‘മുസ്‌ലിം സാക്ഷരതാ നിരക്കില്‍ വര്‍ധന’

Posted on: October 12, 2013 12:02 am | Last updated: October 12, 2013 at 12:05 am

ന്യൂഡല്‍ഹി: മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരത മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടിയതായി ന്യൂനപക്ഷ മന്ത്രി കെ റഹ്മാന്‍ ഖാന്‍. 1999-2000 വര്‍ഷങ്ങളില്‍ 52.1 ശതമാനമായിരുന്നത് 63.5 ശതമാനമായും 2007-2008 വര്‍ഷങ്ങളില്‍ 69.8 ശതമാനമായും ഗ്രാമങ്ങളില്‍ വര്‍ധിച്ചു. നഗരങ്ങളില്‍ ഇത് 75.1 ശതമാനമാണ്. കേന്ദ്ര വിദ്യാഭ്യാസ ഉപദേശക ബോര്‍ഡിന്റെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ്‌ലിംകളിലെ വിദ്യാഭ്യാസ വളര്‍ച്ചയുടെ ശരാശരി തോത് 1999-2000ത്തില്‍ 0.93 ആയിരുന്നു. 2007-08ല്‍ 0.95 ആയി. വിദ്യാഭ്യാസ ജില്ലാ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം പ്രാഥമിക വിദ്യാഭ്യാസത്തിനെത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തിലും വര്‍ധനവുണ്ട്. 2007ല്‍ 10.49 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 15.98 ആയി വര്‍ധിച്ചു. യു പി സ്‌കൂളിലേക്കും വിദ്യാര്‍ഥികള്‍ എത്തുന്നതില്‍ വര്‍ധനവുണ്ട്.
2007ല്‍ 8.54 ശതമാനമായിരുന്നിടത്ത് 10.9 ശതമാനമായി ഗ്രാമങ്ങളിലും 13.76 ശതമാനമായി നഗരങ്ങളിലും വര്‍ധിച്ചു. 2001ലെ സെന്‍സസ് പ്രകാരം മുസ്‌ലിംകള്‍ക്കിടയിലെ സാക്ഷരത 59.1 ശതമാനമായിരുന്നു. ദേശീയ ശരാശരി 64.8 ശതമാനമായിരിക്കെയായിരുന്നു ഇത്.