Connect with us

Malappuram

ഓപ്പണ്‍ സ്‌കൂള്‍ മലബാര്‍ മേഖലാ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം 26 മുതല്‍

Published

|

Last Updated

മലപ്പുറം: സംസ്ഥാന ഓപണ്‍ സ്‌കൂളിന്റെ മലബാര്‍ മേഖലാ കേന്ദ്രം ഉദ്ഘാടനം ഒക്‌ടോബര്‍ 26ന് വൈകീട്ട് നാലിന് വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുര്‍റബ്ബ് കോഴ്‌സ് ഉദ്ഘാടനം നിര്‍വഹിക്കും. സിവില്‍ സ്‌റ്റേഷനില്‍ ജില്ലാ ലേബര്‍ ഓഫിസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് കേന്ദ്രം തുടങ്ങുന്നത്.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ വിദ്യാര്‍ഥികള്‍ക്ക് മേഖലാകേന്ദ്രം സഹായകമാകും. ഓപണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കുട്ടികളില്‍ മൂന്നില്‍ രണ്ടും മലബാറില്‍ നിന്നുള്ളവരാണ്. മലബാറിലെ വിദ്യാര്‍ഥികളുടെ അക്കാദമിക് പ്രവര്‍ത്തനങ്ങളും രജിസ്‌ട്രേഷനും മലപ്പുറം കേന്ദ്രം വഴിയാണ് നടക്കുക. സംസ്ഥാനത്ത് ശരാശരി 80,000 പേരാണ് ഓപണ്‍ സ്‌കൂളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇവരില്‍ 60000 ല്‍ അധികം കുട്ടികള്‍ മലബാറില്‍ നിന്നാണ്. ഇവരുടെ രജിസ്‌ട്രേഷന്‍, ടി സി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി ബന്ധപ്പെട്ട തുടര്‍കാര്യങ്ങള്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ സംസ്ഥാന കേന്ദ്രത്തെ ആശ്രയിച്ചാണ് നടക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഇത് പ്രയാസമുണ്ടാക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് മേഖലാ കേന്ദ്രം ആരംഭിക്കാന്‍ തീരുമാനിച്ചത്.
സിവില്‍ സ്റ്റേഷനില്‍ സൈനിക വിശ്രമ കേന്ദ്രത്തിന് സമീപം 25 സെന്റ് സ്ഥലം ഏറ്റെടുത്ത് സ്ഥിരം കെട്ടിടം നിര്‍മിക്കാനും പദ്ധതിയുണ്ട്. സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. പരിപാടിയുമായി ബന്ധപ്പെട്ട് ജില്ലാ കലക്റ്റര്‍ കെ ബിജുവിന്റെ അധ്യക്ഷതയില്‍ സ്വാഗതസംഘം ചേര്‍ന്നു. പി ഉബൈദുല്ല എം എല്‍ എ, ഓപണ്‍ സ്‌കൂള്‍ ഡയറക്റ്റര്‍ പ്രഫ. കെ എ ഹാഷിം, ഹയര്‍സെക്കന്‍ഡറി അക്കാദമിക് ജോയന്റ് ഡയറക്ടര്‍ പി.എ സാജുദ്ദീന്‍, റീജനല്‍ ഡയറക്ടര്‍ സി. സത്യന്‍, എ ഡി എം. പി മുരളീധരന്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ഉമ്മര്‍ അറക്കല്‍, സക്കീന പുല്‍പ്പാടന്‍, സലീം കുരുവമ്പലം, നഗരസഭാ കൗണ്‍സിലര്‍ എന്‍ കെ അബ്ദുല്‍ മജീദ്, ഓപണ്‍ സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ പി. അബ്ദുല്‍ ജലീല്‍, അധ്യാപക സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.