പാറാട് ബോംബ് സ്‌ഫോടനം: അന്വേഷണം എന്‍ ഐ എക്ക് വിടണം: സുന്നി നേതാക്കള്‍

Posted on: October 11, 2013 8:05 am | Last updated: October 11, 2013 at 8:13 am

കോഴിക്കോട്: കണ്ണൂര്‍ ജില്ലയിലെ പാറാട് ബോംബ് നിര്‍മാണത്തിനിടെ ഉണ്ടായ സ്‌ഫോടനത്തിലെ പ്രതികളെയും ക്വട്ടേഷന്‍ നല്‍കിയവരില്‍ ചിലരെയും തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ ഭീകരപ്രവര്‍ത്തനത്തിന്റെ വ്യാപ്തി കണ്ടെത്താന്‍ കേസന്വേഷണം എന്‍ ഐ എക്ക് വിടണമെന്ന് എസ് വൈ എസ്, എസ് എസ് എഫ് സംസ്ഥാന ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബോംബ് സ്‌ഫോടനം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെയും സുന്നി പ്രവര്‍ത്തകരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കണം. പാറാട് സംഭവത്തില്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. സമസ്തയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് ഈ ഹീനകൃത്യത്തിന് നേതൃത്വം നല്‍കിയതെന്നത് കേരളീയ മനഃസാക്ഷിയെ നടുക്കുന്നതാണ്. സമുദായ രാഷ്ട്രീയ പാര്‍ട്ടിയിലെ ചിലരെങ്കിലും ഈ ഭീകരാക്രമണത്തിന് മൗനസമ്മതം നല്‍കുന്നുണ്ടെങ്കില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതം ഉണ്ടാക്കും.
ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലാ കണ്‍വെന്‍ഷനില്‍ ഒരു വിഭാഗം പോലീസിനെതിരെ വിമര്‍ശമുന്നയിച്ച് നേതാക്കള്‍ക്കെതിരെ തിരിഞ്ഞത് ഇത്തരം അക്രമികള്‍ക്ക് വേണ്ടിയായിരുന്നു. ക്രിമിനല്‍വത്കരിക്കപ്പെടുന്ന ഇത്തരം സംഘടനകള്‍ക്കും നേതാക്കള്‍ക്കും പിന്തുണ നല്‍കുന്ന രാഷ്ട്രീയ സമീപനം ലജ്ജാവഹമാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മറ്റൊരു മാതൃകയിലാണ് കണ്ണൂര്‍ ജില്ലയിലെ ഓണപ്പറമ്പില്‍ വിഘടിത വിഭാഗം പള്ളി തകര്‍ത്തത്. ഇതില്‍ പ്രതിഷേധിക്കുന്നതിന് പകരം ചില സമുദായ രാഷ്ട്രീയക്കാര്‍ പ്രതികള്‍ക്ക് ജാമ്യം നേടിക്കൊടുക്കുന്നതിനും അവര്‍ക്ക് സ്വീകരണമൊരുക്കുന്നതിനുമാണ് ശ്രമിച്ചത്. സ്വീകരണം കഴിഞ്ഞ് സുന്നി പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ അക്രമമഴിച്ചുവിടാനും ഇവര്‍ ഒത്താശ ചെയ്തു. പള്ളി തകര്‍ത്ത കേസിലെ കുറ്റവാളികളുടെ ജാമ്യം റദ്ദ് ചെയ്യാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം. മഞ്ചേരിയിലെ എളങ്കൂരില്‍ സുന്നി പ്രവര്‍ത്തകനെ വധിച്ചതും മന്ത്രി ആര്യാടനെതിരെ പരസ്യമായി കൊലവിളി നടത്തിയതും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍. കേരളത്തിലെ മുസ്‌ലിം മഹല്ലുകളില്‍ ഈ വിഭാഗം സംഘര്‍ഷം സൃഷ്ടിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സമ്മര്‍ദത്തിലാക്കി പോലീസിനെയും നിയമത്തെയും കൂച്ചുവിലങ്ങിടാനാണ് ഈ വിഭാഗം ശ്രമിക്കുന്നത്. ഇത് പൊതുസമൂഹം തിരിച്ചറിയണം. ഇതിനെ അനുകൂലിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നിലപാട് മാറ്റാനും തയ്യാറാകണം.
സുന്നി പ്രവര്‍ത്തകരെ വധിക്കാന്‍ ലക്ഷ്യമിട്ട് പാറാട് ബോംബ് നിര്‍മാണത്തിന് നേതൃത്വം നല്‍കിയ വിഘടിത വിഭാഗത്തിന്റെ ഹീനചെയ്തിയില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം സംസ്ഥാന വ്യാപകമായി എസ് വൈ എസ്, എസ് എസ് എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും നേതാക്കള്‍ അറിയിച്ചു. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി മുഹമ്മദ് ഫൈസി, സംസ്ഥാന സെക്രട്ടറിമാരായ സി പി സൈതലവി മാസ്റ്റര്‍, മജീദ് കക്കാട്, സംസ്ഥാന സമിതി അംഗം എന്‍ അലി അബ്ദുല്ല, എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, സംസ്ഥാന സെക്രട്ടറി എം എ മജീദ്, എസ് വൈ എസ് മീഡിയാ കണ്‍വീനര്‍ എസ് ശറഫുദ്ദീന്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.