ആനവണ്ടി ഓടുന്നതെങ്ങോട്ട്?

Posted on: October 9, 2013 6:09 am | Last updated: October 10, 2013 at 12:23 pm

ksrtc embമുപ്പതിനായിരത്തിലധികം ജീവനക്കാര്‍, 6,200 ഓളം ബസുകള്‍, 5,555 സര്‍വീസുകള്‍, നാല്‍പ്പത് ലക്ഷത്തോളം യാത്രക്കാരുമായി ഓടിയെത്തുന്നത് പതിനഞ്ച് ലക്ഷത്തോളം കിലോമീറ്റര്‍… കണക്കുകള്‍ ഇങ്ങനെയൊക്കെയായിട്ടും ഇന്ത്യയിലെ തന്നെ ഏറ്റവും കൂടിയ യാത്രാകൂലി ഈടാക്കുന്ന കെ എസ് ആര്‍ ടി സി ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഇടം പിടിച്ചത് എങ്ങനെ? കെ എസ് ആര്‍ ടി സിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ കുറിച്ച് സിറാജ് കോഴിക്കോട് ബ്യൂറോ ചീഫ് ശരീഫ് പാലോളി നടത്തുന്ന അന്വേഷണ പരമ്പര ഇന്ന് മുതല്‍.

