Connect with us

Articles

മതേതര ബഹുസ്വരതയുടെ പരിപോഷണത്തിന്‌

Published

|

Last Updated

കേരളത്തിലെ മത ന്യൂനപക്ഷങ്ങളുടെ പ്രത്യേകിച്ച് മുസ്‌ലിം ജനസമൂഹത്തിന്റെ മത നിരപേക്ഷ ശബ്ദമായ മുഖ്യധാരാ മാസികയുടെ പ്രകാശനവും അതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട്ട് നടക്കുന്ന ദേശീയ സെമിനാറും രാജ്യത്തിന്റെ മതേതര ബഹുസ്വരത നേരിടുന്ന വെല്ലുവിളികളെ നേരിടാനുള്ള ദിശാബോധവും വീക്ഷണപരമായ വ്യക്തതയും രൂപപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മത ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംഘ്പരിവാര്‍ തുടര്‍ച്ചയായി നടത്തിവരുന്ന കടന്നാക്രമണങ്ങളും വിദ്വേഷ പ്രചാരണവും വലിയ ആശങ്കയാണ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്. ഭരണഘടന വ്യവസ്ഥ ചെയ്യുന്ന ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതില്‍ യു പി എ സര്‍ക്കാര്‍ ഗുരുതരമായ അനാസ്ഥയാണ് കാണിക്കുന്നത്. കൊക്രാജനിലും മുസഫര്‍ നഗറിലും മുസ്‌ലിം ജനസമൂഹങ്ങള്‍ വേട്ടയാടപ്പെടുകയാണ്. വര്‍ഗീയ കലാപങ്ങളുടെ ഇരകളെ ഐ എസ് ഐ സ്വാധീനിക്കുന്നു എന്നതുപോലുള്ള നിരുത്തരവാദപരമായ പ്രസ്താവനകളിറക്കി സംഘപരിവാറിനെ രാഹുല്‍ ഗാന്ധി സഹായിക്കുന്നു.
ഈയൊരു സാഹചര്യമുപയോഗിച്ച് മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വര്‍ഗീയ തീവ്രവാദ ശക്തികള്‍ സ്വാധീനമുറപ്പിക്കാനുള്ള സംഘടിതമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. വര്‍ഗീയ ഫാസിസവും അതിനെ എതിരിടാനെന്ന വ്യാജേന രംഗപ്രവേശം ചെയ്യുന്ന ന്യൂനപക്ഷ തീവ്രവാദ സംഘടനകളും രാജ്യത്തിന്റെ മതേതര ഘടനയെ തകര്‍ക്കുകയാണ്. ഇത്തരമൊരു സാഹചര്യമാണ് മതന്യൂനപക്ഷങ്ങളെ മതനിരപേക്ഷ നിലപാടില്‍ ഉറപ്പിച്ചു നിര്‍ത്തിക്കൊണ്ട് അവര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്ന അന്വേഷണങ്ങളെ പ്രസക്തമാക്കുന്നത്. 2006ലെ സച്ചാര്‍ കമ്മിറ്റി ചൂണ്ടിക്കാട്ടിയതുപോലെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ സ്ഥിതി വളരെ ശോചനീയമാണ്. ഹിന്ദുത്വ ശക്തികള്‍ ചൂണ്ടിക്കാണിക്കുന്നതു പോലുള്ള ഒരു പുരോഗതിയും അവരുടെ ജീവിതത്തില്‍ ഉണ്ടായിട്ടില്ല. ജസ്റ്റിസ് സച്ചാര്‍ തന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നതു പോലെ മൊറാദാബാദിലും സൂറത്തിലും ഇന്ത്യയിലെ മറ്റ് നഗരങ്ങളിലും പരമ്പരാഗത ചെറുകിട വ്യവസായങ്ങളുടെ തകര്‍ച്ചയോടെ വഴിയാധാരമായ തൊഴിലാളികളില്‍ ഭൂരിപക്ഷവും മുസ്‌ലിംകളാണ്.
