പശ്ചിമഘട്ട സംരക്ഷണ ശിപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ടെന്ന് മാധവ് ഗാഡ്ഗില്‍

Posted on: November 7, 2013 1:50 am | Last updated: November 7, 2013 at 1:50 am

gadgilകോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പശ്ചിമ ഘട്ടത്തെ നാശത്തിലേക്ക് നയിക്കുമെന്നും പശ്ചിമ ഘട്ട സംരക്ഷണ ശിപാര്‍ശകള്‍ അട്ടിമറിക്കപ്പെട്ടതായും പ്രൊഫ. മാധവ് ഗാഡ്ഗില്‍. എം ജി സര്‍വകലാശാലയില്‍ നടക്കുന്ന സ്വദേശി ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനങ്ങളുടെയും ഗവേഷണങ്ങളുടെയും മറ്റും ഫലയായി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ ഉദ്യോഗസ്ഥ തലത്തിലാണ് അട്ടിമറിക്കപ്പെട്ടത്. തുടര്‍ന്ന് വന്ന കസ്തൂരി രംഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ പശ്ചിമ ഘട്ടത്തിന്റെ നാശമാണ് സംഭവിക്കുക. പശ്ചിമ ഘട്ടത്തെ അറിയാതെയാണ് കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് തയാറാക്കിയത്.
ജനപ്രതിനിധികളോടും കര്‍ഷകരോടും താഴെത്തട്ടിലും പശ്ചിമ ഘട്ടത്തെപ്പറ്റി സംസാരിക്കാതെയാണ് താന്‍ സംരക്ഷണ ശിപാര്‍ശകള്‍ തയാറാക്കിയതെന്ന ആരോപണം ബാലിശമാണ്. ജനപ്രതിനിധികളോടും കര്‍ഷകരോടും മറ്റു സന്നദ്ധസംഘടനാ പ്രവര്‍ത്തകരുമായും സംവദിച്ചു. കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ പലരും അംഗീകരിക്കുന്നുണ്ട്. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പോലും റിപ്പോര്‍ട്ട് അംഗീകരിച്ചു. അധികാര വികേന്ദ്രീകരണത്തിലൂടെ ശിപാര്‍ശകള്‍ ജനങ്ങളിലെത്തിക്കേണ്ടിയിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ജനങ്ങളുടെ ജീവിതം ദുസ്സഹമാകുമെന്ന് പറയുന്നതു ശരിയല്ല. റിപ്പോര്‍ട്ടിനെപ്പറ്റി അറിയാതെയാണ് പലരും എതിര്‍ത്ത് സംസാരിക്കുന്നത്.
നിയമങ്ങള്‍ പാലിക്കാതെ പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാന്‍ കഴിയില്ല. പ്രദേശത്തിന് അനുസരിച്ചുള്ള പ്രകൃതി സംരക്ഷണമാണ് ആവശ്യം. സംസ്ഥാനത്ത് കാവുകള്‍ സംരക്ഷിക്കേണ്ടിയിരിക്കുന്നു. ഒട്ടേറെ ജൈവ വൈവിധ്യങ്ങളാല്‍ സമ്പന്നമാണ് കാവുകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.