ആണവ നിരീക്ഷണ സംഘം പരിശോധനക്കായി ജപ്പാനില്‍

Posted on: November 7, 2013 12:17 am | Last updated: November 7, 2013 at 12:17 am

ടോക്കിയോ: ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ സംഘം ജപ്പാനില്‍ പരിശോധന നടത്തി. ഫുക്കുഷിമ ആണവ നിലയം കടലിനെ മലിനമാക്കുന്നത് എപ്രകാരം തടയുന്നു എന്നത് സംബന്ധിച്ച വിവരങ്ങള്‍ ജപ്പാന്‍ വെളിപ്പെടുത്തണമെന്ന് നേരത്തെ ചൈന ആവശ്യമുന്നയിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യു എന്‍ സംഘത്തിന്റെ പരിശോധന. ഇന്നലെ ജപ്പാനിലെത്തിയ സംഘം സമുദ്ര ജലമടക്കമുള്ളവ പരിശോധനാ വിധേയമാക്കും.
2011ലെ സുനാമി ദുരന്തത്തെ തുടര്‍ന്ന് ഫുക്കുഷിമ പ്ലാന്റിലെ രാസ പദാര്‍ഥങ്ങള്‍ സമുദ്രജലത്തെ വിഷമയമാക്കുമെന്ന് യു എന്‍ പൊതുസഭയില്‍ ചൈന ആശങ്ക രേഖപ്പെടുത്തിയിരുന്നു. ചോര്‍ച്ച കണ്ടെത്തിയതിനെ തുടന്ന് എന്ത് നടപടികള്‍ സ്വീകരിച്ചു എന്നത് സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്താരാഷ്ട്ര ആണവ കമ്മിറ്റിയെ അറിയിച്ചിട്ടില്ലെന്നും ചൈന ആരോപിച്ചിരുന്നു. അതേസമയം ചൈന പങ്ക് വെക്കുന്ന തരത്തിലുള്ള ആശങ്ക ജപ്പന്റെ മറ്റൊരു അയല്‍ രാജ്യമായ ദക്ഷിണ കൊറിയ പങ്ക് വെക്കുന്നുണ്ടെങ്കിലും ജപ്പാനെ പൂര്‍ണമായും തള്ളാതെയാണ് അവര്‍ നിലപാടെടുത്തത്. ഫുക്കുഷിമയിലെ വാതക ചോര്‍ച്ച തടയുന്നത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറാനുള്ള ജപ്പാന്‍ ശ്രമത്തെ അഭിനന്ദിക്കുന്നതായി കൊറിയ യു എന്‍ പൊതുസഭയില്‍ അഭിപ്രായപ്പെട്ടിരുന്നു.
ഫുക്കുഷിമ ആണവ നിലയം സംബന്ധിച്ച് സ്വന്തം ജനങ്ങള്‍ക്കിടയില്‍ നിന്നു തന്നെ എതിര്‍പ്പുകള്‍ നേരിടുന്ന ജപ്പാന് ചൈനയുടെ പുതിയ നീക്കം കൂടുതല്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.