ടി പി വധം: ഏഴ് പ്രതികള്‍ ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍

Posted on: November 5, 2013 7:59 am | Last updated: November 5, 2013 at 7:59 am

കോഴിക്കോട്: ടി പി ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിനായി ഏഴ് പ്രതികള്‍ ഗൂഢാലോചന നടത്തിയിരുന്നതായി പ്രോസിക്യൂഷന്‍. സി പി എം കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ സി രാമചന്ദ്രന്‍, ഒഞ്ചിയം മുന്‍ ഏരിയാ സെക്രട്ടറി സി എച്ച് അശോകന്‍, ഏരിയാ കമ്മിറ്റി അംഗം കെ കെ കൃഷ്ണന്‍, പാനൂര്‍ കടുങ്ങാംപൊയില്‍ ബ്രാഞ്ച് സെക്രട്ടറി ട്രൗസര്‍ മനോജന്‍, കുന്നോത്തുപറമ്പ് ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിബാബു, പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തന്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി മോഹനന്‍ എന്നിവര്‍ വ്യത്യസ്ത രീതിയില്‍ ഗൂഢാലോചനയില്‍ ഭാഗമായതായാണ് പ്രോസിക്യൂട്ടര്‍ പ്രധാനമായും വാദിച്ചത്.
ടി പിയുടെ ഭാര്യ രമയുള്‍പ്പെടെയുള്ള സാക്ഷികള്‍ പ്രതികള്‍ക്കെതിരെ നല്‍കിയ മൊഴികളും അന്തിമവാദത്തില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ ചൂണ്ടിക്കാട്ടി.
ചന്ദ്രശേഖരന്‍ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് പ്രതികള്‍ക്ക് അദ്ദേഹത്തെ കാണിച്ചുകൊടുക്കുന്നതിനായാണ് പടയങ്കണ്ടി രവീന്ദ്രന്‍ ഗൃഹപ്രവേശ കത്ത് നല്‍കിയത്.
കേസിലെ 27-ാം പ്രതി സി രജിത്തിനും 28-ാം പ്രതി പി എം റമീഷിനുമായിരുന്നു ടി പിയെ കാണിച്ചുകൊടുത്തത്. സംഭവം നടക്കുമ്പോള്‍ കെ സി രാമചന്ദ്രന്‍ സ്ഥലത്തുണ്ടായിരുന്നു. ഇക്കാര്യം സാക്ഷി വിസ്താരത്തിനിടെ പ്രോസിക്യൂഷന്‍ സാക്ഷി ഷിജില്‍ മൊഴി നല്‍കിയിരുന്നു. ഗൂഢാലോചന നടന്ന പടയങ്കണ്ടി രവീന്ദ്രന്റെ ഓര്‍ക്കാട്ടേരിയിലെ പൂക്കട കെ സി രാമചന്ദ്രന്‍ പോലീസിന് കാണിച്ചുകൊടുത്തിരുന്നു. ഇതുസംബന്ധിച്ച് സാക്ഷിയായ പ്രമോദ് കോടതിയില്‍ മൊഴി നല്‍കിയിരുന്നതായും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.