Connect with us

Gulf

ഷാര്‍ജയില്‍ ഇന്ത്യന്‍ കണ്ടാമൃഗത്തിന് കുഞ്ഞു പിറന്നു

Published

|

Last Updated

ഷാര്‍ജ: അല്‍ ബുസ്താന്‍ സുവോളജിക്കല്‍ സെന്ററിലെ അന്തേവാസിയായ ഇന്ത്യന്‍ കണ്ടാമൃഗത്തിന് കുഞ്ഞ് പിറന്നു. മധ്യപൂര്‍വദേശത്ത് ആദ്യമായാണ് ഒരു ഇന്ത്യന്‍ കണ്ടാമൃഗം കുഞ്ഞിന് ജന്മം നല്‍കുന്നതെന്നാണ് അനുമാനം. ഈ മാസം 13ന് രാത്രി 8.41നായിരുന്നു അമ്മ ആശ 58 കിലോഗ്രാം തൂക്കംവരുന്ന ആണ്‍ കണ്ടാമൃഗത്തിന് വാണിജ്യേതര ആവശ്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന കാഴ്ചബംഗ്ലാവില്‍ ജന്മം നല്‍കിയത്.

470 ദിവസം ഗര്‍ഭം ചുമന്ന ശേഷമാണ് മൂന്നു മണിക്കൂര്‍ നീണ്ട പ്രയത്‌നത്തിനൊടുവില്‍ ആശ കുഞ്ഞിനെ പ്രസവിച്ചത്. എല്ലാം പെട്ടെന്നായിരുന്നുവെന്ന് സെന്ററിലെ വെറ്റിനറി നേഴ്‌സായ കാതെ ബേണ്‍സ് വെളിപ്പെടുത്തി. ആശയെ ഞങ്ങള്‍ക്കാര്‍ക്കും സഹായിക്കേണ്ടി വന്നില്ല. സംഭവം നിരീക്ഷിക്കാനും അത്യാഹിതഘട്ടം വന്നാല്‍ നേരിടാനും മൃഗഡോക്ടര്‍മാരുടെ വന്‍ സംഘം കാഴ്ചബംഗ്ലാവില്‍ തമ്പടിച്ചിരുന്നു. അവന്‍ സുഖമായിരിക്കുന്നു. കുസൃതിയായ അവനെ നോക്കുന്നത് തന്നെ ആനന്ദം നല്‍കുന്ന കാര്യമാണെന്നും അവര്‍ പറഞ്ഞു.
കുഞ്ഞിന് ഇതുവരെയും പേരിട്ടിട്ടില്ല. അധികം വൈകാതെ പേരിടുമെന്നാണ് അറിയുന്നത്. മേഖലയില്‍ ആദ്യമായാണ് കണ്ടാമൃഗത്തിന് കുഞ്ഞുപിറക്കുന്നതെന്ന് സെന്റര്‍ മാനേജര്‍ മെയര്‍ ഡി കോക്ക് വ്യക്തമാക്കി. ആശ ഇതിന് മുമ്പും രണ്ട് തവണ ഗര്‍ഭിണിയാവുകയും പ്രസവിക്കുകയും ചെയ്തുരുന്നെങ്കിലും രണ്ട് കുഞ്ഞുങ്ങളും പ്രസവത്തില്‍ മരിക്കുകയായിരുന്നു. ഇത് ആശയുടെ ആദ്യ ലൈവ് ബെര്‍ത്താണ്. അഞ്ച് വിഭാഗത്തില്‍പ്പെട്ട കണ്ടാമൃഗങ്ങളില്‍ ഇന്ത്യന്‍ കണ്ടാമൃഗങ്ങള്‍ മാത്രമാണ് പ്രകൃതിദത്തമല്ലാത്തിടങ്ങളില്‍ കുഞ്ഞിന് ജന്മം നല്‍കുന്നത്.
ആഫ്രിക്ക, മധ്യപൂര്‍വ മേഖല, തെക്കേ അമേരിക്ക തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള അത്യപൂര്‍വ ജീവികളെയാണ് അല്‍ ബുസ്താന്‍ സൂവോളജിക്കല്‍ സെന്ററില്‍ സംരക്ഷിക്കുന്നത്. വംശനാശ ഭീഷണി നേരിടുന്ന ഇന്ത്യന്‍ കണ്ടാമൃഗങ്ങളെ ഇന്റെര്‍നാഷ്ണല്‍ യൂണിയന്‍ ഓഫ് കണ്‍സര്‍വേഷന്‍ ഫോര്‍ നെച്വര്‍ റെഡ് ലിസ്റ്റിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2007ല്‍ നടത്തിയ പഠനത്തില്‍ 2,575 ഇത്തരം കണ്ടാമൃഗങ്ങള്‍ മാത്രമാണ് ഭൂമുഖത്ത് അവശേഷിക്കുന്നതെന്നാണ് കണക്കാക്കുന്നത്.
കൊമ്പിനായുള്ള വേട്ടയാണ് ഇവയുടെ വംശനാശത്തിന് പ്രധാന കാരണം. വിവിധ മരുന്നുകളില്‍ ചേര്‍ക്കാനായി കൊമ്പ് ഉപയോഗിക്കുന്നതിനാല്‍ ഇവയെ വേട്ടയാടുന്ന അനധികൃത സംഘങ്ങള്‍ ധാരാളമാണ്. ഈ ഘട്ടത്തില്‍ കണ്ടാമൃഗത്തിന് കുഞ്ഞു ജനിച്ചത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണെന്ന് സെന്റര്‍ മാനേജര്‍ അഭിപ്രായപ്പെട്ടു. കുഞ്ഞു കണ്ടാമൃഗത്തെ ഇന്ത്യന്‍ റൈനോ(കണ്ടാമൃഗം) സ്റ്റഡ് ബുക്കില്‍ ഉള്‍പ്പെടുത്തും. വംശനാശം സംഭവിക്കുന്ന ജീവികളുടെ കുടുംബ വിവരങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ പുസ്തകം.
ഓരോ പ്രത്യേക ജീവി വര്‍ഗത്തെയും നിരീക്ഷിക്കാന്‍ ഇതുമായി ബന്ധപ്പെട്ട് രാജ്യാന്തര തലത്തില്‍ വിദഗ്ധരെ നിയമിക്കാറുണ്ട്. പ്രായപൂര്‍ത്തിയാവുന്നത് വരെ കുഞ്ഞിനെ ഇവിടെ വളര്‍ത്തും. പിന്നീട് ബ്രീഡിംഗിനായി ആവശ്യമുള്ള ഏതെങ്കിലും സുവോളജിക്കല്‍ സെന്ററിലേക്ക് മാറ്റും. ഒക്ടോബര്‍ മാസം സെന്ററിനെ സംബന്ധിച്ചിടത്തോളം ശുഭ സൂചകമായിരിക്കയാണ്. മുമ്പ് ഒരു ജിറാഫും കുഞ്ഞിന് ജന്മം നല്‍കിയതും മെയര്‍ ഡി കോക്ക് ഓര്‍മിപ്പിച്ചു.

Latest