വിദേശ നയത്തില്‍ മാറ്റം വേണം: പ്രധാനമന്ത്രി

Posted on: November 6, 2013 6:08 am | Last updated: November 5, 2013 at 11:34 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ വിദേശ നയത്തില്‍ കാതലായ മാറ്റങ്ങള്‍ വരുത്തണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്. മുതിര്‍ന്ന നയതന്ത്ര വിദഗ്ധരുടെ യോഗത്തില്‍ സംബന്ധിക്കവെയാണ് പ്രധാനമന്ത്രിയുടെ അഭിപ്രായപ്രകടനം. ആഗോളതലത്തില്‍ ഇന്ത്യയുടെ സാന്നിധ്യവും ഇടപെടലും സജീവമാക്കുന്നതിന് നിലവിലുള്ള നയത്തില്‍ അപാകങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ശ്രീലങ്കയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് രാഷ്ട്രത്തലവന്‍മാരുടെ യോഗത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കരുതെന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള മന്ത്രിമാരും ജനപ്രതിനിധികളും ആവശ്യപ്പെട്ട സാഹചര്യത്തിലാണ് മന്‍മോഹന്‍ സിംഗിന്റെ നിലപാടെന്നത് ശ്രദ്ധേയമാണ്.
പ്രധാനമന്ത്രിയുടെ വിദേശ നയം സംബന്ധിച്ച നിലപാടുകളില്‍ പലപ്പോഴും എതിര്‍പ്പ് സാധാരണയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് മന്ത്രിമാര്‍ തന്നെ ശ്രീലങ്കന്‍ പ്രശ്‌നത്തില്‍ എതിര്‍പ്പുമായി രംഗത്ത് വന്നിട്ടുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും പ്രധാനമന്ത്രിക്കെതിരെ രംഗത്ത് വന്നിരുന്നു. ബംഗ്ലാദേശുമായി നദീജലം പങ്കിടുന്ന വിഷയത്തില്‍ വിദേശനയത്തിലെ അപാകം ബംഗാളിന് ദോഷകരമാകുന്നുവെന്നാണ് മമതയുടെ നിലപാട്. ബംഗ്ലാദേശിന്റെ നിലപാട് സംസ്ഥാന താത്പര്യങ്ങള്‍ക്ക് എതിരാണെന്നും അവര്‍ പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെടുത്താന്‍ നിരവധി പ്രതിബന്ധങ്ങളുണ്ടെന്നും യു പി എയുടെ വിദേശ നയത്തില്‍ മാറ്റം വേണമെന്നും അദ്ദേഹം പറഞ്ഞു.