Connect with us

Wayanad

വയനാടന്‍ ജനതയുടെ ഉറക്കം കെടുത്തി ഗാഡ്ഗില്‍ കമ്മിറ്റി, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍

Published

|

Last Updated

കല്‍പറ്റ: ജില്ലയിലെ വനാതിര്‍ത്തി ഗ്രാമങ്ങള്‍ ആറേഴ് മാസം മുതല്‍ നിഴല്‍ വിരിച്ച കടുത്ത ആശങ്ക ഇപ്പോള്‍ മറ്റിടങ്ങളിലേക്കും വ്യാപിച്ചു.
മുമ്പ് വനാതിര്‍ത്തിയോട് ചേര്‍ന്ന സംവേദക മേഖലയും ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായിരുന്നു ആശങ്കക്ക് അടിസ്ഥാനമെങ്കില്‍ ഇപ്പോള്‍ ഉടന്‍ തന്നെ നടപ്പാക്കാന്‍ പോവുന്ന ഡോ. കസതൂരിരംഗന്‍ ശിപാര്‍ശയും ഇടംപിടിച്ചതാണ് നാട്ടുകാരുടെ ഉറക്കം കെടുത്തുന്നത്. നാലാള്‍ കൂടുന്നേടങ്ങളിലെല്ലാം ചര്‍ച്ച പാരിസ്ഥിതിക സംവേദക മേഖലയും ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെയാണ്. വന്യജീവി കേന്ദ്രത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെല്ലാം നിര്‍ബന്ധമായും പാരിസ്ഥിതിക സംവേദക മേഖല വേണമെന്ന കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കെയാണ് മറ്റിടങ്ങളില്‍ കൂടി ബാധകമായ ഡോ കസ്തൂരിരംഗന്‍ ശിപാര്‍ശ നടപ്പാക്കാനൊരുങ്ങുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാലും വനാതിര്‍ത്തി പ്രദേശങ്ങളില്‍ സംവേദക മേഖല പ്രഖ്യാപിക്കാതിരിക്കാന്‍ കഴിയില്ലെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രണ്ടും കൂടിയാവുമ്പോള്‍ ജനവാസ കേന്ദ്രങ്ങളുടെ വികസനമാകെ മുരടിക്കുമെന്ന് മാത്രമല്ല, രണ്ട് മൂന്ന് പതിറ്റാണ്ട് മുന്‍പുള്ള അവസ്ഥയിലേക്ക് മടങ്ങേണ്ടിവരുമെന്നാണ് നാട്ടുകാരുടെ ആശങ്ക. സംവേദക മേഖലയില്‍ തങ്ങളുടെ കൃഷിയിടങ്ങള്‍ ഉള്‍പ്പെടുമോയെന്നതായിരുന്നു നേരത്തെ വനാതിര്‍ത്തി ഗ്രാമങ്ങളിലെ ഓരോരുത്തരുടേയും ആശങ്ക. കടുവ സങ്കേതമായാല്‍ ഉണ്ടാവാനിടയുള്ള നിയന്ത്രണങ്ങളെല്ലാം സംവേദക മേഖലയിലും പടിപടിപടിയായി വരുമെന്ന് തന്നെയാണ് കര്‍ഷകരുടെ വിശ്വാസം. മുന്‍പ് കാടിനോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങള്‍ക്കെല്ലാം വന്‍ ഡിമാന്റായിരുന്നു. ടൂറിസവുമായി ബന്ധപ്പെട്ട് റിസോര്‍ട്ടുകളും മറ്റും നിര്‍മിക്കാന്‍ സംരംഭകര്‍ ഇത്തരം ഭൂമികള്‍ തേടിയെത്തി. പുതിയ സാഹചര്യത്തില്‍ വനാതിര്‍ത്തി ഗ്രാമങ്ങളിലേക്കുള്ള ഭൂമി അന്വേഷകരുടെ എണ്ണം