Connect with us

Kozhikode

താമരശ്ശേരിയില്‍ ജില്ലാ ജയില്‍ നിര്‍മിക്കുന്നു

Published

|

Last Updated

താമരശ്ശേരി: ജയിലിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി താമരശ്ശേരിയില്‍ ജില്ലാ ജയില്‍ സ്ഥാപിക്കുന്നു. താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ അധീനതയില്‍ കോരങ്ങാട്ടുള്ള 75 സെന്റ് സ്ഥലമാണ് ജില്ലാ ജയില്‍ നിര്‍മാണത്തിനായി വിട്ടുകൊടുക്കുന്നത്. ഇതിന്റെ ഭാഗമായി ജയില്‍ ഡി ജി പി ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ പി എസ് താമരശ്ശേരിയിലെത്തി ജയില്‍ സ്ഥാപിക്കാനുള്ള സ്ഥലം സന്ദര്‍ശിച്ചു. ഡി ഐ ജി ശിവദാസ് കെ തൈപറമ്പില്‍, നോഡല്‍ ഓഫീസര്‍ മാത്യു തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരടങ്ങിയ സംഘമാണ് ജയില്‍ സ്ഥാപിക്കാനുള്ള സ്ഥലം സന്ദര്‍ശിച്ചത്.
മുന്നൂറ് തടവുകാര്‍ക്കാണ് ജയിലില്‍ സൗകര്യമുണ്ടാകുക. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ അഞ്ച്‌കോടി രൂപ അനുവദിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള റോഡ് ജയില്‍ വകുപ്പ് ടാറിംഗ് നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍, സെക്രട്ടറി വിജയകുമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവരുമായി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
പ്രദേശം ജയില്‍ നിര്‍മാണത്തിന് അനുയോജ്യമാണെന്നാണ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയത്. അടിവാരം മുതലുള്ള കോഴിക്കോട് റൂറല്‍ ജില്ലയില്‍ നിന്നുള്ള തടവുകാരെ സന്ദര്‍ശിക്കാനായി ബന്ധുക്കള്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കേണ്ട അവസ്ഥക്ക് മാറ്റം വരുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സമയലാഭവും സര്‍ക്കാറിന് സാമ്പത്തിക ലാഭവും ഉണ്ടാകുമെന്നും ജയില്‍ ഡി ജി പി പറഞ്ഞു. സ്ഥലം ഗ്രാമപഞ്ചായത്തിന്റെ അധീനതയിലായതിനാല്‍ നടപടികള്‍ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു.
താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിക്ക് സമീപത്തായി ജയില്‍ വരുന്നത് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമാകും. താലൂക്കായി പ്രഖ്യാപിക്കപ്പെട്ട താമരശ്ശേരിയുടെ വികസന ചരിത്രത്തില്‍ ജില്ലാ ജയില്‍കൂടി ഉള്‍പ്പെടുന്നതോടെ മലയോര വികസനത്തിന് ആക്കം കൂടും.