ എത്തുമ്പോള്‍ മാതൃസഹോദരിയുടെ വീട്ടിലാണ് താമസിക്കാറുള്ളത്.

 

Latest