പാറാട് സ്‌ഫോടനം:സുന്നീ സംഘടനകളുടെ പ്രതിഷേധ പ്രകടനം ഇന്ന്

Posted on: October 11, 2013 12:50 am | Last updated: October 11, 2013 at 12:50 am

കാസര്‍കോട്: കണ്ണൂര്‍ ജില്ലയിലെ പാറാട് ബോബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടന പ്രവര്‍ത്തനങ്ങളുടെ നിജസ്ഥിതി വെളിച്ചത്ത് കൊണ്ടുവരാനും ഭീകര പ്രവര്‍ത്തനത്തിന്റെ വ്യാപ്തി മനസ്സിലാക്കാനും അനേഷ്വണം എന്‍ ഐ എക്ക് വിടണമെന്നാവശ്യപ്പെട്ട് ജില്ലയിലെ ഡിവിഷന്‍ കേന്ദ്രങ്ങളില്‍ ഇന്ന് പ്രതിഷേധ പ്രകടനം നടത്തും.
മുഴുവന്‍ പ്രതികളെയും ക്വട്ടേഷന്‍ നല്‍കിയവരില്‍ ചിലരെയും തിരിച്ചറിഞ്ഞ പശ്ചാത്തലത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റവാളികളെയും സുന്നി പ്രവര്‍ത്തകരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് അര്‍ഹമായ ശിക്ഷ നല്‍കണം.
സമസ്തയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘമാണ് ഈ ഹീന കൃത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമുദായ രാഷ്ട്രീയത്തിലെ ചിലര്‍ ഇതിന് നല്‍കുന്ന മൗനാനുവാദത്തിന് ദൂരവ്യാപകമായ പ്രത്യാഘാതം ഉളവാക്കും. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ഒരു വിഭാഗം പോലീസിനെതിരെ വിമര്‍ശനമുന്നയിച്ച് നേതാക്കള്‍ക്കെതിരെ തിരിഞ്ഞത് ഇത്തരം ആക്രമങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ക്രിമിനല്‍വത്കരിക്കപ്പെടുന്ന ഇത്തരം സംഘടനകള്‍ക്ക് നേതാക്കള്‍ നല്‍കുന്ന പിന്തുണ ലജ്ജാവഹമാണ്. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ മറ്റൊരു മാതൃകയാണ് കണ്ണൂര്‍ ജില്ലയിലെ ഓണപ്പറമ്പില്‍ പള്ളിക്ക് നേരെ അക്രമം അഴിച്ച് വിട്ടത്. പള്ളി തകര്‍ത്തവര്‍ക്ക് നല്‍കിയ ജാമ്യം റദ്ദാക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാകണം.
മഞ്ചേരിയിലെ ഏളങ്കൂരില്‍ സുന്നീ പ്രവര്‍ത്തകനെ കൊന്നതും മന്ത്രി ആര്യാടന് എതിരെ കൊലവിളി നടത്തിയ പശ്ചാതലത്തില്‍ ഇത്തരം സംഘടനകള്‍ക്കെതിരെ എന്‍ ഐ എ അന്വേഷണം നടത്തി നടപടി എടുക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന പ്രകടനത്തിന് എസ് വൈ എസ്, എസ് എസ് എഫ്, എസ് എം എ, എസ് ജെ എം ഭാരവാഹികള്‍ നേതൃത്വം നല്‍കും.