കൊച്ചി, മലബാര്‍, തിരുവിതാംകൂര്‍ എന്നിങ്ങനെ കേരളം വിഭജിച്ചു കിടന്ന കാലത്ത് പല്ലക്കും മഞ്ചലും കുതിരവണ്ടിയുമൊക്കെയായിരുന്നു യാത്രാ സംവിധാനങ്ങള്‍. പക്ഷേ, അന്തസ്സുള്ളവര്‍ക്ക് ഇതൊക്കെ അധികാരത്തിന്റെ അടയാളങ്ങളായപ്പോള്‍ സാധാരണ ജനം കാല്‍നട യാത്ര കൊണ്ട് തൃപ്തിയടയേണ്ടി വന്നു. ഇടക്ക് വന്ന ഒന്നോ രണ്ടോ മോട്ടോര്‍ കാറുകള്‍ അപൂര്‍വ കൗതുകങ്ങളായിരുന്നു. പൊതുഗതാഗത സംവിധാനത്തെ കുറിച്ച് ചിന്തിച്ച തിരുവിതാംകൂര്‍ സര്‍ക്കാര്‍ 1936 ഒക്‌ടോബര്‍ മൂന്നിന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനമാണ് കെ എസ് ആര്‍ ടി സിയുടെ ആരംഭം കുറിക്കുന്നത്. ഈ വിജ്ഞാപനമനുസരിച്ചാണ് പൊതുഗതാഗത സംവിധാനങ്ങള്‍ സ്ഥാപിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ഇ ജി സാള്‍ട്ടര്‍ സൂപ്രണ്ടായി ഒരു കമ്മിറ്റി നിയമിക്കപ്പെട്ടത്. സാള്‍ട്ടര്‍ സായിപ്പ് തിരുവനന്തപുരത്തെത്തുകയും അന്ന് ലോകത്തിലെ ഏറ്റവും വലിയ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസായ ലണ്ടന്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ മാതൃകയില്‍ കേരളത്തിലും ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് തുടങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. ഇതിനായി പെര്‍ക്കിന്‍സ് ഡീസല്‍ എന്‍ജിനുള്ള അറുപത് കോമര്‍ വണ്ടി ഇംഗ്ലണ്ടില്‍ നിന്ന് ഇറക്കുമതി ചെയ്തു. അങ്ങനെ മലയാളിയുടെ പൊതു ഉടമസ്ഥതയിലുള്ള യാത്രയുടെ ആദ്യ റൂട്ടും നിശ്ചയിച്ചു. തിരുവനന്തപുരം കന്യാകുമാരി റൂട്ടില്‍ ആദ്യത്തെ കെ എസ് ആര്‍ ടി സി ബസ് ഓടിത്തുടങ്ങി. തമ്പാനൂര്‍ പാലം പണി പൂര്‍ത്തിയായതോടെ ഇവിടെ നിന്ന് കവടിയാര്‍ കൊട്ടാരത്തിലേക്കും സര്‍വീസ് ആരംഭിച്ചു. തിരുവിതാംകൂറില്‍ നിന്ന് പതിയെ തുടങ്ങിയ സര്‍വീസ് ഐക്യകേരള പിറവിക്കു ശേഷം 1965ലാണ് ഇന്നത്തെ രൂപത്തിലുള്ള കെ എസ് ആര്‍ ടി സിയായി രൂപം മാറുന്നത്.
പിന്നീട് കേരളത്തില്‍ തലങ്ങും വിലങ്ങും ഓടിത്തുടങ്ങിയ ഈ പൊതുവാഹനം മലയാളിയുടെ യാത്രയുടെ അനിവാര്യ ഘടകമായി മാറിയത് വളരെ പെട്ടെന്നായിരുന്നു. ഏത് ഓണംകേറാമൂലയിലും കുണ്ടും കുഴിയും താണ്ടി നിരങ്ങി നീങ്ങുന്ന മഞ്ഞയും ചുകപ്പും കലര്‍ന്ന ബസിനെ ജനം കാത്തിരുന്നു. എത്ര തിക്കിത്തിരക്കിയാലും സര്‍ക്കാര്‍ ബസില്‍ തന്നെ യാത്ര ചെയ്യാന്‍ ജനം ആഗ്രഹിച്ചു. പൊതുനിരത്തിലൂടെ ഓടുന്ന ഈ പൊതുവാഹനത്തിന്റെ വരവും പോക്കും കൗതുകത്തോടെ നോക്കിക്കണ്ട മലയാളിയുടെ ഓര്‍മകളില്‍ എന്നും ഈ ആനവണ്ടിയുണ്ടായിരുന്നു. ‘യാത്രാവസാനം വരെ ടിക്കറ്റ് സൂക്ഷിക്കുക’ , ‘കൈയും തലയും പുറത്തിടരുത്’ എന്നിങ്ങനെ മനസ്സില്‍ പതിഞ്ഞ നിര്‍ദേശങ്ങള്‍ അനുസരണക്കേടുള്ളവര്‍ പോലും പക്ഷേ അക്ഷരം പ്രതി അനുസരിച്ചു. കണ്ടക്ടര്‍ നല്‍കുന്ന ടിക്കറ്റ് യാത്രാവസാനം വരെ മാത്രമല്ല അതു കഴിഞ്ഞും പലരും സൂക്ഷിച്ചു. സര്‍വീസുകള്‍ പൊതുവെ കുറവായിട്ടും അതിന്റെ സമയവും കാലവും കൃത്യതയോടെ മനഃപാഠമാക്കി വെക്കുന്നത് നാട്ടിന്‍പുറത്തുകാര്‍ വലിയ ഗമയായി കൊണ്ടു നടന്നു. മറ്റു വാഹനങ്ങളില്‍ നിന്നുള്ള ‘നമ്മുടെ ബസിന്റെ’ ശബ്ദം പോലും സാധാരണ ജനം തിരിച്ചറിഞ്ഞു. ഏതോ കുഗ്രാമങ്ങളുടെ പേരും നെറ്റിയില്‍ ഒട്ടിച്ച് മുരണ്ടു വരുന്ന ഈ കൗതുകവസ്തു കേരളത്തിന്റെ പൊതുമേഖലയുടെ അഭിമാനമായി മാറിയത് നാളുകള്‍ നീണ്ട ഓട്ടത്തിനൊടുവിലാണ്.
പക്ഷേ, അന്ന് അഭിമാനത്തോടെ ഈ ആനവണ്ടിയുടെ ഓട്ടം കണ്ടു നിന്ന മലയാളി അപമാനത്തിന്റെ നഷ്ടക്കണക്ക് കണ്ട് അന്തിച്ചു നില്‍ക്കുകയാണിന്ന്. കെ എസ് ആര്‍ ടി സിയെ അശ്രദ്ധമായി അഴിച്ചു വിട്ട ഭരണാധികാരികള്‍ ഭീമമായ നഷ്ടത്തിലേക്കാണ് ഈ പൊതുമേഖലയെ ഓടിച്ചു വിട്ടത്. വരവും ചെലവും ഒരുകാലത്തും പൊരുത്തപ്പെടാതെ പോയപ്പോള്‍ നഷ്ടവും പെരുകിത്തുടങ്ങി. സാമ്പത്തിക സ്ഥിതി സുസ്ഥിരമായി നിലനിര്‍ത്തുന്നതില്‍ സര്‍ക്കാറുകള്‍ കാണിച്ച കുറ്റകരമായ അനാസ്ഥ പല വിധത്തിലുള്ള പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. ജനങ്ങളുടെ യാത്രാ സൗകര്യം കെ എസ് ആര്‍ ടി സിയുടെ പ്രധാന ലക്ഷ്യമാകുമ്പോള്‍ നഷ്ടം സഹിച്ചും സര്‍വീസ് നടത്തേണ്ടി വരും. എന്നാല്‍, ഈ നഷ്ടം പൊതുഖജനാവില്‍ നിന്ന് നികത്തുന്നതിന് പകരം അത് കെ എസ് ആര്‍ ടി സിയുടെ മാത്രം നഷ്ടമായി അവഗണിച്ചു. 1960 മുതലാണ് ഈ പ്രതിസന്ധി രൂപപ്പെട്ടു തുടങ്ങിയത്. പര്‍ച്ചേഴ്‌സിംഗിലും സര്‍ക്കാര്‍ ഗ്രാന്റ് ചെലവഴിക്കുന്നതിലും അഴിമതി കൂടി വന്നപ്പോള്‍ പ്രതിസന്ധി ഇരട്ടിച്ചു.
സാമ്പത്തിക പ്രയാസം മൂടിവെച്ചും താത്കാലിക പരിഹാരം മാത്രം നിര്‍ദേശിച്ചും മാറി വന്ന സര്‍ക്കാറുകള്‍ നിലപാടെടുത്തു. ഒപ്പം ഇന്ധന വിലവര്‍ധനവും സബ്‌സിഡി നിഷേധിച്ചതുമൊക്കെയായി കെ എസ് ആര്‍ ടി സിയുടെ ഇന്നത്തെ അവസ്ഥക്ക് കാരണമായി പുറത്തറിയുന്ന കാരണങ്ങള്‍ ഏറെയുണ്ട്. എന്നാല്‍, അതിനേക്കാള്‍ ഏറെയാണ് പുറത്തറിയാത്ത രഹസ്യങ്ങള്‍. ഭരണാധികാരികളുടെ താത്പര്യത്തിനനുസരിച്ച് റൂട്ടുകള്‍ നിശ്ചയിക്കുന്നത് മുതല്‍ നിയമനം വരെ. സ്വകാര്യ മുതലാളിമാരെ സഹായിക്കുന്ന റൂട്ടുകള്‍ മുതല്‍ ഇനിയും നടപ്പിലാക്കാത്ത നിയമങ്ങള്‍ വരെ. 2,560 കോടിയുടെ ബാധ്യതയുമായി ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലേക്ക് കെ എസ് ആര്‍ ടി സിയെ തള്ളിയിട്ടതിന് പിന്നില്‍ കാരണങ്ങള്‍ ഏറെയുണ്ട്.