ജില്ലയില്‍ അധ്യയനം അവതാളത്തില്‍; ആശങ്കയോടെ രക്ഷിതാക്കള്‍

Posted on: November 1, 2013 11:05 am | Last updated: November 1, 2013 at 11:05 am

വണ്ടൂര്‍: കലോത്സവങ്ങളും പരീശീലനങ്ങളും തുടങ്ങി അധ്യാപക സ്ഥലം മാറ്റവും സജീവമായതോടെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അധ്യായനം അവതാളത്തിലാകുന്നു.
വിദ്യാഭ്യാസം കുട്ടിയുടെ മൗലിക അവകാശമാക്കുകയും അധ്യയനം നഷ്ടപ്പെടുത്തുന്നത് കുറ്റകരവുമാണെങ്കിലും എല്ലാം പഴയപടി തുടരുകയാണ്.
ഉപജില്ലാ, ജില്ലാ തലങ്ങളിലുള്ള ശാസ്ത്രമേള,കായികമേള, ഉപജില്ല, ജില്ലാ, സംസ്ഥാന സംസ്ഥാനകലോല്‍സവം തുടങ്ങിയവക്കെല്ലാം ധാരാളം അധ്യാപകരുടെ സേവനം അത്യാവശ്യമാണ്. കൂടാതെ അധ്യാപകരുടെ പരിശീലനം, സ്ഥലം മാറ്റം തുടങ്ങിയവയും ഇതിനിടയില്‍ നടക്കുന്നുണ്ട്.
ഇതോടെ പൊതുവിദ്യാലയങ്ങളിലെ നിരവധി അധ്യാപകര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്‌കൂളിന് പുറത്താണ്. അധ്യാപകരില്ലാത്തതിനാല്‍ മിക്ക സ്‌കൂളുകളിലും ബദല്‍ സംവിധാനവുമില്ല.നിലവില്‍ ഓണപരീക്ഷക്ക് പൂര്‍ത്തിയാക്കേണ്ട പാഠ ഭാഗങ്ങള്‍പോലും പൂര്‍ത്തിയാക്കാത്ത നിരവധി സ്‌കൂളുകള്‍ ജില്ലയിലുണ്ട്. തുടര്‍ന്ന് അധ്യാപകരുടെ അവധിക്ക് ശേഷം ലഭിക്കുന്ന പഠന ദിവസങ്ങളില്‍ അമിത വേഗതയില്‍ പാഠഭാഗങ്ങള്‍ വേഗത്തില്‍ എടുത്തു തീര്‍ക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. കലാ, കായിക മേളകളുടെ നടത്തിപ്പിനായും മറ്റു സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കുമായി ദീര്‍ഘകാലം സ്‌കൂളുകളില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വരുന്നതിന് ബദല്‍ സംവിധാനം വേണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.