തീരെ കുറഞ്ഞുവെന്ന് മാത്രമല്ല, അഡ്വാന്‍സ് കൊടുത്ത ഭൂമി കച്ചവടം പോലും അലസിപ്പോവുകയുമാണ്. രജിസ്‌ട്രേഷന്‍ അവധി കഴിഞ്ഞിട്ടും അഡ്വാന്‍സ് കൊടുത്തവര്‍ എത്തുന്നില്ല. ചെറിയ വിലയില്‍ പോലും ഭൂമി വില്‍പന വനാതിര്‍ത്തി ഗ്രാമങ്ങളില്‍ നടക്കുന്നില്ല. പാരിസ്ഥിതിക സംവേദക മേഖല പ്രഖ്യാപിച്ചാല്‍ മരംമുറിയില്‍ അടക്കം കടുത്ത നിയന്ത്രണം വരുമെന്ന് കണക്കാക്കി പണത്തിന് അത്യാവശ്യമുള്ളവര്‍ ചെറുമരങ്ങള്‍ പോലും വെട്ടിവിറ്റിട്ടുണ്ട്. പ്ലൈവുഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ലോബി ഇത്തരം മരങ്ങള്‍ കുറഞ്ഞ വിലയില്‍ കൈക്കലാക്കുകയായിരുന്നു. കൃഷിയിടങ്ങളില്‍ നിന്നുള്ള വരുമാനം കുറഞ്ഞതോടെ ജീവിതം വഴിമുട്ടിനില്‍ക്കുന്നവരാണ് ഈ ലോബിയുടെ വലയില്‍ വീണത്.
ഡോ കസ്തൂരിരംഗന്‍ ശിപാര്‍ശ ജില്ലയിലെ 13 വില്ലേജുകളെയാണ് ബാധിക്കുക. വയനാടിന്റെ നാലിലൊന്നോളം ഭാഗം ശിപാര്‍ശ പ്രകാരം അതീവ പരിസ്ഥിതിലോല പ്രദേശമാവും. കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് നിര്‍ദേശിച്ച പ്രകാരമുള്ള പാരിസ്ഥിതിക സംവേദക മേഖല കൂടി നടപ്പാവുന്നതോടെ വലിയ നിര്‍മാണ പ്രവൃത്തികള്‍ക്കും കരിങ്കല്‍ ക്വാറികള്‍ക്കും മണല്‍ഖനനത്തിനുമൊക്കെ കടുത്ത നിയന്ത്രണം വരും. കൃഷിയിടത്തില്‍ ഇപ്പോഴത്തെ കൃഷി മാറ്റി പകരം മറ്റെന്തെങ്കിലും പരീക്ഷിക്കാന്‍ പോലും നിയമം തടസമാവുമെന്നാണ് കര്‍ഷകരുടെ കണക്ക്കൂട്ടല്‍. വന്യമൃഗശല്യം സഹിച്ചും പിറന്ന മണ്ണില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചവര്‍ക്ക് മുന്‍പില്‍ ഇനിയെന്തെന്നതാണ് ചോദ്യം. ഉള്ളഭൂമി വിറ്റ് ഇത്തരം ഭീഷണിയില്ലാത്ത മറ്റെവിടെയെങ്കിലും പോയി കുറഞ്ഞ ഭൂമി വാങ്ങി വീട് വെച്ച് താമസിക്കാമെന്ന് കരുതാന്‍ വയ്യ. കാരണം ഭീഷണികളൊന്നുമില്ലാത്ത ഭാഗത്ത് ഭൂമി വില മനസില്‍ കണക്കാക്കുന്നതിലും എത്രയോ അധികമാണ്. വയനാട്ടിലും ഭൂമി വില കുതിക്കുകയായിരുന്നു ആറ് മാസം മുന്‍പ് വരെ.
റിയല്‍ എസ്റ്റേറ്റ് മാഫിയയുടെ കടന്നുകയറ്റവും നിക്ഷേപ സാധ്യതയുമാണ് വയനാട് പോലുള്ള കാര്‍ഷിക മേഖലകളില്‍ പോലും മണ്ണിന്റെ മൂല്യം ഉയരാന്‍ ഹേതുവായത്. ഒന്നും രണ്ടും ഏക്കര്‍ ഭൂമി സ്വന്തമായുള്ള ചെറുകിട-നാമമാത്ര കര്‍ഷകര്‍ വരെ മൂല്യം കണക്കാക്കുമ്പോള്‍ ലക്ഷാധിപതികളുടെ സ്ഥാനത്തേക്ക് എത്തിയിരുന്നു. വിലകൂടിയതോടെ, പൈതൃക