ചങ്ങരംകുളത്തെ ഗ്യാസ് ഏജന്‍സി പൂട്ടിയിട്ടു

Posted on: November 6, 2013 12:47 am | Last updated: November 6, 2013 at 12:47 am

ചങ്ങരംകുളം: മാസങ്ങള്‍ പിന്നിട്ടിട്ടും ഗ്യാസ് കണക്ഷന്‍ നല്‍കാതെ വട്ടം കറക്കിയ ഏജന്‍സിയുടെ നടപടിയില്‍ പ്രതിഷേധിച്ച് യുവാവ് ഗ്യാസ് ഏജന്‍സി പൂട്ടിയിട്ടു. ചങ്ങരംകുളത്തെ ഇന്ത്യന്‍ ഏജന്‍സിയുടെ ഓഫീസാണ് പുന്നയൂര്‍കുളം സ്വദേശിയായ യുവാവ് പൂട്ടിയിട്ടത്.
ഇന്നലെ രാവിലെ ജീവനക്കാര്‍ ഓഫീസ് തുറക്കാനെത്തിയപ്പോള്‍ ഏജന്‍സിയുടെ ഷട്ടറിന് മറ്റൊരുപൂട്ട് കൂടിയിട്ടിരിക്കുകയായിരുന്നു. ഈസമയം പൂട്ടിട്ട യുവാവ് സമീപത്ത് നിന്നും തന്നെ ദ്രോഹിച്ച ഗ്യാസ് ഏജന്‍സിയുടെ നിലപാട് വിവരിക്കുകയും തനിക്ക് നീതികിട്ടാന്‍ മറ്റൊരുന്നും ചെയ്യാനാകാത്തതിനെതുടര്‍ന്നാണ് തന്റെ ഭാഗത്ത് നിന്നും ഈ നടപടിയെന്നും പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി ഇയാളില്‍ നിന്നും താക്കോല്‍ വാങ്ങിയ ശേഷമാണ് പൂട്ട് തുറക്കാനായത്. മൂന്നുമാസം മുന്‍പ് ഇയാള്‍ക്ക് ഗ്യാസ് കണക്ഷന്‍ പാസായിരുന്നു. പിന്നീട് ഓരോ തടസങ്ങളും അവധികളും പറഞ്ഞതനുസരിച്ച് യുവാവ് നിരവധിതവണ ഓഫീസില്‍ കയറിയിറങ്ങിയെങ്കിലും കണക്ഷന്‍ നല്‍കിയിരുന്നില്ല.
ചങ്ങരംകുളത്തെ ഇന്ത്യന്‍ ഗ്യാസ് ഏജന്‍സിക്കെതിരെ വ്യാപകമായ പരാതികള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ആവശ്യക്കാര്‍ക്കും അര്‍ഹരായവര്‍ക്കും കണക്ഷനും സിലിന്‍ഡറും നല്‍കാതെ കബളപ്പിക്കുന്നതായും പരാതിയുണ്ട്. ആവശ്യത്തിന് സ്റ്റാഫുകളും സൗകര്യങ്ങളും ഓഫീസില്‍ ഇല്ലെന്ന് ആരോപണമുണ്ട്. പ്രായമയവരും സ്ത്രീകളും ഉള്‍പ്പെടെയുള്ള ഉപഭോക്താക്കള്‍ മണിക്കൂറുകളോളം റോഡില്‍ ക്യൂനിന്നാണ് ആവശ്യങ്ങള്‍ക്കായി ഓഫീസിലെത്തുന്നത്. എന്നാല്‍ ഈപരാതികള്‍ ജീവനക്കാര്‍ ചെവികൊള്ളാറില്ലെന്നും പരിഹരിക്കാറില്ലെന്നും ആക്ഷേപമുണ്ട്. ആവശ്യങ്ങള്‍ക്കായി ഫോണ്‍വിളിച്ചാല്‍ എടുക്കറില്ലെന്നും. ബുക്ക്‌ചെയ്ത സിലിണ്ടറുകള്‍ വീട്ടിലെത്തിക്കാറില്ലെന്നും ആവശ്യക്കാര്‍ വാഹനമെടുത്ത് ഓഫീസില്‍ നിന്നും കൊണ്ടുപോകേണ്ട സാഹചര്യമാണ് ഇവിടെയുള്ളതെന്നും ആക്ഷേപമുണ്ട്. ചിലസമയങ്ങളില്‍ വാഹനങ്ങളെടുത്ത് വന്നാലും അര്‍ഹതയുള്ളവര്‍ക്ക് സിലിണ്ടറുകള്‍ നല്‍കാറില്ലെന്നും പരാതിയുണ്ട്.
ഗ്യാസ് ഏജന്‍സിയില്‍ വ്യാപകമായ ക്രമക്കേടുകളും തിരിമറിയും നടക്കുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. സംഭവ സ്ഥലത്ത് പോലീസെത്തി യുവാവിനെ കൊണ്ട്‌പോയെങ്കിലും നാട്ടുകാരും സാമൂഹ്യപ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്ന് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.