Connect with us

Malappuram

ജനസമ്പര്‍ക്ക പരിപാടി നാളെ മലപ്പുറം എം എസ് പിയില്‍

Published

|

Last Updated

മലപ്പുറം: മുഖ്യമന്ത്രിയുടെ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി നാളെ എം എസ് പി ഗ്രൗണ്ടില്‍ നടക്കും. അപേക്ഷ സമര്‍പ്പിച്ച് പങ്കെടുക്കാന്‍ എത്തുന്നവരെ സഹായിക്കാന്‍ വിപുലമായ സൗകര്യങ്ങളോടെ രാവിലെ എട്ട് മുതല്‍ എന്‍ക്വയറി കൗണ്ടര്‍ പ്രവര്‍ത്തിക്കും. ഗ്രൗണ്ടിന് പുറത്ത് പ്രവേശന കവാടത്തോട് ചേര്‍ന്ന് പാസ് വിതരണത്തിനുള്ള കൗണ്ടറുകള്‍ സജ്ജീകരിക്കും. മുന്‍കൂട്ടി അപേക്ഷകള്‍ സമര്‍പ്പിച്ചവര്‍ക്കാണ് പാസുകള്‍ വിതരണം ചെയ്യുക.
മുഖ്യമന്ത്രി നേരിട്ട് വേദിയില്‍ വച്ച് പരിഗണിക്കുന്ന 378 പേര്‍ക്ക് മഞ്ഞ നിറത്തിലുള്ള പാസും മറ്റു വിവിധ വകുപ്പുകളുടെ 33 കൗണ്ടറുകളില്‍ നിന്നും ആനുകൂല്യം കൈപ്പറ്റേണ്ടവര്‍ക്ക് റോസ് നിറത്തിലുള്ള പാസും നല്‍കും. പാസ് കിട്ടിയവര്‍ ഗ്രൗണ്ടില്‍ പ്രവേശന കവാടത്തിനു സമീപമള്ള എന്‍ക്വയറി കൗണ്ടറിലെത്തണം.
പരാതി പരിഹാരത്തിന് ഏത് കൗണ്ടറിലെത്തണമെന്ന് ഇവിടെനിന്ന് നിര്‍ദേശിക്കും. 15 കമ്പ്യൂട്ടറുകളും 40 ജീവനക്കാരേയും എന്‍ക്വയറി കൗണ്ടറില്‍ വിന്യസിക്കും. അപേക്ഷകരുടെ സംശയങ്ങള്‍ക്ക് പ്രിന്റ് ചെയ്ത മറുപടി ലഭ്യമാക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കും. അപേക്ഷകരുടെ സംശയ നിവാരണത്തിന് വിവിധ വകുപ്പുകളുടെ 13 കൗണ്ടറുകളും എന്‍ക്വയറിക്ക് സമീപം പ്രവര്‍ത്തിക്കും.
സി-ഡിററില്‍ നിന്നും ലഭിച്ച ക്ഷണക്കത്തുകള്‍ പരിശോധിച്ചതിനുശേഷം മാത്രമേ ഉച്ചക്ക് ഒരു മണിക്ക് മുമ്പുള്ള സെഷനില്‍ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കടത്തിവിടുകയുള്ളു.
പരിപാടിക്കായി മികച്ച സൗകര്യങ്ങളാണ് എം എസ് പി ഗ്രൗണ്ടില്‍ ഒരുക്കിയിരിക്കുന്നത്. പങ്കെടുക്കാന്‍ വരുന്നവര്‍ക്ക് സൗകര്യങ്ങളൊരുക്കാന്‍ എം എസ് പിയുടെ 200 ഓളം ട്രെയിനികളും മേല്‍മുറി ക്യാമ്പിലെ 100 ഓളം ട്രെയിനികളും രംഗത്തുണ്ടാകും.
എം എസ് പി അസി.കമാന്റഡന്റ് ഇ കെ വിശ്വഭംരനാണ് നോഡല്‍ ഓഫീസര്‍. രാവിലെ ഒന്‍പതു മുതല്‍ പരിപാടി തീരുന്നതു വരെ ഗ്രൗണ്ടിന്റെ നാലു ദിശയിലും എം എസ് പിയുടെ കാന്റീന്‍ പ്രവര്‍ത്തിക്കും.
പൊതുജനങ്ങളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനായി എം എസ് പി സ്‌കൂള്‍ ഗ്രൗണ്ടില്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഇവിടെ 1000 ഓളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ടായിരിക്കും. ഔദ്യോഗിക വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി എം എസ് പി റെയ്ഞ്ച് വര്‍ക്ക് ഷോപ്പില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്.
ഗ്രൗണ്ടില്‍ എം എസ് പിയുടെ രണ്ട് ആബുലന്‍സുകള്‍ സദാ സജ്ജമായിരിക്കും ഇതു കൂടാതെ പൊതുജനങ്ങള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അസി.കമാന്റഡന്റ് ഇ.കെ.വിശ്വഭംരന്‍ അറിയിച്ചു. രാതികളുടെ പരിഹാരത്തിനായെത്തുന്നവരെ സഹായിക്കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൗണ്ടറുകള്‍ സജ്ജമാക്കും.

Latest