കുടിയേറ്റ കര്‍ഷകര്‍ക്ക് വിരുദ്ധമായ റിപ്പോര്‍ട്ടുകള്‍ നടപ്പാക്കാന്‍ അനുവദിക്കില്ല: രമേശ് ചെന്നിത്തല

Posted on: November 1, 2013 11:21 am | Last updated: November 1, 2013 at 11:21 am

സുല്‍ത്താന്‍ബത്തേരി: കുടിയേറ്റകര്‍ഷകര്‍ക്ക് വിരുദ്ധമായ ഒരു റിപ്പോര്‍ട്ടും നടപ്പിലാക്കാന്‍ അനുവദിക്കില്ലെന്ന് കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഇന്ദിരാജി സ്മൃതിസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗാഡ്കില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് ആശങ്കകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വയനാട്ടിലെ കുടിയേറ്റ കര്‍ഷകരെ ബാധിക്കുന്ന വിധത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കാന്‍ കോണ്‍ഗ്രസ് അനുവദിക്കില്ല. മനുഷ്യനും പരിസ്ഥിതിയും ഒരുമിച്ച് പോകുന്ന തരത്തിലുള്ള വികസനമാണ് നടപ്പിലാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി പി എം ചരിത്രത്തിലെ ഏറ്റവും വലിയ വിഭാഗീയതയാണ് നേരിടുന്നത്.
കൃഷ്ണപിള്ളയുടെ സ്മാരകം തകര്‍ക്കാനുള്ള കാരണവും ഈ വിഭാഗീയതയാണ്. വിഭാഗീയത മറച്ചുവെക്കാന്‍ സി പി എം അക്രമങ്ങള്‍ ആസൂത്രണം ചെയ്യുകയാണ്. മുഖ്യമന്ത്രിക്ക് നേരെയുണ്ടായ അക്രമവും അതിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കാതെ മുന്നോട്ടുപോകാനാണ് ശ്രമമെങ്കില്‍ അത് ശക്തമായി തന്നെ നേരിടും. കോണ്‍ഗ്രസ് എന്നും സമാധാനപരമായ പ്രതിഷേധമാര്‍ഗമാണ് സ്വീകരിക്കാറുള്ളത്. അല്ലെങ്കില്‍ മുഖ്യമന്ത്രിക്ക് നേരെ അക്രമമുണ്ടായപ്പോള്‍ ഹര്‍ത്താലോ പണിമുടക്കോ നടത്താമായിരുന്നു.
മുഖ്യമന്ത്രിയെ സഞ്ചരിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ അത് സംഘടിതമായി തന്നെ നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. വയനാട് അഭിമുഖീകരിക്കുന്ന മറ്റൊരു പ്രശ്‌നം രാത്രികാലഗതാഗത നിരോധനമാണ്. രാത്രികാല ഗതാഗതനിരോധനം നീക്കിക്കിട്ടുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും എം പിയുമടക്കം ബാംഗ്ലൂരില്‍ പോയി നിരവധി തവണ ചര്‍ച്ച നടത്തിയിട്ടുണ്ട്. വികസനപ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷികമേഖലയിലെ മാറ്റങ്ങള്‍ക്കും വേണ്ടി ജില്ലയിലെ ജനപ്രതിനിധികള്‍ സദാസമയം പ്രവര്‍ത്തിക്കുന്നുണ്ട്. മുമ്പ് കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഇടതുമുന്നണി സമരം ചെയ്യുമായിരുന്നു. എന്നാല്‍ യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിരവധി