Connect with us

Gulf

തീര്‍ഥാടകര്‍ പ്രവാചക നഗരിയിലേക്ക്‌

Published

|

Last Updated

മക്ക: പ്രവാചക പ്രഭു (സ) അന്ത്യവിശ്രമം കൊള്ളുന്ന പ്രവാചക നഗരി (മദീനത്തുന്നബി) യിലേക്ക് തീര്‍ഥാടകരുടെ പ്രവാഹം തുടങ്ങി. ഹജ്ജിനു മുമ്പ് മദീന സന്ദര്‍ശിക്കാത്തവരാണ് വെള്ളിയാഴ്ച മുതല്‍ അവിടേക്ക് യാത്രയാരംഭിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്ന് വന്ന സ്വകാര്യ ഹജ്ജ് തീര്‍ഥാടകര്‍ ഏറെക്കുറെ എല്ലാവരും മദീനാ സന്ദര്‍ശനം ഹജ്ജിനു മുമ്പേ പൂര്‍ത്തിയാക്കിക്കഴിഞ്ഞിട്ടുണ്ട്. അതേസമയം സര്‍ക്കാര്‍ ഹജ്ജ് സംഘത്തില്‍ വന്നവര്‍ ബഹുഭൂരിഭാഗവും പ്രവാചക നഗരി സന്ദര്‍ശിക്കാനിരിക്കുന്നേയുള്ളൂ. ഈജിപ്ത്, തുനീഷ്യ, മൊറോക്കോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരും മിക്ക പേരും ഹജ്ജിന് ശേഷമാണ് മദീന സന്ദര്‍ശിക്കുന്നത്.
ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തീകരിച്ച തീര്‍ഥാടകര്‍ “വിടവാങ്ങല്‍ പ്രദക്ഷിണം” നിര്‍വഹിച്ച ശേഷമാണ് മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്രയാകുന്നത്. വിദാഇന്റെ ത്വവാഫ് ചെയ്യുന്ന തിരക്കാണ് മക്കയിലിപ്പോള്‍. മദീനക്ക് പുറമെ ജിദ്ദയിലെ ബലദില്‍ സ്ഥിതി ചെയ്യുന്ന ആദിമാതാവ് ഹവ്വാ ബീവി(റ) യുടെ മഖ്ബറ സന്ദര്‍ശിക്കാനും ഹാജിമാര്‍ എത്താറുണ്ട്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ രാജ്യക്കാരാണ് അവിടെ സന്ദര്‍ശിക്കുന്നവരിലധികവും.
ജബലുന്നൂര്‍, സൗര്‍ ഗുഹ, ബീവി ഖദീജ(റ) അന്ത്യ വിശ്രമം കൊള്ളുന്ന ജന്നത്തുല്‍ മുഅല്ല എന്നിവക്ക് പുറമെ, ഗസ്‌സയില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദ് ജിന്ന്, മസ്ജിദ് ശജര്‍, ഹുദൈബിയ സന്ധി നടന്ന സ്ഥലത്തെ മസ്ജിദ് ശുമൈസി, അഖബാ ഉടമ്പടി നടന്ന മിനായിലെ അഖബാ പള്ളി തുടങ്ങി മക്കയിലെയും പരിസരങ്ങളിലേയും ഒട്ടേറെ സന്ദര്‍ശന കേന്ദ്രങ്ങളിലും തീര്‍ത്ഥാടകരും ചരിത്ര കുതുകികളും എത്തുന്നു. കഅബയുടെ കിസ്‌വ നിര്‍മിക്കുന്ന ഫാക്ടറി കാണാനും ആളുകള്‍ എത്തുന്നുണ്ട്.
പ്രവാചക നഗരിയില്‍ ഒട്ടനേകം ചരിത്ര സ്ഥലങ്ങളാണ് സന്ദര്‍ശകരെ കാത്തിരിക്കുന്നത്. മദീനയിലെ ആദ്യത്തെ പള്ളിയായ മസ്ജിദ് ഖുബാ, കഅബയിലേക്ക് തിരിഞ്ഞു നിസ്‌കരിക്കാന്‍ വഹ്‌യുമായി മലക്ക് ജിബ്‌രീല്‍ വന്നിറങ്ങിയ മസ്ജിദ് ഖിബ്‌ലതൈന്‍, ഉഹ്ദ് പര്‍വതം, ഉഹ്ദിന്റെ താഴ്‌വാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന ഹംസ ബിന്‍ അബ്ദുല്‍മുത്തലിബ്(റ), മിസ്അബ് ബിന്‍ ഉമൈര്‍(റ) തുടങ്ങിയവരുടെ ഖബറിടങ്ങള്‍, സല്‍മാനുല്‍ ഫാരിസി(റ)യുടെ യുദ്ധതന്ത്രജ്ഞതയില്‍ നടന്ന ഖന്തഖ് യുദ്ധസ്ഥലം, അവിടെ പ്രവാചകരുടെ പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ച സ്ഥലത്ത് നിര്‍മിക്കപ്പെട്ട മസ്ജിദ് ഫത്ഹ് തുടങ്ങി പ്രവാചക ചരിത്രത്തിലെ ത്രസിപ്പിക്കുന്ന അധ്യായങ്ങള്‍ രചിക്കപ്പെട്ട പുണ്യ സ്ഥലങ്ങളാണ് മദീനയില്‍ സന്ദര്‍ശിക്കാനുള്ളത്.
മസ്ജിദുന്നബവിക്ക് ചാരെ സ്ഥിതി ചെയ്യുന്ന ജന്നത്തുല്‍ ബഖീഅ് ഏറ്റവുമധികം സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാനപ്പെട്ട ഇടമാണ്. മൂന്നാം ഖലീഫ ഉസ്മാന്‍ (റ) അടക്കം പതിനായിരത്തിലധികം പ്രവാചക അനുചരന്‍മാര്‍ അന്ത്യവിശ്രമം കൊള്ളുന്നത് അവിടെയാണ്. ഖദീജ ബീവി(റ) ഒഴികെയുള്ള പ്രവാചക പത്‌നിമാരും പ്രവാചക പുത്രി ഫാത്വിമാ ബീവി(റ)യും ബഖീഇലാണ് മറപെട്ടു കിടക്കുന്നത്.
വിശുദ്ധ റൗളാ ശരീഫില്‍ പ്രവാചക തിരുമേനി(സ)യെ സന്ദര്‍ശിക്കാനും സലാം പറയാനും തീര്‍ഥാടകരുടെ അണമുറിയാത്ത പ്രവാഹമാണുള്ളത്.
ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദീഖ് (റ), രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബ് (റ) എന്നിവരുടെ ഖബറുകളും പ്രവാചകന് തൊട്ടു തന്നെയാണ്. റൗളാ ശരീഫിലെ തിരക്ക് നിയന്ത്രിക്കുന്നതിന് പ്രത്യേക സേന സദാ സേവനനിരതമാണ്.
മദീനാ സന്ദര്‍ശനത്തിന് പുറപ്പെടുന്ന തീര്‍ഥാടകര്‍ നാല്‍പ്പത് നേരത്തെ നിസ്‌കാരം പ്രവാചക സവിധത്തില്‍ അവിടെ പൂര്‍ത്തിയാക്കിയേ പ്രവാചക നഗരിയോട്‌വിട പറയൂ. അതിനാല്‍ തന്നെ വെള്ളിയാഴ്ചത്തെ ജുമുഅ നിസ്‌കാരത്തില്‍ ജനലക്ഷങ്ങള്‍ പങ്കെടുക്കുമെന്ന് കണക്കാക്കപ്പെടുന്നു.

Latest