വയോജനദിനം: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കമ്പളക്കാട്ട്‌

Posted on: October 1, 2013 1:20 am | Last updated: October 1, 2013 at 1:20 am

കല്‍പറ്റ: സര്‍വദേശീയ വയോജനദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കമ്പളക്കാട് ഗവ. യൂ.പി.സ്‌കൂളില്‍ സാമൂഹ്യനീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ നിര്‍വ്വഹിക്കും. കുടുംബത്തിന്റെയും സമൂഹത്തിന്റേയും പരിഗണനയും ശ്രദ്ധയും വൃദ്ധജനങ്ങള്‍ക്ക് ലഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുള്ള ബോധവല്‍ക്കരണമാണ് ദിനാചരണത്തിലൂടെ ഉദ്ദേശിക്കുന്നത്. കമ്പളക്കാട് യൂ.പി.സ്‌കൂളില്‍ നടക്കുന്ന പരിപാടിയിലേക്ക് രാവിലെ 9.30 മുതല്‍ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 9.45 ന് വയോജന സംരക്ഷണ പ്രതിജ്ഞയെടുക്കും. 10 മണി മുതല്‍ ക്ലാസ്സുകള്‍ നടക്കും. വയോജന സംരക്ഷണ നിയമം സംബന്ധിച്ച് അഡ്വ. പി. സുരേഷും, വയോജന സംരക്ഷണം – സമൂഹത്തിന്റെ ഉത്തരവാദിത്വം എന്ന വിഷയത്തില്‍ കില ഫാക്കല്‍റ്റി യഹ്‌യാഖാന്‍ തലക്കലും ക്ലാസ്സെടുക്കും. ഇതിന്‌ശേഷം ചര്‍ച്ചയുമുണ്ടാകും. ചടങ്ങില്‍ കെ.എം.ഷാജി എം.എല്‍.എ വയോജനങ്ങളെ ആദരിക്കും. എം.വി.ശ്രേയാംസ്‌കുമാര്‍ എം.എല്‍.എ. അദ്ധ്യക്ഷത വഹിക്കും. മന്ത്രി പി.കെ.ജയലക്ഷ്മി, എം.ഐ.ഷാനവാസ് എം.പി, ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ശശി തുടങ്ങിയവര്‍ പങ്കെടുക്കും.