ഭക്ഷ്യസുരക്ഷ ജീവസുരക്ഷ: ജൈവകൃഷി ക്യാമ്പയിന്‍ ഇന്നു തുടങ്ങും

Posted on: November 1, 2013 6:07 am | Last updated: November 1, 2013 at 2:08 pm

കാസര്‍കോട്: കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ മഹിളാ കിസാന്‍ സശാക്തീകരണ പരിയോജനപദ്ധതിയിലുള്‍പ്പെടുത്തി കുടുംബശ്രീ മിഷന്‍ ഭക്ഷ്യ സുരക്ഷ ജീവ സുരക്ഷ എന്ന പേരില്‍ ജൈവകൃഷി ക്യാമ്പയിന് തുടക്കം കുറിക്കുന്നു.

2653 ജെ എല്‍ ജി ഗ്രൂപ്പുകളില്‍നിന്നായി 12,953 ജൈവകൃഷി അംഗങ്ങള്‍ക്ക് ജൈവകൃഷിയില്‍ പരിശീലനം നല്‍കുന്നു. ഭക്ഷ്യവിളകളായ വാഴ, നെല്ല്, പച്ചക്കറി, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണ് പ്രധാനമായും കൃഷി ചെയ്യുന്നത്.
നാടന്‍ പശുവിന്റെ ചാണകം കൊണ്ടുള്ള ജീവാമൃതം ഉപയോഗിച്ച് പ്രകൃതി കൃഷിയില്‍ 100 ജെ എല്‍ ജി ഗ്രൂപ്പിന് പരിശീലനം നല്‍കുന്നു. ആട് ഗ്രാമം, ക്ഷീര സാഗരം പദ്ധതികളെ സംയോജിപ്പിച്ച് കൊണ്ട് ജൈവവള യൂണിറ്റും, സമ്മിശ്ര കൃഷി യൂണിറ്റുകളും രൂപവത്കരിക്കും. നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കുന്ന ജില്ലയിലെ അഞ്ച് ജെ എല്‍ ജികള്‍ക്ക് 5000 രൂപ ഗ്രന്റായി നല്‍കും.
ജെ എല്‍ ജി ഗ്രൂപ്പുകള്‍ക്ക് കാര്യശേഷി വികസനം, സാങ്കേതിക പരിശീലനങ്ങളും ജൈവകൃഷി മാതൃകാപരമായി ചെയ്യുന്ന കര്‍ഷകരുടെ കൃഷിയിടങ്ങളില്‍ നല്‍കും. നാടന്‍ വിത്തിനങ്ങള്‍ സംരക്ഷിക്കുന്നതിനായി സീഡ് ബാങ്ക് രൂപവത്കരിക്കും. ഈ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുന്നതിന് ജില്ലയിലെ എല്ലാ സി ഡി എസ്സിനു കീഴിലും മഹിളാ കര്‍ഷക സഹായകേന്ദ്രങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. സംഘകൃഷി ചെയ്യുന്ന ജെ എല്‍ ജികളില്‍നിന്ന് കൃഷിയില്‍ വിദഗ്ദ്ധരായ മഹിള കര്‍ഷകരെ മാസ്റ്റര്‍ ഫാര്‍മേഴ്‌സായി തിരഞ്ഞെടുത്തിട്ടുണ്ട്. ഇവരാണ് കര്‍ഷക സഹായ കേന്ദ്രത്തിന്റെ ഭാരവാഹികള്‍.
കര്‍ഷകസഹായകേന്ദ്രത്തിനു 50,000 രൂപ കാര്‍ഷിക ഉപകരണങ്ങള്‍ വാങ്ങാന്‍ ധന സഹായം നല്‍കും. സി ഡി എസ്സില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ ജെ എല്‍ ജികള്‍ക്കും ഒരു ലക്ഷം രൂപവരെയുള്ള പലിശ രഹിത വായ്പ ലഭ്യമാക്കും.