സ്വത്തൊന്നുമില്ലാത്ത കൂലിവേലക്കാരും ആദിവാസികളും അടക്കമുള്ളവര്‍ക്ക് സ്വന്തമായി ഭൂമിയെന്ന ആഗ്രഹം എത്തിപ്പിടിക്കാന്‍ കഴിയാതായി. വയനാടന്‍ ഗ്രാമങ്ങളില്‍ രണ്ട് വര്‍ഷം മുന്‍പ് വരെ അഞ്ച് മുതല്‍ പത്ത് ലക്ഷം വരെ വിലയുണ്ടായിരുന്ന ഭൂമിക്ക് പോലും ഏറ്റവും ചുരുങ്ങിയത് 30 ലക്ഷത്തോളമായി ഉയര്‍ന്നിരുന്നു. ഭൂമി വില മനസില്‍ നിരൂപിക്കാന്‍ കഴിയുന്നതിനും അപ്പുറം കടന്നതോടെ ഭൂരഹിതരായ പാവപ്പെട്ടവരുടെ ആഗ്രഹത്തിനും കടിഞ്ഞാണിടുകയായിരുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ ഭൂമി എടുത്തവര്‍ പലരും ഇതിനകം റിസോര്‍ട്ട് നിര്‍മാണം ആരംഭിക്കുകയോ പൂര്‍ത്തിയാക്കുകയോ ചെയ്തിട്ടുണ്ട്.
വനവും തോടുമൊക്കെയുള്ള പ്രദേശങ്ങളിലെല്ലാം ഒന്നും രണ്ടും റിസോര്‍ട്ടുകള്‍ കാണാം. ഇവയില്‍ പലതും പാരിസ്ഥിതിക സംവേദക മേഖലാ പ്രഖ്യാപനം നടപ്പാകുന്ന മുറക്ക് പൂട്ടേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. മുതുമല കടുവ സങ്കേതത്തോട് ചേര്‍ന്ന ഗൂഡല്ലൂര്‍ താലൂക്കിലെ മസിനഗുഡി, റിസോര്‍ട്ടുകള്‍ക്ക് പേരുകേട്ട പ്രദേശമായിരുന്നു. ഹിന്ദിയിലെ മെഗാസ്റ്റാറുകള്‍ക്ക് വരെ മസിനഗുഡിയില്‍ വനമധ്യത്തില്‍ റിസോര്‍ട്ട് ഉണ്ടായിരുന്നു. കടുവ സങ്കേത പ്രഖ്യാപനത്തോടെ ഇവയെല്ലാം പൂട്ടിപ്പോയി. ഈ അവസ്ഥ വയനാട്ടിലും വരുമെന്നാണ് ഇപ്പോള്‍ സംരംഭകര്‍ കണക്കാക്കുന്നത്. വയനാട്ടിലെ വനമേഖലയിലും നിയന്ത്രണങ്ങള്‍ വരുന്നതോടെ ഇനി ഒരിക്കലും ഉള്ളഭൂമി വിറ്റ് മറ്റെവിടെയ്‌ക്കെങ്കിലും പോവാന്‍ കഴിയില്ലെന്ന് കൈവശ കര്‍ഷകരും കണക്കാക്കുന്നു. ശിഷ്ട ജീവിതം മണ്ണിനോടും വന്യമൃഗത്തോടും മല്ലടിച്ച് ഇവിടെ തന്നെയെന്ന് അവര്‍ കരുതുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും അതിനൊപ്പം വനാതിര്‍ത്തിയില്‍ പാരിസ്ഥിതിക സംവേദക മേഖലയുമാവുമ്പോള്‍ വയനാടിന്റെ മിക്കഭാഗങ്ങളിലും വികസനം മുരടിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നൂല്‍പ്പുഴ, തിരുനെല്ലി, തൊണ്ടര്‍നാട് തുടങ്ങിയ പഞ്ചായത്തുകളില്‍ ഇതിനകം തന്നെ ഭൂമി ക്രയവിക്രയം ഏറെക്കുറെ നിലച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ വിജ്ഞാപനമായി ഇറങ്ങിയാല്‍ ഈ പ്രദേശങ്ങളിലെ ക്രയവിക്രയം പൂര്‍ണമായും നിലക്കുമെന്ന് കര്‍ഷകര്‍ കണക്കാക്കുന്നു.

Latest