Connect with us

Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം: കോടിയേരി

Published

|

Last Updated

കോഴിക്കോട്: ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കാലാവധി തികക്കില്ലെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരളത്തില്‍ ഭരണമാറ്റം ഉണ്ടാകുമെന്നും സി പി എം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ ഉപനേതാവുമായ കോടിയേരി ബാലകൃഷ്ണന്‍.
എം എല്‍ എമാരെ ചാക്കിട്ടുപിടിച്ചുള്ള ഭരണമാറ്റമല്ല എല്‍ ഡി എഫ് ആലോചിക്കുന്നത്. യു ഡി എഫിലെ ഘടകക്ഷികള്‍ അതൃപ്തരാണ്. അവിടെ വിട്ടാല്‍ ഇപ്പുറത്ത് എടുക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് പലരും യു ഡി ഫില്‍ നില്‍ക്കുന്നത്. ജനങ്ങളില്‍ രാഷ്ട്രീയ മാറ്റമുണ്ടാക്കാനുള്ള പ്രചാരണമാണ് എല്‍ ഡി എഫ് നടത്തുന്നത്. ജനങ്ങളില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമ്പോള്‍ അതിന്റെ പ്രതിഫലനം യു ഡി എഫിലുമുണ്ടാകുമെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയെ കുഴപ്പത്തിലാക്കിയ ആളാണ് വി എസ് അച്യുതാനന്ദന്‍ എന്ന അഭിപ്രായം പാര്‍ട്ടിക്കില്ല. പല പ്രതിസന്ധി ഘട്ടങ്ങളിലും പാര്‍ട്ടിയെ മുന്നോട്ടു നയിച്ച നേതാവാണ് വി എസ്. അവ പരിഗണിച്ചാണ് വി എസിനോട് എക്കാലവും പാര്‍ട്ടി നിലപാട് സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി ചൂണ്ടിക്കാട്ടി.
കരുണാകരനും ആന്റണിക്കും അഞ്ച് വര്‍ഷം തികച്ചു ഭരിക്കാന്‍ കഴിഞ്ഞിട്ടില്ല. ആന്റണിയെ ഭരിക്കാന്‍ സമ്മതിക്കാത്ത ആളാണ് ഉമ്മന്‍ ചാണ്ടി. കരുണാകരന്റെയും ആന്റണിയുടെയും ഗതി തന്നെയാണ് ഉമ്മന്‍ ചാണ്ടിക്കും ഉണ്ടാകുക. സര്‍ക്കാറിന്റെ അഴിമതിക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ കരുത്ത് പകരുന്നതാണ് ലാവ്‌ലിന്‍ കേസിലെ സി ബി ഐ കോടതി വിധി. ഇതേപ്പറ്റി മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതമാണ്. ഉമ്മന്‍ ചാണ്ടിക്ക് പശ്ചാത്താപമുണ്ടെങ്കില്‍ അക്കാര്യം തുറന്നുപറയാന്‍ തയ്യാറാകണം.
യു പി എ സര്‍ക്കാറിന് പിന്തുണ പിന്‍വലിച്ച ഇടതുപക്ഷത്തെ പാഠം പഠിപ്പിക്കാനാണ് ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിയാക്കാന്‍ സി ബി ഐക്കുമേല്‍ സമ്മര്‍ദമുണ്ടായത്. വിജിലന്‍സില്‍ നിന്ന് അനുകൂല റിപ്പോര്‍ട്ട് കിട്ടില്ലെന്നായപ്പോള്‍ 2006 മാര്‍ച്ച് ഒന്നിന് സി ബി ഐ അന്വേഷണത്തിന് മന്ത്രിസഭ ശിപാര്‍ശ ചെയ്തു. പിണറായിയെ പ്രതിചേര്‍ക്കാന്‍ വാശിയോടെ ഉമ്മന്‍ ചാണ്ടി ശ്രമിച്ചു എന്നതിന് തെളിവാണിതെന്നും കോടിയേരി പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി ഉപരോധിക്കുന്ന സമരം ആദ്യം തുടങ്ങിയത് 1968ല്‍ ഉമ്മന്‍ ചാണ്ടി കെ എസ് യു പ്രസിഡന്റായിരിക്കുമ്പോഴാണ്. അന്ന് ഇ എം എസിന്റെ തിരുവനന്തപുരം ശാന്തിനഗറിലെ വസതി ഉപരോധിച്ചു. ഇ എം എസിന്റെ ഭാര്യ ആര്യ അന്തര്‍ജനമടക്കമുള്ളവരെപ്പോലും പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. മുഖ്യമന്ത്രിയെ മാത്രമാണ് എല്‍ ഡി എഫ് ഉപരോധിക്കുക. ഭാര്യക്കോ കുടുംബാംഗങ്ങള്‍ക്കോ പുറത്തുപോകുന്നതിന് തടസ്സമില്ല. ഒരു ദിവസം ഒരു നിയമസഭാ മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ എന്ന പ്രകാരമാണ് ഉപരോധം. ഉപരോധത്തിന്റെ വിശദ രൂപം 18ന് ചേരുന്ന എല്‍ ഡി എഫ് യോഗം തീരുമാനിക്കും.

 

Latest