കോര്‍പറേഷന്‍ പരസ്യനികുതി പിരിവ്; വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Posted on: November 5, 2013 8:00 am | Last updated: November 5, 2013 at 8:00 am

കോഴിക്കോട്: കോര്‍പറേഷന്‍ 2010 മുതല്‍ 2013 വരെയുള്ള വര്‍ഷങ്ങളില്‍ പരസ്യനികുതി പിരിച്ചതും പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിച്ചതിനെ കുറിച്ചും അന്വേഷണം നടത്താന്‍ വിജിലന്‍സ് കോടതി പ്രത്യേക ജഡ്ജി വി ജയറാം ഉത്തരവിട്ടു. കോര്‍പ്പറേഷന്‍ അഴിമതി വിരുദ്ധ ക്യാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ കെ പി വിജയകുമാര്‍ നല്‍കിയ ഹരജിയിലാണ് ഉത്തരവ്. പരസ്യ ഇടപാടില്‍ ഉള്‍പ്പെടെയുള്ള എട്ട് ആരോപണങ്ങളില്‍ കോഴിക്കോട് വിജിലന്‍സ് ഡി വൈ എസ് പി അന്വേഷണം നടത്തി 2014 ഫെബ്രുവരി നാലിന് മുമ്പ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണമെന്നാണ് ഉത്തരവ്.
മേയര്‍ പ്രൊഫ. എ കെ പ്രേമജം, ഡെപ്യൂട്ടി മേയര്‍ പ്രൊഫ. പി ടി അബ്ദുല്‍ലത്വീഫ്, ഭരണകക്ഷിനേതാവ് എം മോഹനന്‍, വരുണ്‍ ഭാസ്‌ക്കര്‍, പി നിഖില്‍ എന്നിവര്‍ എതിര്‍കക്ഷികളായാണ് ഹരജി.
കോര്‍പറേഷന്‍ റവന്യൂ വിഭാഗത്തിലെ 14 ഉദ്യോഗസ്ഥരും കുറ്റം ചെയ്തതായി ഹരജിയില്‍ ആരോപിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തിനിടിയില്‍ പൊതുഖജനാവിന് ആറ് കോടി രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നാണ് ഹരജിക്കാരന്‍ ആരോപിച്ചിരിക്കുന്നത്.
കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ ഫഌഡ് ലൈറ്റ് സ്ഥാപിച്ചത്, തടി നികുതി പിരിവ്, ലിങ്ക് റോഡിലെ വാടക നിശ്ചയിച്ചത്, കോവൂര്‍ കമ്യൂണിറ്റി ഹാള്‍ നിര്‍മാണം, അങ്കണ്‍വാടി ഭൗതിക സാഹചര്യം മെച്ചപ്പെടുത്തല്‍ പദ്ധതി, 30 ലക്ഷം പലിശ ഇനത്തില്‍ നഷ്ടപ്പെടുത്തിയത് തുടങ്ങിയവയാണ് മറ്റ് ആരോപണങ്ങള്‍.