സ്‌കൂളില്‍ ശിരോവസ്ത്രം വിലക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

Posted on: November 1, 2013 10:00 am | Last updated: November 1, 2013 at 10:00 am

hijabആലപ്പുഴ: മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ധരിക്കുന്നതിനെ സ്‌കൂള്‍ അധികൃതര്‍ വിലക്കരുതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം നല്‍കണമെന്നും കമ്മീഷന്‍ അംഗം ആര്‍ നടരാജന്‍ ചീഫ് സെക്രട്ടറിയോട് ശിപാര്‍ശ ചെയ്തു. ശിരോവസ്ത്രം ധരിച്ചെത്തിയതിന്റെ പേരില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി നബാലയെ ബിലീവേഴ്‌സ് ചര്‍ച്ച് സ്‌കൂളില്‍ നിന്ന് പുറത്താക്കിയ കേസ് പരിഗണിക്കുകയായിരുന്നു അദ്ദേഹം. പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശിരോവസ്ത്ര നിരോധം നിലനില്‍ക്കുന്നു എന്ന് കാണിച്ച് കമ്മീഷന് നിരവധി പരാതികള്‍ വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ചിട്ടുണ്ട്. സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്കും സി ബി എസ് ഇ അതോറിറ്റിക്കും സര്‍ക്കാര്‍ നിര്‍ദേശം നല്‍കണം. ശിരോവസ്ത്രം ധരിക്കുന്നത് വിദ്യാര്‍ഥികളുടെ മതപരമായ അവകാശമാണ്. സര്‍ക്കാറിന്റെ ഇടപെടല്‍കൊണ്ട് മതസ്പര്‍ധ തടയാന്‍ കഴിയുമെന്നും കമ്മീഷന്‍ വലയിരുത്തി.
നബാലയുടെ കേസ് സംബന്ധിച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറോടും സ്‌കൂള്‍ അധികൃതരോടും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി ഡി നല്‍കിയ വിശദീകരണത്തിലാണ് കുട്ടി ശിരോവസ്ത്രം ധരിച്ച് സ്‌കൂളിലെത്തിയെന്ന് ചൂണ്ടിക്കാട്ടി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി പറയുന്നത്. കേസ് അടുത്ത സിറ്റിംഗിലേക്ക് മാറ്റിവച്ചു. 2010 മെയി മാസത്തിലാണ് ആലപ്പുഴ കോമളപുരം ബിലിവിയേഴ്‌സ് ചര്‍ച്ച് സ്‌കൂളില്‍ മണ്ണഞ്ചേരി സ്വദേശിനിയായ നസീര്‍ മുസ്‌ലിയാരുടെ മകള്‍ നബാലയെ ശിരോവസ്ത്രം ധരിക്കുന്നതുമായി ബന്ധപ്പെട്ട് സ്‌കൂളില്‍ നിന്ന് ടി സി നല്‍കി പറഞ്ഞയച്ചത്. ഇതുസംബന്ധിച്ച് വന്ന പത്രവാര്‍ത്തയെ തുടര്‍ന്നാണ് കമ്മീഷന്‍ സ്വമേധയ കേസെടുത്തത്. ഒരു മനുഷ്യാവകാശ സംഘടനയും സ്‌കൂളിന്റെ നടപടിക്കെതിരെ കമ്മീഷനെ സമീപിച്ചിരുന്നു.