വികസനപ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. തൊഴിലുറപ്പ് പദ്ധതിയും, വിദ്യാഭ്യാസപദ്ധതിയും, എല്ലാവര്‍ക്കും ഭക്ഷണം ഉറപ്പാക്കുന്ന ഭക്ഷ്യസുരക്ഷാപദ്ധതിയും അതില്‍ പ്രധാനപ്പെട്ടത് മാത്രമാണ്. കേന്ദ്രത്തിന്റെ എല്ലാ ആനൂകൂല്യങ്ങളും ദ്രുതഗതിയില്‍ ജില്ലയിലെത്തിക്കാന്‍ എം പിക്ക് സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയെ പ്രതിസന്ധികളില്‍ നിന്നും കര കയറ്റി രാജ്യത്തെ മുന്നോട്ടുനയിക്കാന്‍ കഴിയുന്ന ഏകശക്തി കോണ്‍ഗ്രസ് മാത്രമാണ്. സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയതോടെയാണ് ഇന്ത്യയില്‍ ശക്തമായ ഒരു സര്‍ക്കാരുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാജി സ്മൃതിസംഗമത്തോട് അനുബന്ധിച്ച് ജില്ലയുടെ മുക്കിലും മൂലയിലും നിന്നും പതിനായിരക്കണക്കിന് പ്രവര്‍ത്തകര്‍ ഒഴുകിയെത്തിയതോടെ വയനാട്ടിലെ ഏറ്റവും വലിയ പ്രസ്ഥാനം കോണ്‍ഗ്രസാണെന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ഡി സി സി പ്രസിഡന്റ് കെ എല്‍ പൗലോസ് അധ്യക്ഷനായിരുന്നു. എം പിമാരായ എം ഐ ഷാനവാസ്, കെ സുധാകരന്‍, മന്ത്രി പി കെ ജയലക്ഷ്മി, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ എം പി ജാക്‌സണ്‍, കെ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, വി എ നാരായണന്‍, സജിജോസ്, കെ പി സി സി സെക്രട്ടറിമാരായ അഡ്വ. കെ ജയന്ത്, സക്കീര്‍ഹുസൈന്‍, കെ കെ അബ്രഹാം, എം എസ് വിശ്വനാഥന്‍, മുന്‍ ഡി സി സി പ്രസിഡന്റുമാരായ സി പി വര്‍ഗീസ്, എന്‍ ഡി അപ്പച്ചന്‍, പ്രഫ. കെ പി തോമസ്, പി വി ബാലചന്ദ്രന്‍, കെ പി സി സി അംഗങ്ങളായ എ പ്രഭാകരന്‍മാസ്റ്റര്‍, ഡി പി രാജശേഖരന്‍, പി ടി ഗോപാലക്കുറുപ്പ്, ഡി സി സി വൈസ് പ്രസിഡന്റുമാരായ കെ വി പോക്കര്‍ഹാജി, കെ സി നാണു, കെ കെ വിശ്വനാഥന്‍, ഡി സി സി ജനറല്‍ സെക്രട്ടറിമാരായ വി എ മജീദ്, എ പി ശ്രീകുമാര്‍, പി പി ആലി, ടി ജെ ഐസക്, സി അബ്ദുള്‍ അഷ്‌റഫ്, ഗോകുല്‍ദാസ് കോട്ടയില്‍, എം എ ജോസഫ്, വി എന്‍ ലക്ഷ്മണന്‍, എന്‍ കെ വര്‍ഗീസ്, ശകുന്തള ഷണ്‍മുഖന്‍, അച്ചപ്പന്‍ കുറ്റിയോട്ടില്‍, പി എം പ്രസന്നസേനന്‍, വി വി നാരായണവാര്യര്‍, എന്‍ എം വിജയന്‍, എം ജി ബിജു, ഒ എം ജോര്‍ജ്ജ്, ശ്രീകാന്ത് പട്ടയന്‍, പി ഡി സജി ബ്ലോക്ക് പ്രസിഡന്റുമാരായ ടി ജെ ജോസഫ്, പി എം സുധാകരന്‍, പി വി ജോണ്‍, കെ ജെ പൈലി, പി കെ കുഞ്ഞിമൊയ്തീന്‍, കെ എം ആലി, മണ്ഡലംപ്രസിഡന്റുമാര്‍, പോഷകസംഘടനാഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.