Connect with us

International

കാശമീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്ക ഇടപെടണം: നവാസ് ശരീഫ്‌

Published

|

Last Updated

ലണ്ടന്‍: ഇന്ത്യക്കും പാക്കിസ്ഥാനുമിടയിലെ കാശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ അമേരിക്കന്‍ ഇടപെടലിനാകുമെന്ന് പാക് പ്രധാനമന്ത്രി നവാസ് ശരീഫ്. മൂന്ന് ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ശരീഫ് യു എസ് പ്രസിഡന്റ് ബരാക് ഒബാമയുമായി ചര്‍ച്ച നടത്തുമെന്ന് അസോസിയേറ്റഡ് പ്രസ് ഓഫ് പാക്കിസ്ഥാന്‍ റിപ്പോര്‍ട്ട് ചെയ്തു. 1999 ജൂലൈയില്‍ കാര്‍ഗില്‍ സംഘര്‍ഷത്തിനിടെ അമേരിക്ക സന്ദര്‍ശിച്ചപ്പോള്‍ അന്നത്തെ യു എസ് പ്രസിഡന്റ് ബില്‍ ക്ലിന്റനെക്കണ്ട് കാശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്ന് പറഞ്ഞിരുന്നുവെന്നും ശരീഫ് വ്യക്തമാക്കി. മധ്യപൗരസ്ത്യ മേഖലകളിലെ പ്രശ്‌നപരിഹാരത്തിന് ചെലവഴിക്കുന്ന സമയത്തില്‍ പത്ത് ശതമാനം സമയം കൊണ്ട് കശ്മീര്‍ പ്രശ്‌നം പരിഹരിക്കാനാകുമെന്നും ക്ലിന്റനോട് പറഞ്ഞിരുന്നതായി അമേരിക്കയിലേക്കുള്ള യാത്രാമധ്യേ ലണ്ടനില്‍വെച്ച് ശരീഫ് പറഞ്ഞു.

പ്രശ്‌നത്തിലിടപെടാമെന്ന് ക്ലിന്റന്‍ വാക്ക് നല്‍കിയിരുന്നെങ്കിലും അപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും ആണവശക്തികളായതിനാല്‍ മേഖല ആണവസംഘര്‍ഷമേഖലയാണ്. അമേരിക്കന്‍ ഇടപെടലിനെ ഇന്ത്യ സ്വാഗതം ചെയ്യുന്നില്ലെങ്കില്‍ ലോകശക്തികള്‍ പ്രശ്‌നത്തിലിടപെടണം.
കഴിഞ്ഞ 60 വര്‍ഷക്കാലമായി ഇരുരാജ്യങ്ങളും ആയുധ മത്സരത്തിലാണ്. ഇത് സ്ഥിതിഗതികള്‍ കൂടുതല്‍ അപകടകരമാക്കും. ഇന്ത്യ ആണവ ബോംബുണ്ടാക്കിയപ്പോള്‍ തങ്ങളും ഉണ്ടാക്കി. ഇന്ത്യ മിസൈലുകള്‍ വികസിപ്പിച്ചെടുത്തപ്പോള്‍ തങ്ങളും അത് ചെയ്തു. ശരീഫ് പറഞ്ഞു. എന്നാല്‍ പാക്കിസ്ഥന്റെ ആവശ്യം ഇന്ത്യ തള്ളി. ശരീഫിന്റെ ആവശ്യം അംഗീകരിക്കാനാകില്ലെന്ന് വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി.

Latest