Connect with us

Science

ചുവന്ന സ്വപ്നത്തിലേക്കുള്ള കൗണ്ട് ഡൗണ്‍ തുടങ്ങി

Published

|

Last Updated

ചെന്നൈ: ഇന്ത്യയുടെ സ്വപ്‌ന പദ്ധതി ചിറക് വിടര്‍ത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാജ്യത്തിന്റെ ആദ്യ ചൊവ്വാ ദൗത്യമായ മംഗള്‍യാന്‍ ചൊവ്വാഴ്ച വിക്ഷേപിക്കും. ഐ എസ് ആര്‍ ഒയുടെ ചൊവ്വാ ദൗത്യത്തിനുള്ള കൗണ്ട് ഡൗണ്‍ ഇന്നലെ രാവിലെ 6.08ന് ആന്ധ്രാപ്രദേശിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ തുടങ്ങി. അമ്പത്തിയാറര മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന കൗണ്ട് ഡൗണിനൊടുവില്‍ നാളെ ഉച്ചക്ക് 2.38ന് ബഹിരാകാശ പേടകവുമായി പി എസ് എല്‍ വി- സി 25 ചുവന്ന ഗ്രഹമെന്നറിയപ്പെടുന്ന ചൊവ്വയിലേക്ക് കുതിക്കും.
വിക്ഷേപണത്തിന്റെ അവസാനത്തെ എട്ട് മണിക്കൂര്‍ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച ശേഷം കഴിഞ്ഞ വെള്ളിയാഴ്ച ചൊവ്വാ ഭ്രമണപഥ ദൗത്യത്തിനുള്ള അനുമതി ലഭിച്ചിരുന്നു. വിക്ഷേപണം നടത്തി നാല്‍പ്പത് മിനുട്ടിനുള്ളില്‍ മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തും. പോര്‍ട്ട് ബ്ലെയറിലെയും ബംഗളൂരുവിലെയും വെഹിക്കിള്‍ ട്രാക്കിംഗ് സ്റ്റേഷനുകളില്‍ നിന്നായിരിക്കും വിക്ഷേപണ വാഹനമായ പി എസ് എല്‍ വി റോക്കറ്റിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുക. ദക്ഷിണ പസഫിക് സമുദ്രത്തിലെ ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ എസ് സി ഐ നളന്ദ, എസ് സി ഐ യമുന എന്നീ കപ്പലുകളിലും സിഗ്നലുകള്‍ സ്വീകരിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
വിക്ഷേപണത്തിനു ശേഷം 20 – 25 ദിവസം ഭൂമിയെ വലംവെച്ച ശേഷമാണ് ചൊവ്വയുടെ ഭ്രമണപഥത്തിലേക്ക് പോകുക. ആദ്യമായി മറ്റൊരു ഗ്രഹത്തെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യ അയക്കുന്ന ഉപഗ്രഹം മുന്നൂറ് ദിവസത്തെ സഞ്ചാരത്തിനു ശേഷം അടുത്ത വര്‍ഷം സെപ്തംബര്‍ 24നാണ് ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിച്ചേരുക. ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് 372 കിലോ മീറ്റര്‍ മാത്രം അകലെയുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിഞ്ഞ് ചൊവ്വയിലെ വിവരങ്ങള്‍ ശേഖരിച്ച് അയക്കുക എന്നതാണ് മംഗള്‍യാന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടോയെന്നാണ് മംഗള്‍യാന്‍ പ്രധാനമായും പരിശോധിക്കുക. അഞ്ച് പേ ലോഡുകളാണ് പേടകത്തില്‍ ഉണ്ടാകുക. 1350 കിലോഗ്രാമാണ് മംഗള്‍യാന്‍ പേടകത്തിന്റെ ഭാരം.
450 കോടി രൂപ ചെലവ് വരുന്ന ഇന്ത്യയുടെ ചൊവ്വാ ദൗത്യം വിജയകരമാകുകയാണെങ്കില്‍ ഈ ലക്ഷ്യം കൈവരിക്കുന്ന അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, റഷ്യ എന്നിവക്ക് മാത്രം ഇതുവരെ കഴിഞ്ഞ നേട്ടം ഇന്ത്യക്കും അവകാശപ്പെടാനാകും.

---- facebook comment plugin here -----

Latest