സി എഫ് എല്‍ ബള്‍ബുകള്‍ പരിസ്ഥിതിക്ക് ഭീഷണിയെന്ന് പഠനം

Posted on: October 6, 2013 6:00 am | Last updated: October 5, 2013 at 11:41 pm

cflകോഴിക്കോട് : ഉപയോഗ ശേഷം പുറന്തള്ളുന്ന സി എഫ് എല്‍ ബള്‍ബുകള്‍ വന്‍ പരിസ്ഥിതി പ്രത്യാഘാതം ഉണ്ടാക്കുന്നതായി പഠനം. സി എഫ് എല്‍ ബള്‍ബുകള്‍ പൊട്ടുമ്പോള്‍ പുറത്തു വരുന്ന മെര്‍ക്കുറി മണ്ണിലും അന്തരീക്ഷത്തിലും കലര്‍ന്നാണ് മാരക രോഗത്തിനിടയാക്കും വിധം പരിസ്ഥിതിയെ തകര്‍ക്കുന്നത്. കണ്ണൂര്‍ സര്‍ സയ്യിദ് കോളജ് ബോട്ടണി വിഭാഗത്തിലെ ഗവേഷക ഡോ. പി ശ്രീജയും സംഘവും നടത്തിയ പഠനത്തിലാണ് ഈ വിവരം.
ഊര്‍ജലാഭത്തിനു വേണ്ടി സര്‍ക്കാര്‍ തലത്തില്‍ തന്നെ സി എഫ് എല്‍ ബള്‍ബുകള്‍ പ്രോത്സാഹിപ്പിച്ചതിനെത്തുടര്‍ന്ന് എണ്‍പത് ശതമാനം വൈദ്യുതി ഉപഭോക്താക്കളും ഇത്തരം ബള്‍ബുകളാണ് ഉപയോഗിക്കുന്നത്. കൂടാതെ 2009ല്‍ മുഴുവന്‍ ഉപഭോക്താക്കള്‍ക്കും കെ എസ് ഇ ബി മുഖാന്തിരം സംസ്ഥാന സര്‍ക്കാര്‍ സൗജന്യമായി സി എഫ് എല്‍ ബള്‍ബുകള്‍ വിതരണം ചെയ്തിരുന്നു.
ഉപയോഗിച്ച് ഫ്യൂസാകുന്ന ബള്‍ബുകള്‍ വലിച്ചെറിയുകയോ, പൊട്ടിച്ച് ലോഹ ഭാഗങ്ങള്‍ ആക്രിക്കച്ചവടക്കാര്‍ക്ക് നല്‍കുകയോ ആണ് പതിവ്. സി എഫ് എല്‍ ബള്‍ബുകള്‍ പൊട്ടുമ്പോള്‍ പുറത്തു വരുന്ന മെര്‍ക്കുറി മണ്ണില്‍ കലര്‍ന്ന് പല ജീവികളും നശിക്കുന്നുവെന്നും ഇത് പരിസ്ഥിതി സന്തുലിതാവസ്ഥക്ക് വിഘാതം സൃഷ്ടിക്കുന്നതായും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ ബള്‍ബുകള്‍ പൊട്ടുമ്പോള്‍ അന്തരീക്ഷത്തില്‍ കലരുന്ന മെര്‍ക്കുറി (രസം) ചെടികളില്‍ നിക്ഷേപിക്കപ്പെടുന്നു.
രണ്ട് രീതിയിലായാലും ഈ പരിസരത്ത് വളരുന്ന ചെടികളിലും മറ്റും എത്തുന്ന വിഷാംശം ഭക്ഷണമായോ അല്ലാതെയോ മനുഷ്യരിലേക്കും കലരാന്‍ സാധ്യതയേറെയാണ്. കൂടാതെ മണ്ണില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇതിന്റെ പ്രത്യാഘാതം എളുപ്പത്തില്‍ പിടിപെടാന്‍ സാധ്യതയുണ്ട്.
മെര്‍ക്കുറിയുടെ സാന്നിദ്ധ്യം മനുഷ്യ ശരീരത്തില്‍ ഞരമ്പ്, നട്ടെല്ല്, തലച്ചോറ് എന്നിവയെയാണ് ബാധിക്കുന്നത്. ചെറിയ അളവിലായാല്‍ പോലും മനുഷ്യ ശരീരത്തിലെത്താന്‍ പാടില്ലാത്ത രാസ വസ്തുവാണ് മെര്‍ക്കുറി. നാല് മുതല്‍ അഞ്ച് വരെ മില്ലിഗ്രാം മെര്‍ക്കുറിയാണ് സി എഫ് എല്‍ ബള്‍ബുകളില്‍ അടങ്ങിയിട്ടുള്ളത്.
ഊര്‍ജ ലാഭത്തിനു വേണ്ടി ഉപയോഗിക്കുന്ന സി എഫ് എല്‍ ബള്‍ബുകള്‍ ശേഖരിച്ച് ഒന്നിച്ച് നശിപ്പിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സംവിധാനം വേണമെന്നാണ് ഡോ. ശ്രീജയുടെ പഠന റിപ്പോര്‍ട്ടിലെ നിര്‍ദേശം. ഉത്പാദിപ്പിക്കുന്ന കമ്പനികളുമായി ആലോചിച്ച് ബദല്‍ സംവിധാനം കാണേണ്ടതുണ്ട്. റിപ്പോര്‍ട്ടിന്റെ വെളിച്ചത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയില്‍ നിന്ന് ആയിരത്തോളം ഫ്യൂസായ സി എഫ് എല്‍ ബള്‍ബുകള്‍ ശേഖരിച്ച് ഉത്പാദിപ്പിച്ച കമ്പനിയിലേക്ക് അയക്കുകയുണ്ടായി.