Connect with us

International

മുശര്‍റഫിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ കോടതി ഉത്തരവ്‌

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് പര്‍വേശ് മുശര്‍റഫിനെ വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിക്കാന്‍ കോടതി ഉത്തരവ്. ഇസ്‌ലാമാബാദിലെ ലാല്‍ മസ്ജിദിലെ ആക്രമണവുമായി ബന്ധപ്പെട്ട കേസില്‍ മുശര്‍റഫിന് ജാമ്യം അനുവദിച്ച് രണ്ട് ദിവസം കഴിഞ്ഞാണ് തടങ്കലില്‍ നിന്ന് മോചിപ്പിക്കാനുള്ള കോടതി ഉത്തരവ്.
2007ല്‍ സൈനിക നടപടിയില്‍ കൊല്ലപ്പെട്ട ഗോത്ര നേതാവ് നവാബ് അക്ബര്‍ ബക്തിയുടെയും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും കൊലപാതക കേസുകളില്‍ മുശര്‍റഫിന് നേരെത്തെ ജാമ്യം ലഭിച്ചിരുന്നു. രേഖാമൂലമുള്ള മോചന ഉത്തരവ് ലഭിക്കുന്നതോടെ മാസങ്ങളായി വീട്ടുതടങ്കലിലുള്ള മുശര്‍റഫ് മോചിതനാകും. മുശര്‍റഫിന്റെ അഭിഭാഷകര്‍ രണ്ട് ബോണ്ടുകള്‍ കെട്ടിവെക്കുന്നതോടെ മോചിതനാകുമെന്ന് അഡീഷനല്‍ സെഷന്‍സ് ജഡജി വാജിദ് അലി കൂട്ടിച്ചേര്‍ത്തു.
രാജ്യം വിട്ടുപോകുന്നതിന് നിയന്ത്രണമുള്ളവരുടെ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് മുശര്‍റഫിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ മുശര്‍റഫിനെ അയോഗ്യനാക്കിയിട്ടുണ്ട്. ലാല്‍ മസ്ജിദില്‍ നടന്ന സൈനിക നടപടിയില്‍ അബ്ദുറാഷിദ് ഖാസിയെയും 90 മതവിദ്യാര്‍ഥികളെയും കൊലപ്പെടുത്തിയ കേസിലാണ് മുശര്‍റഫ് അറസ്റ്റിലാകുന്നത്.
പള്ളിയില്‍ സൈനിക റെയ്ഡിന് മുശര്‍റഫിന്റെ ഭരണകാലത്ത് അദ്ദേഹം രേഖാമൂലം ഉത്തരവിട്ടിട്ടില്ലെന്നാണ് അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്. നാല് വര്‍ഷത്തെ സ്വയംപ്രഖ്യാപിത പ്രവാസത്തിന് ശേഷം മാര്‍ച്ചില്‍ പാക്കിസ്ഥാനില്‍ തിരച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. മുശര്‍റഫ് രാജ്യം വിട്ടുപോകുന്നത് വിലക്കിയവരുടെ പട്ടികയിലാണുള്ളതെന്ന് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. 2007ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിലൂടെ മുശര്‍റഫ് രാജ്യദ്രോഹ കുറ്റം നേരിടുന്നുണ്ട്.