ഇ എം എസ്, ഐ എ വൈ ഭവന പദ്ധതികള്‍: വര്‍ധിപ്പിച്ച തുക ലഭിച്ചില്ല; വീടുപണികള്‍ പാതിവഴിയില്‍

Posted on: September 30, 2013 1:23 pm | Last updated: September 30, 2013 at 1:23 pm
SHARE

കല്‍പറ്റ: ഇ.എം.എസ്, ഐ.എ. വൈ(ഇന്ദിര ആവാസ് യോജന)ഭവന പദ്ധതികളില്‍ വര്‍ധിപ്പിച്ച തുക ലഭിക്കാതെ ഗുണഭോക്താക്കള്‍ വലയുന്നു.
തുടങ്ങിവെച്ച വീടുപണി എവിടെയും എത്തിക്കാനാകാതെ നട്ടംതരിയുകയാണ് ആദിവാസികളടക്കം ഗുണഭോക്താക്കള്‍. വയനാട്ടില്‍ മാത്രം ഇ.എം.എസ് ഭവനപദ്ധതിയില്‍ അയ്യായിരത്തിനടുത്തും ഇന്ദിര ആവാസ് യോജന 2004-ഉം ഗുണഭോക്താക്കള്‍ക്കാണ് വര്‍ധിപ്പിച്ച തുകയ്ക്ക് അര്‍ഹത.ഇ.എം.എസ്, ഐ.എ.വൈ ഭവനപദ്ധതികളില്‍ പൊതുവിഭാഗത്തിനു 75,000-ഉം പട്ടികജാതിക്ക് ഒരു ലക്ഷവും പട്ടികവര്‍ഗത്തിന് ഒന്നേകാല്‍ ലക്ഷവും രൂപയാണ് നേരത്തേ അനുവദിച്ചിരുന്നത്. നിര്‍മാണ സാമഗ്രികളുടെ വിലയില്‍ ഉണ്ടായ വര്‍ധനയെത്തുടര്‍ന്ന് ഇത് 2012 ജനുവരി രണ്ടിലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് പൊതുവിഭാഗത്തിനും പട്ടികജാതിക്കും രണ്ട് ലക്ഷവും പട്ടികവര്‍ഗത്തിനു രണ്ടര ലക്ഷവും രൂപയായി വര്‍ധിപ്പിച്ചത്. ഇ.എം.എസ് പദ്ധതിയില്‍ ഭവന നിര്‍മാണത്തിന് 2011 ഏപ്രില്‍ ഒന്നിനും ഇന്ദിര ആവാസ് യോജനയില്‍ 2012 സെപ്റ്റംബര്‍ 15നും ശേഷം എഗ്രിമെന്റ് വെച്ചവര്‍ക്ക് വര്‍ധിപ്പിച്ച തുകയ്ക്ക് അര്‍ഹതയുണ്ടെന്നായിരുന്നു സര്‍ക്കാര്‍ ഉത്തരവില്‍. വര്‍ധിപ്പിച്ച തുകയില്‍ വീട് ഒന്നിന് 75,000 രൂപ സര്‍ക്കാര്‍ നല്‍കുമെന്നും ബാക്കി ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകള്‍ 25:50:25 എന്ന അനുപാതത്തില്‍ അനുവദിക്കണമെന്നും ഉത്തരവില്‍ നിര്‍ദേശിക്കുകയുമുണ്ടായി. എന്നാല്‍ ഇതുപ്രകാരം തുക വകയിരുത്താന്‍ സര്‍ക്കാരോ ത്രിതല പഞ്ചായത്തുകളോ തയാറായിട്ടില്ല. ഇതാണ് ഭവനനിര്‍മാണത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് വിനയായതും.
ഇ.എം.എസ്, ഐ.എ.വൈ ഭവനപദ്ധതികളില്‍ ജില്ലയില്‍ നിലവുള്ള ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജില്ലാ പഞ്ചായത്ത് 6.17 കോടി രൂപയാണ് നല്‍കേണ്ടത്. അത്രതന്നെ തുക ഗ്രാമപ്പഞ്ചായത്തുകളും ഇതിന്റെ ഇരട്ടി നാല് ബ്ലോക്ക് പഞ്ചായത്തുകളും അനുവദിക്കണം. എന്നാല്‍ ശേഷിയില്ലെന്ന് ന്യായം പറഞ്ഞ് ഭവന പദ്ധതികളിലേക്ക് തുക വകയിരുത്താന്‍ ത്രിതല പഞ്ചായത്തുകള്‍ കൂട്ടാക്കുന്നില്ല. പ്ലാന്‍ ഫണ്ടില്‍നിന്ന് ഭവനപദ്ധതിയിലേക്ക് തുക വകയിരുത്തിയാല്‍ മറ്റു വികസന പരിപാടികള്‍ അവതാളത്തിലാകുമെന്നാണ് ഗ്രാമപ്പഞ്ചായത്ത് സാരഥികള്‍ പറയുന്നത്.
ജില്ലയില്‍ ഐ.എ.വൈയില്‍ വീട് അനുവദിച്ചതില്‍ 135 പേര്‍ പട്ടികജാതിക്കാരാണ്. 1100 പേര്‍ പട്ടികവര്‍ക്കാരും. പൊതുവിഭാഗത്തില്‍ 769 പേരാണ് ഗുണഭോക്താക്കള്‍.ഇതില്‍ 308 പേര്‍ ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. പൊതുവിഭാഗത്തിലും പട്ടികജാതിയിലും ഉള്‍പ്പെട്ടതില്‍ ചിലര്‍ ആഭരണങ്ങള്‍, കന്നുകാലികള്‍ എന്നിവ വിറ്റും നാടന്‍ പലിശയ്ക്ക് പണം കടം വാങ്ങിയും വീടുപണി ഏറെക്കുറെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ ആദിവാസി വിടുകളുടെ പ്രവൃത്തി വിവിധ ഘട്ടങ്ങളിലായി നിലച്ചിരിക്കയാണ്.
ഭവന പദ്ധതികളില്‍ വര്‍ധിപ്പിച്ച തുക ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രക്ഷോഭ രംഗത്തുണ്ട്.