Connect with us

International

സിറിയന്‍ സൈനിക കേന്ദ്രത്തില്‍ ഇസ്‌റാഈല്‍ ആക്രമണം

Published

|

Last Updated

ദമസ്‌കസ്: സിറിയയിലെ സൈനിക കേന്ദ്രത്തിന് നേരെ ഇസ്‌റാഈലിന്റെ വ്യോമാക്രമണം. തീരദേശ നഗരമായ ലതാകിയയിലെ സൈനിക കേന്ദ്രങ്ങള്‍ നേരെയാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയതെന്ന് യു എസ് വക്താക്കളെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു. സിറിയന്‍ സൈന്യത്തിന്റെ ശക്തികേന്ദ്രമായ ലതാകിയയില്‍ വിമതര്‍ ആക്രമണം നടത്തിയിയെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. വിമത പ്രക്ഷോഭം ശക്തമായ സിറിയയില്‍ ഇസ്‌റാഈല്‍ സൈന്യം ഈ വര്‍ഷം നടത്തുന്ന ആറാമാത്തെ ആക്രമണമാണിത്. റഷ്യന്‍ നിര്‍മിത മിസൈലുകള്‍ ലക്ഷ്യംവെച്ച് സൈനിക കേന്ദ്രത്തിലെ ആയുധ ശേഖരത്തിലാണ് ഇസ്‌റാഈല്‍ വ്യോമാക്രമണം നടത്തിയത്.
ബുധനാഴ്ച രാത്രി ആരംഭിച്ച ആക്രമണം വ്യാഴാഴ്ചയാണ് അവസാനിച്ചത്. സ്‌നുബാര്‍ ജബ്‌ലിഹ് ഭാഗത്തെ സിറിയന്‍ പ്രതിരോധ വ്യോമകേന്ദ്രത്തിലാണ് ആക്രമണം ഉണ്ടായതെന്നും തുടരെ തുടരെ നിരവധി ഷെല്ലുകള്‍ പ്രദേശത്ത് പതിച്ചതായും സിറിയന്‍ മനുഷ്യാവകാശ സംഘടനാ വക്താക്കള്‍ വ്യക്തമാക്കി.
ലബനാനിലെ ഹിസ്ബുല്ല പോരാളികള്‍ക്കുള്ള ആയുധങ്ങളാണിതെന്നും ഇവയില്‍ രാസായുധങ്ങളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപിച്ചാണ് ഇസ്‌റാഈല്‍ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ഇല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ കുറിച്ച് സിറിയന്‍ ഔദ്യോഗിക വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല. ആക്രമണത്തിന് പിന്നില്‍ ഇസ്‌റാഈല്‍ സൈന്യമാണെന്ന് സിറിയയിലെ വിമത, പ്രതിപക്ഷ നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.
എന്നാല്‍, സിറിയയിലെ ഭൂരിപക്ഷം രാസായുധങ്ങളും നശിപ്പിച്ചിട്ടുണ്ടെന്നും ശേഷിക്കുന്നവ നിരീക്ഷണത്തിലാണെന്നും രാസായുധ നിരോധന സംഘടനയായ ഒ പി സി ഡബ്ല്യു വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇസ്‌റാഈലിന്റെ ആരോപണവും ആക്രമണവും.
ഒ പി സി ഡബ്ല്യുയുടെ നേതൃത്വത്തില്‍ നടക്കുന്ന രാസായുധ നശീകരണം വിജയകരമാണെന്നും ആയിരത്തോളം ടണ്‍ രാസായുധ ശേഖരം പൂട്ടി മുദ്രവെച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ഔദ്യോഗിക വക്താക്കള്‍ അറിയിച്ചിരുന്നു. രാസായുധ നശീകരണത്തിന് സിറിയന്‍ സര്‍ക്കാര്‍ ഒ പി സി ഡബ്ല്യുവിന് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. രാജ്യത്തെ 23 രാസായുധ കേന്ദ്രങ്ങളില്‍ 21ലും വിദഗ്ധ സംഘം പരിശോധന നടത്തിയിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് കേന്ദ്രങ്ങളിലെ പരിശോധന വിമത ആക്രമണത്തെ തുടര്‍ന്ന് താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. അടുത്ത വര്‍ഷം പകുതിയോടെ സിറിയയിലെ രാസായുധം പൂര്‍ണമായും നശിപ്പിക്കുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഒ പി സി ഡബ്ല്യു മേധാവി അറിയിച്ചു.

Latest