എന്നാല്‍ കേരളത്തിലെ മുസ്‌ലിം, ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ സാമൂഹിക സ്ഥിതി ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് മെച്ചമാണെന്ന് പറയാം. മറ്റ് സംസ്ഥാനങ്ങളിലേതു പോലെ മതന്യൂനപക്ഷങ്ങളെന്ന നിലയില്‍ വിവേചനമോ അവശതയോ അത്ര തീക്ഷ്ണമായി അനുഭവപ്പെടുന്നില്ല. പക്ഷേ, സാര്‍വദേശീയ തലത്തിലും ദേശീയ തലത്തിലുമുള്ള സംഭവങ്ങള്‍ ഈ വിഭാഗങ്ങളില്‍ അസ്വസ്ഥതയും അരക്ഷിതബോധവും സൃഷ്ടിക്കുന്നുണ്ട്. ഇതെല്ലാം കേരളത്തിലെ മുസ്‌ലിം മത സമൂഹത്തില്‍ ശക്തമായ ന്യൂനപക്ഷ ബോധം ഉണ്ടാക്കുന്നുണ്ട്. കേരളത്തിന്റെ സവിശേഷമായ ചരിത്ര സാഹചര്യത്തില്‍ ഇടതുപക്ഷം നടത്തിയ സാമൂഹികനീതിക്കു വേണ്ടിയുള്ള സമരങ്ങളും 57ലെ ഇടതുപക്ഷ സര്‍ക്കാറിന്റെ ഭരണ നയങ്ങളുമാണ് ഇന്ത്യയിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ മുസ്‌ലിം സമുദായത്തിന് സാമൂഹിക വിദ്യാഭ്യാസ പുരോഗതി കൈവരിക്കാന്‍ സഹായിച്ചത്.
ന്യൂനപക്ഷ സമുദായങ്ങളില്‍ ഗണ്യമായൊരു വിഭാഗം ഗള്‍ഫ് വരുമാനത്തെ തുടര്‍ന്ന് സാമ്പത്തികമായി ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും കേരളത്തിലെ ഭൂരിപക്ഷ മുസ്‌ലിംകളും ദരിദ്ര സാഹചര്യത്തിലാണ് കഴിയുന്നത്. ഗള്‍ഫ് രാജ്യങ്ങളിലെ സ്വദേശിവത്കരണം മലബാറിലെ പ്രവാസി കുടുംബങ്ങളെ വലിയ ആശങ്കയില്‍ എത്തിച്ചിരിക്കുന്നു. ഭൂമി, സര്‍ക്കാര്‍, തൊഴില്‍, വിദ്യാഭ്യാസസ്ഥിതി തുടങ്ങിയവയില്‍ മുസ്‌ലിം സമുദായം കേരളത്തില്‍ പട്ടികജാതി വിഭാഗങ്ങള്‍ക്കൊപ്പമാണ് എന്ന യാഥാര്‍ഥ്യം പലപ്പോഴും നമ്മുടെ പൊതുസമൂഹം കാണുന്നില്ല.
സാമ്പത്തിക സാമൂഹിക പിന്നാക്കാവസ്ഥയും തങ്ങളുടെ സാംസ്‌കാരിക സ്വത്വത്തിനെതിരെ വളര്‍ന്നുവരുന്ന മോഡിയിസമടക്കമുള്ള ഭീഷണികളും വലിയ അരക്ഷിതബോധവും അന്യതാ ബോധവും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ വളര്‍ത്തുന്നുണ്ട്. ഇതിനെ മുതലെടുത്തുകൊണ്ട് ന്യൂനപക്ഷ സമുദായങ്ങളെ വര്‍ഗീയ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് നയിക്കാനുള്ള സംഘടിതമായ ശ്രമങ്ങളും നടക്കുന്നു.
ആഗോളവത്കരണവും സംഘപരിവാറിന്റെ സാംസ്‌കാരിക ദേശീയതയും ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിട്ടുകൊണ്ട് ന്യൂനപക്ഷങ്ങളുടെ സാംസ്‌കാരിക സ്വത്വവും അവകാശങ്ങളും സംരക്ഷിക്കാന്‍ സാധിക്കുന്ന ഇടപെടലുകളാണ് ഇടതുപക്ഷത്തു നിന്ന് വര്‍ത്തമാന സാഹചര്യം ആവശ്യപ്പെടുന്നത്. ഈയൊരു ബൃഹത്തായ ദൗത്യമാണ് മുഖ്യധാര മാസിക നിര്‍വഹിക്കാന്‍ ശ്രമിക്കുന്നത്. കേരളീയ സാഹചര്യത്തിലെ സവിശേഷതകളില്‍ ഊന്നിനിന്ന് ഇസ്‌ലാമിക സമൂഹത്തെ അഭിസംബോധന ചെയ്യാനാണ് മാസിക ശ്രദ്ധിക്കുന്നത്. ആഗോളവത്കരണം സൃഷ്ടിക്കുന്ന പാര്‍ശ്വവത്കൃത സമൂഹങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ധൈഷണിക അന്വേഷണമാണ് മാസിക സ്വയം ഏറ്റെടുത്തിരിക്കുന്നത്.
മതന്യൂനപക്ഷങ്ങള്‍ക്കിടയില്‍ മത മൗലികവാദ ചിന്തകള്‍ ശക്തിപ്പെടുന്ന സാമൂഹിക സാമ്പത്തിക കാരണങ്ങളെ ശരിയായി മനസ്സിലാക്കിക്കൊണ്ട് മാത്രമേ പൊതുജനാധിപത്യ പ്രസ്ഥാനത്തിന്റെ ഭാഗമായി ഈ വിഭാഗങ്ങളെ അണിനിരത്താനാകൂ. ഇതിനായി നമ്മുടെ നവോത്ഥാന പാരമ്പര്യത്തെയും കൊളോണിയില്‍വിരുദ്ധ സമരാനുഭവങ്ങളെയും കണ്ടെത്തുകയും പഠിക്കുകയും ചെയ്യേണ്ടതുണ്ട്. റൂപ്പര്‍ട്ട് മര്‍ഡോക്കിനെപ്പോലുള്ള