ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കാന്‍ പോലീസ് മേധാവികള്‍ക്ക് നിര്‍ദേശം

Posted on: September 30, 2013 2:11 am | Last updated: September 30, 2013 at 2:11 am

criminal1തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസില്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിമിനലുകളുടെ ഡാറ്റാ ബേങ്ക് പോലീസ് തയ്യാറാക്കുന്നു. സംസ്ഥാനത്തെ ക്രിമിനലുകളുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് ഡാറ്റാ ബേങ്ക് തയ്യാറാക്കണമെന്ന് ജില്ലാ പോലീസ് മേധാവികള്‍ക്കയച്ച സര്‍ക്കുലറില്‍ ഡി ജി പി. കെ എസ് ബാലസുബ്രഹ്മണ്യം നിര്‍ദേശിച്ചു. കുറ്റവാളികളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങളടങ്ങിയ ഡാറ്റാ ബേങ്ക് വഴി സെക്യൂരിറ്റി അലെര്‍ട്ട് ചാര്‍ട്ട് തയ്യാറാക്കണമെന്ന് സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളില്‍ കുറ്റവാളികള്‍ കയറിയിറങ്ങുന്നത് പതിവായതോടെയാണ് സുരക്ഷക്കായി സെക്യൂരിറ്റി അലര്‍ട്ട് ചാര്‍ട്ട് തയ്യാറാക്കുന്നത്. ഇന്റലിജന്‍സ് എ ഡി ജി പി സെന്‍കുമാറിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം ഏഴിന് ഡി ജി പി സര്‍ക്കുലര്‍ ഇറക്കിയത്.
ഒരു വ്യക്തി സ്വന്തം ജില്ലക്ക് പുറത്ത് കേസുകളില്‍ ഉള്‍പ്പെട്ടാല്‍ താമസ സ്ഥലത്തെ പോലീസ് സ്റ്റേഷനുകളില്‍ അറിയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുവഴി പോലീസ് വെരിഫിക്കേഷന്‍, പാസ്‌പോര്‍ട്ട് വെരിഫിക്കേഷന്‍, ജോബ് വെരിഫിക്കേഷന്‍ എന്നിവ ലാഘവത്തോടെ മറികടക്കാന്‍ സാധിക്കുമെന്നും ഡി ജി പി സര്‍ക്കുലറില്‍ ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍പ്പെട്ടവരാണ് മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങുന്നതെന്നും ഡി ജി പി സൂചിപ്പിക്കുന്നു. സോളാര്‍ കേസിലെ പ്രതികള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിമാരുടെ ഓഫീസുകളില്‍ കയറിയിറങ്ങിയത് വിവാദമായ പശ്ചാത്തലത്തിലാണ് ഇത് തടയാന്‍ പോലീസ് നടപടി സ്വീകരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ പോലീസ് സ്‌റ്റേഷനുകളെയും ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോകളെയും ഓണ്‍ലൈന്‍ വഴി ബന്ധിപ്പിച്ചാകും പുതിയ പദ്ധതിയുടെ തുടക്കം. ഓണ്‍ലൈന്‍ ഡാറ്റാ ബേങ്ക് തയ്യാറാക്കിയാല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാമെന്നും പോലീസ് കണക്കുകൂട്ടുന്നു.
അതേസമയം, കേസുകളില്‍ പ്രതികളാകുന്നവരുടെ ഒരു ഏകീകൃത ഡാറ്റാ ബേങ്ക് തയ്യാറാക്കുന്നത് സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിമാര്‍ക്ക് നല്‍കിയ നിര്‍ദേശം 2013 ജൂലൈ പത്തിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരമുള്ളതാണെന്ന് ഡി ജി പി അറിയിച്ചു. സെക്യൂരിറ്റി അലര്‍ട്ട് സിസ്റ്റം എന്ന പേരില്‍ ഏകീകൃത ക്രിമിനല്‍ ഡാറ്റാ ബേങ്ക് തയ്യാറാക്കാന്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലറെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു.
സോളാര്‍ കേസിലെ പ്രതികള്‍ക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഓഫീസുകളുമായി ബന്ധമുണ്ടെന്ന് തെളിഞ്ഞപ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദേശം നല്‍കിയത്. സോളാര്‍ കേസിന് പിന്നാലെയാണ് സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധങ്ങള്‍ പുറത്തുവന്നത്.