Connect with us

Kannur

ബാല്യവിവാഹ നിരോധം: ഇന്ത്യ ഒപ്പിടാതിരുന്നത് ഹിഡന്‍ അജന്‍ഡ മനസ്സിലാക്കി - മുന്‍ വിദേശകാര്യ സ്ഥാനപതി

Published

|

Last Updated

കണ്ണൂര്‍: ഐക്യരാഷ്ട്ര സഭ അവതരിപ്പിച്ച ബാല്യവിവാഹ നിരോധ പ്രമേയത്തില്‍ ഇന്ത്യ ഒപ്പുവെക്കാതിരുന്നത് പ്രമേയത്തിനുള്ളിലെ ഹിഡന്‍ അജന്‍ഡകള്‍ മനസ്സിലാക്കിയതിനാലും സുതാര്യമല്ലെന്ന് കണ്ടെത്തിയതിനാലാണെന്നും മുന്‍ വിദേശകാര്യ സ്ഥാനപതി ടി പി ശ്രീനിവാസന്‍. കണ്ണൂര്‍ കൃഷ്ണമേനോന്‍ വനിതാ കോളജില്‍ ചരിത്ര വിഭാഗവും പി ടി എയും സംയുക്തമായി സംഘടിപ്പിച്ച കൃഷ്ണമേനോന്‍ അനുസ്മരണ പ്രഭാഷണം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഐക്യരാഷ്ട്ര സഭയുടെ പ്രമേയത്തില്‍ വിവാഹപ്രായത്തെ കുറിച്ച് വ്യക്തമായ സൂചനകള്‍ ഒന്നുമില്ല. പ്രമേയം അംഗീകരിക്കുന്ന രാജ്യങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ മറ്റു ചില നിര്‍ദേശങ്ങള്‍ കൂടി അംഗീകരിക്കുന്നു എന്നുള്ള സമ്മത പത്രത്തോടെയാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യ ഐക്യരാഷ്ട്രസഭയില്‍ അംഗ മാണെങ്കിലും യുഎന്നിന്റെ എല്ലാ നിലപാടുകളോടും യോജിക്കുന്നില്ല. ലോകരാഷ്ട്രങ്ങളും ഐക്യരാഷ്ട്രസഭയും അംഗീകരിക്കുന്ന പല നിലപാടുകളോടും ഇന്ത്യക്ക് വിയോജിപ്പുണ്ട്. പ്രമേയത്തില്‍ ഒപ്പിടുന്നതോടെ ഇതെല്ലാം അംഗീകരിച്ചു എന്നു വരുത്തി തീര്‍ക്കാനുള്ള നീക്കമാണ് യുഎന്നിന്റെ ഭാഗത്തു നിന്നും ഉണ്ടായത്.
രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്ക് പ്രാധാന്യം നല്‍കുന്നതിനാലാണ് ഐക്യരാഷ്ട്രസഭയുടെ എല്ലാ നിര്‍ദേശങ്ങളും ഇന്ത്യ അംഗീകരിക്കാത്തത്. വിയോജിപ്പുകള്‍ ശക്തമായി പ്രകടിപ്പിച്ചു കൊണ്ടു തന്നെ സഭയില്‍ അംഗമായി തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. എന്നാല്‍ ഇക്കാര്യം അറിയാതെയാണ് ശൈശവവിവാഹ പ്രമേയത്തില്‍ ഒപ്പിട്ടില്ല എന്ന് ചില കേന്ദ്രങ്ങള്‍ വിമര്‍ശം ഉന്നയിക്കുന്നതെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ഏതാനും വര്‍ഷം കൊണ്ട് നിലവിലുള്ള ലോകഘടനക്ക് കാതലായ മാറ്റം വരും. ഏകധ്രുവ വ്യവസ്ഥയില്‍ നിന്നും ബഹുധ്രുവ കേന്ദ്രീകൃത വ്യവസ്ഥയിലേക്കാണ് ലോകം നീങ്ങുന്നത്. അടുത്ത 20 വര്‍ഷത്തിനകം ലോകത്തെ നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുക യൂറോപ്യന്‍ യൂനിയന്‍, അമേരിക്ക, റഷ്യ, ജപ്പാന്‍, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളായിരിക്കും. ഇതില്‍ ഇന്ത്യക്ക് സുപ്രധാന സ്ഥാനം ഉണ്ടാകും.
കാശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകം മാത്രമല്ല മതേതരത്വത്തിന്റെ പ്രതീകം കൂടിയാണ്. ഇന്ത്യാ-പാക്ക് യുദ്ധത്തില്‍ നമ്മുടെ സേനക്ക് ഒരു ദിവസം കൂടി അധികം ലഭിച്ചിരുന്നെങ്കില്‍ പാക്ക് അധിനിവേശ കാശ്മീര്‍ നമ്മുടേതാകുമായിരുന്നു. ഐക്യരാഷ്ട്രസഭയെ സമീപിച്ച് പ്രശ്‌നം പരിഹരിക്കാന്‍ ആവശ്യപ്പെട്ടത് തെറ്റായിപ്പോയെന്നും ശ്രീനിവാസന്‍ പറഞ്ഞു. കോളജ് പ്രിന്‍സിപ്പല്‍ വി പി ബീന അധ്യക്ഷത വഹിച്ചു.

 

---- facebook comment plugin here -----