മാധ്യമ രാക്ഷസന്‍മാരും സാമുവല്‍ ഹണ്ടിംഗ്ടനെപ്പോലുള്ള വംശീയവാദികളും ഫുക്ക്‌യാമയെപ്പോലുള്ള നവലിബറല്‍ പ്രത്യയശാസ്ത്രകാരന്‍മാരും മാനവികതക്കെതിരെ ആരംഭിച്ചിരിക്കുന്ന ഹിംസാത്മകമായ കടന്നാക്രമണങ്ങളുടെ ഭാഗമാണ് ലോകമെമ്പാടും ന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് നേരെ നടക്കുന്ന വംശഹത്യകളും കലാപങ്ങളും. മോഡിയിസത്തെയും താലിബാനിസത്തെയും ഈയൊരു ചരിത്ര സാമൂഹിക പശ്ചാത്തലത്തിലാണ് മനസ്സിലാക്കേണ്ടതും വിലയിരുത്തേണ്ടതും.
മലബാറിലെ മുസ്‌ലിം സമുദായ നവീകരണത്തില്‍ സ്വാധീനം ചെലുത്തിയ വെളിയംകോട് ഉമര്‍ ഖാസി, സയ്യിദ് അലവി തങ്ങള്‍, മകന്‍ മമ്പുറം സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ തുടങ്ങിയ നവോത്ഥാന നായകരുടെ പാരമ്പര്യത്തെ വീണ്ടെടുക്കണം. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ അന്ത്യം വരെ പോരാടി നിന്ന കുഞ്ഞാലി മരക്കാരുടെയും “ദൈവത്തിന്റെ ഭൂമിക്ക് നികുതി ചുമത്താന്‍ ബ്രിട്ടീഷുകാര്‍ക്ക് എന്ത് അധികാരം” എന്ന് ചോദിച്ച ഉമ്മര്‍ ഖാസിയുടെയും പാരമ്പര്യത്തെ സ്വാംശീകരിക്കുന്ന ഒരു തലമുറക്കേ നവ അധിനിവേശത്തെയും മത രാഷ്ട്രവാദപരമായ പ്രതിലോമാശയങ്ങളെയും പ്രതിരോധിച്ചുകൊണ്ട് സ്വന്തം സമുദായത്തെ പൊതുധാരയിലേക്ക് എത്തിക്കാന്‍ കഴിയൂ. ചരിത്രപരമായി വിവിധ തലങ്ങളില്‍ സംഭവിച്ചുപോയ നീതിനിഷേധത്തിന്റെ അനുഭവങ്ങളാകാം നാനാ വിധമായ വര്‍ഗീയ ഭീകരവാദ സംഘങ്ങളുടെ പിറവിക്ക് കാരണം. പുരോഗമനകാംക്ഷികള്‍ മനസ്സിലാക്കേണ്ടത് നീതി നിഷേധിക്കപ്പെട്ട വിഭാഗങ്ങളെയും നീതി നിഷേധിക്കുന്നവനെയും മൂലധന ശക്തികള്‍ തങ്ങളുടെ അതിജീവനത്തിനായി മാറിമാറി ഉപയോഗിക്കുന്നു എന്ന കാര്യമാണ്.
ആഗോളമൂലധനത്തിന്റെ അധിനവേശ പദ്ധതികളുടെ ഭാഗമായി എല്ലാ വിധ മതവംശീയവാദികളും ജനങ്ങള്‍ക്കിടയിലെ ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും പൊതു പരിസരത്തെ വിഷലിപ്തമാക്കുകയാണ് . സഹിഷ്ണുതയുടെതും സൗഹൃദത്തിന്റെതുമായ ഒരു സംസ്‌കാരം വളര്‍ത്തിയെടുത്തുകൊണ്ടേ ഇന്ത്യ പോലൊരു ബഹുമത സമൂഹത്തില്‍ ന്യൂനപക്ഷങ്ങള്‍ക്ക് അതിജീവനം സാധ്യമാകൂ. സംഘപരിവാര്‍ ഉയര്‍ത്തുന്ന ഹിന്ദുരാഷ്ട്രവാദം ബഹുസ്വരതക്ക് നേരെയുള്ള മരണ വാറണ്ടാണ്. ബഹുസ്വരതയെ അംഗീകരിക്കുക എന്നത് മനുഷ്യ സമൂഹത്തിലെ വൈജാത്യങ്ങളെ അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും കഴിയുന്ന ജനാധിപത്യ ബോധത്തിലേക്ക് സ്വയം വളരുക എന്നതാണ്.
സാമൂഹിക നീതിയുടെയും ദേശീയോദ്ഗ്രഥനത്തിന്റെയും ജനാധിപത്യ പ്രയോഗങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ബഹുസ്വരതയുടെ പങ്കാളിത്തത്തിലധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രീയത്തിനേ കഴിയൂ. ഈയൊരു കാഴ്ചപ്പാടില്‍ നിന്നാണ് മുഖ്യധാര മാസികയുടെ പ്രകാശനവും അതിന്റെ ഭാഗമായ ദേശീയ സെമിനാറും സംഘടിപ്പിച്ചിരിക്കുന്നത്.

ktkozhikode@gmail.com