‘ഗോധ്ര’ ക്കു ശേഷമുള്ള കലാപത്തിന് മോഡിയെ കുറ്റം പറയാനാകില്ലെന്ന് കെ പി എസ് ഗില്‍

Posted on: November 1, 2013 2:32 pm | Last updated: November 1, 2013 at 2:36 pm

kps gillന്യൂഡല്‍ഹി: ഗോധ്ര സംഭവത്തിനുശേഷമുണ്ടായ കലാപത്തിന് ഗുജറാത്ത് മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താന്‍ കഴിയില്ലെന്നും ഒരു കലാപം തടയുക എന്നത് പോലീസിന്റെ ഉത്തരവാദിത്തമാണെന്നും മുന്‍ പഞ്ചാബ് ഡി ജി പിയും 2002ല്‍ നരേന്ദ്രമോഡിയുടെ സുരക്ഷാ ഉപദേഷ്ടാവുമായിരുന്ന കെ പി എസ് ഗില്‍ പറഞ്ഞു. ഗോധ്ര സംഭവത്തിനുശേഷമുള്ള സാഹചര്യത്തെ മോഡി കൈകാര്യം ചെയ്തതിനെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഗില്‍.

തന്റെ ജീവചരിത്രമായ ‘ കെ പി എസ് ഗില്‍: ദി പാരമൗണ്ട് കോപ്’ എന്ന പുസ്തക പ്രകാശനത്തിനുശേഷമാണ് ഗില്‍ ഇതു പറഞ്ഞത്.

ഗുജറാത്ത് കലാപം തടയാന്‍ സദുദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചയാളാണ് മോഡിയെന്ന് ഗില്‍ തന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. മോഡി വിരുദ്ധരും ബി ജെ പി വിരുദ്ധരുമാണ് മോഡിക്കെതിരെയുള്ള പരാമര്‍ശത്തിനു പിന്നിലെന്നും ഗില്‍ കുറ്റപ്പെടുത്തി.

മുന്‍ സി ബി ഐ ഡയറക്ടര്‍ പി സി ശര്‍മ, ഇന്ത്യന്‍ എക്‌സ്പ്രസ് എഡിറ്റര്‍ ഇന്‍ ചീഫ് ശേഖര്‍ ഗുപ്ത തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്നു ഗില്ലിന്റെ പരാമര്‍ശം.