ഗ്യാസ് ടാങ്കറുകള്‍ക്കും ടിപ്പര്‍ ലോറികള്‍ക്കും സമയക്രമം

Posted on: November 1, 2013 2:00 pm | Last updated: November 1, 2013 at 2:16 pm

കാസര്‍കോട്: റോഡ് സുരക്ഷാ കൗണ്‍സിലിന്റെ തീരുമാന പ്രകാരം ടിപ്പര്‍ലോറികള്‍ക്കും ഗ്യാസ് ടാങ്കറുകള്‍ക്കും ജില്ലയില്‍ സര്‍വീസ് നടത്തുന്നതിനുള്ള സമയ ക്രമം നിശ്ചയിച്ചു. ടിപ്പര്‍ ലോറികളും ഗ്യസ് ടാങ്കറുകളും രാവിലെ എട്ടു മണി മുതല്‍ 10 മണി വരെയും ഉച്ച കഴിഞ്ഞ് മൂന്ന് മണിക്കും അഞ്ചു മണിക്കും ഇടയില്‍ സര്‍വീസ് നടത്താന്‍ പാടില്ലാ എന്നാണ് തീരുമാനം. കുറ്റക്കാര്‍ക്കെതിരെ ഡ്രൈവിംഗ് ലൈസന്‍സ്, പെര്‍മിറ്റ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ ടി ഒ അറിയിച്ചു.
ജില്ലാ പരിധിയില്‍ മത്സ്യം കയറ്റി പോകുന്ന വാഹനങ്ങളില്‍ നിന്നും മീന്‍ വെള്ളം ഒഴുകി പാതയോരത്ത് വസിക്കുന്നവര്‍ക്കും റോഡ് ഉപയോക്താക്കള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാകുന്നതിന്റെ അടിസ്ഥാനത്തില്‍ ഇപ്രകാരം മലിന ജലം ഒഴുക്കി സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് റോഡ് സുരക്ഷാ കൗണ്‍സില്‍ തീരുമാനമെടുത്തു.