രജിസ്‌ട്രേഷന്‍ ഫീ വര്‍ധിപ്പിച്ചത് വില വര്‍ധനക്ക് ഇടയാക്കുമെന്ന്

Posted on: September 30, 2013 8:00 pm | Last updated: September 30, 2013 at 8:40 pm

ദുബൈ: എമിറേറ്റില്‍ സ്വത്ത് കൈമാറ്റത്തിനുള്ള രജിസ്‌ട്രേഷന്‍ രണ്ടു ശതമാനത്തില്‍ നിന്ന് നാലു ശതമാനമായി വര്‍ധിപ്പിച്ചത് സ്വത്ത് വില ഉയരാന്‍ ഇടയാക്കുമെന്ന് വിലയിരുത്തല്‍. അടുത്ത മാസം ആറു മുതലാണ് ഫ്രീ ഹോള്‍ഡ് പ്രോപര്‍ട്ടി രജിസട്രേഷന്‍ ഫീസ് നാലു ശതമാനമായി വര്‍ധിക്കുന്നത്. ഇതോടെ ഇതിന് ആനുപാതികമായി വിലയിലും വര്‍ധനവ് സംഭവിക്കുമെന്നാണ് പൊതുവേ വിലയിരുത്തല്‍.

കഴിഞ്ഞ ദിവസമായിരുന്നു ദുബൈ ലാന്റ് ഡിപാര്‍ട്ട്‌മെന്റ് ഫീസ് ഇരട്ടിയായി ഉയര്‍ത്തുന്നതായി വ്യക്തമാക്കിയത്. വ്യവസായ ആവശ്യങ്ങള്‍ക്കായി വാങ്ങുന്ന ഭുമി ഉള്‍പ്പെട്ട സ്വത്ത് വകകള്‍ക്കും വെയര്‍ ഹൗസിനും ഫീസ് വര്‍ധന ബാധകമാവില്ലെങ്കിലും സാധരാണക്കാരായ താമസക്കാരെയും ചെറുകിട കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവരെയും ഇത് പ്രതികൂലമായി ബാധിക്കും. വാസ്തു വാടകക്ക് എടുക്കുമ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് കമ്പനികളും കെട്ടിട ഉടമകളും ഇതിന് ആനുപാതികമായി വിലയില്‍ വര്‍ധനവ് വരുത്തുന്നതാണ് ഈ അവസ്ഥക്ക് കാരണമാവുക.
നിയമം നടപ്പാവുന്നതോടെ സ്വത്ത് വാങ്ങുന്നവരും വില്‍ക്കുന്നവരും രണ്ട് ശതമാനം വീതം ഫീസ് നല്‍കേണ്ടി വരും. കൈമാറ്റം ചെയ്ത വസ്തുക്കളുടെ ദുബൈയിലെ മൊത്തം തുക 16,000 കോടി ദിര്‍ഹമായി ഉയര്‍ന്നിരിക്കേയാണ് അധികൃതര്‍ ഫീസ് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ദുബൈ നഗരത്തില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഈയിടെയായി അനുഭവപ്പെടുന്ന വളര്‍ച്ചയും ഈ ദിശയില്‍ ചിന്തിക്കാന്‍ അധികൃതര്‍ക്ക് പ്രചോദനമായിട്ടുണ്ട്. 44,000 കച്ചവടങ്ങളില്‍ നിന്നായാണ് 16,000 കോടി ദിര്‍ഹത്തിന്റെ കച്ചവടം എമിറേറ്റില്‍ നടന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 9,000 കോടി ദിര്‍ഹമായിരുന്നു.
ഊഹക്കച്ചവടത്തിന് തടയിടാന്‍ ലക്ഷ്യമിട്ടാണ് ഫീസ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ലാന്റ് ഡിപാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ സുല്‍ത്താന്‍ ബുട്ടി ബിന്‍ മെജ്‌റന്‍ വ്യക്തമാക്കിയിരുന്നു.
2009 മുതല്‍ എമിറേറ്റിലെ റിയല്‍ എസ്‌റ്റേറ്റ് മേഖല ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ മരവിപ്പിന്റെ പിടിയിലായിരുന്നു. 2012ന്റെ രണ്ടാം പാദം മുതലാണ് മേഖലയില്‍ ഉണര്‍വ് ദൃശ്യമായത്. ഇതോടൊപ്പം സര്‍ക്കാര്‍ തലത്തില്‍ വന്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ച് യുദ്ധകാലടിസ്ഥാനത്തില്‍ നടപ്പാക്കുന്നതും റിയല്‍ എസ്റ്റേറ്റ് മേഖലക്ക് ശക്തി പകര്‍ന്നിരിക്കയാണ്. കഴിഞ്ഞ 19ന് മാത്രം 12 ലക്ഷം ദിര്‍ഹത്തിന്റെ രജിസ്‌ട്രേഷനനാണ് നടന്നത്. കഴിഞ്ഞ 50 വര്‍ഷത്തെ ചരിത്രം പരിശോധിച്ചാല്‍ ഇത് റെക്കാര്‍ഡാണ്. ദുബൈയില്‍ നടക്കുന്ന വസ്തു കച്ചവടങ്ങളെല്ലാം നിലവിലുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ടാണെന്നും അതിനാല്‍ ഈ രംഗത്ത് പെട്ടെന്ന് തകര്‍ച്ച നേരിടുന്ന ഒരു സാഹചര്യം സംഭവിക്കില്ലെന്നും വിദഗ്ധര്‍ നല്‍കുന്ന സൂചനയും റിയല്‍ എസ്റ്റേറ്റ് രംഗത്ത് കുതിപ്പ് തുടരാന്‍ ഇടാക്കുമെന്നാണ് വിലയിരുത്തല്‍.