Connect with us

Kannur

ആറളം ഫാം തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്

Published

|

Last Updated

ഇരിട്ടി: ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്ത ഫാം മാനേജ്‌മെന്റിന്റെ വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി സംഘടനകളുടെ നേതൃത്വത്തില്‍ ഈ മാസം 28 മുതല്‍ ഫാമില്‍ അനിശ്ചിതകാല സമരമാരംഭിക്കുമെന്ന് സംഘടന നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സംസ്ഥാനത്തെ മറ്റ് ഫാമുകളിലെ ശമ്പളവും ആനുകൂല്യങ്ങളും തങ്ങള്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ തൊഴിലാളികള്‍ സമരപ്രഖ്യാപനവുമായി മുന്നോട്ടുവന്നിട്ടുണ്ടെങ്കിലും അപ്പോഴൊക്കെ നിഷേധാത്മക സമീപനം സ്വീകരിച്ച് ഫാം മാനേജ്‌മെന്റ് തൊഴിലാളികളെ വഞ്ചിക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ മെയ് മാസം പട്ടികവര്‍ഗ വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ തൊഴിലാളി നേതാക്കളും ഫാം മാനേജ്‌മെന്റുമായി തിരുവനന്തപുരത്ത് വെച്ച് നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികള്‍ക്ക് സര്‍വീസ് ഗ്രേഡ് തിരിച്ച് സംസ്ഥാനത്തെ മറ്റ് ഫാമുകളിലെ തൊഴിലാളികളുടേതിന് സമാനമായി ശമ്പളവും ആനുകൂല്യങ്ങളും നല്‍കാന്‍ തത്വത്തില്‍ തീരുമാനിച്ചിരുന്നു. ഇതനുസരിച്ച് 2013 മെയ് മാസം മുതല്‍ ആഗസ്റ്റ് വരെയുള്ള വര്‍ധിച്ച ശമ്പളത്തിന്റെ തോത് കണക്കാക്കി കുടിശ്ശികയും തൊഴിലാളികള്‍ക്ക് നല്‍കി. മെയ് മാസത്തിന് മുമ്പുള്ള മുന്‍കാല പ്രാബല്യവും പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് ഉറപ്പ് നല്‍കിയെങ്കിലും ഫാം മാനേജ്‌മെന്റ് നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ഫാമില്‍ വര്‍ഷങ്ങളായി ജോലി ചെയ്യുന്ന ദിവസവേതന തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, പ്ലാന്റേഷന്‍ തൊഴിലാളികളെ കാര്‍ഷികതൊഴിലാളികളായി അംഗീകരിച്ച് ശമ്പളവും ആനുകൂല്യങ്ങളും നല്‍കുക തുടങ്ങിയാവശ്യങ്ങള്‍ കൂടി ഉന്നയിച്ചാണ് തൊഴിലാളികള്‍ സമരരംഗത്തിറങ്ങുന്നത്. തൊഴിലാളികളുടെ ഏറ്റവും ന്യമായ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സമര നോട്ടീസ് നല്‍കുമ്പോഴൊക്കെ ചര്‍ച്ചകള്‍ മാത്രം നടത്തി പിരിയുന്ന അവസ്ഥ ഇനി അനുവദിക്കില്ലെന്ന് ഫാമിന്റെ മുഴുവന്‍ മേഖലകളും സ്തംഭിപ്പിച്ചുകൊണ്ടുള്ള സമരമാണ് ആരംഭിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.
പത്രസമ്മേളനത്തില്‍ കെ ടി ജോസ്, കെ കെ ജനാര്‍ദ്ദനന്‍, പി ഡി ജോസ്, ആന്റണി ജേക്കബ്, പി രാജന്‍, കെ എന്‍ ജോസഫ്, ടി എം ഷാജി എന്നിവര്‍ പങ്കെടുത്തു.