Connect with us

Gulf

ദുബൈ മക്തൂം രാജ്യാന്തര വിമാനത്താവളം ഇന്ന് യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും

Published

|

Last Updated

ദുബൈ: ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായേക്കാവുന്ന അല്‍ മക്തൂം ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ഇന്ന് യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കും. യൂറോപ്പിലെ ബജറ്റ് വിമാനമായ “വീസ് എയര്‍” ആണ് ഇവിടെ നിന്ന് ആദ്യം പറക്കുക. ബുഡാപെസ്റ്റിലേക്കാണ് യാത്ര. ബുഡാപെസ്റ്റ്, കീവ് എന്നിവിടങ്ങളിലേക്കും തിരിച്ചും ആഴ്ചയില്‍ നാല് സര്‍വീസ് ഉണ്ടാകും. ബുക്കാറെസ്റ്റ്, സോഫിയ എന്നിവിടങ്ങളിലേക്കും തിരിച്ചും മൂന്ന് സര്‍വീസ് ഉണ്ടാകും.

ഹംഗറി, ഉക്രൈന്‍, ബള്‍ഗേറിയ, റൊമേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് നിരക്ക് കുറഞ്ഞ വിമാനയാത്ര യു എ ഇ ആഗ്രഹിക്കുന്നുണ്ടെന്ന് വിസ് എയര്‍ വക്താവ് പറഞ്ഞു.
ഈ മാസം 31 മുതല്‍ കുവൈത്തിലേക്കും തിരിച്ചും ആഴ്ചയില്‍ രണ്ട് സര്‍വീസ് നടത്തുമെന്ന് ജസീറ എയര്‍വേസ് ചെയര്‍മാന്‍ മര്‍വാന്‍ ബുദായി അറിയിച്ചു. ഡിസം. എട്ടിന് ഗള്‍ഫ് എയര്‍ ബഹ്‌റൈന്‍ സര്‍വീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
200 ലധികം ചതുരശ്ര കിലോമീറ്ററില്‍ 3,200 കോടി ഡോളര്‍ ചെലവ് ചെയ്താണ് വിമാനത്താവളം പണിയുന്നത്. കാര്‍ഗോ സര്‍വീസ് കഴിഞ്ഞ വര്‍ഷം തുടങ്ങിയിരുന്നു. യാത്രാ വിമാനങ്ങളുടെ സേവനം ഘട്ടംഘട്ടമായി വര്‍ധിക്കും. 2020 ഓടെ പൂര്‍ണ സജ്ജമാകും. നാല് ടെര്‍മിനലുകളാണ് ഉണ്ടാവുക. ഇന്ന് ഒരു ടെര്‍മിനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതോടെ പ്രതിവര്‍ഷം അഞ്ച് ലക്ഷം പേരെ ഉള്‍ക്കൊള്ളും.
ദുബൈ വേള്‍ഡ് സെന്‍ട്രല്‍ എന്ന പേരില്‍ ലോകത്തിലെ വലിയ സ്വതന്ത്ര വ്യാപാര മേഖല പണിയുന്നതിന്റെ ഭാഗമാണ് മക്തൂം രാജ്യാന്തര വിമാനത്താവളം. ജബല്‍ അലി, അറേബ്യന്‍ റാഞ്ചസ്, മീഡിയാ സിറ്റി തുടങ്ങിയ കേന്ദ്രങ്ങള്‍ക്കു സമീപവുമാണിത്.