പത്ര പ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന സമ്മേളനം സമാപിച്ചു

Posted on: September 30, 2013 1:52 am | Last updated: September 30, 2013 at 1:52 am

kuwj1കോട്ടയം: കേരള പത്ര പ്രവര്‍ത്തക യൂനിയന്‍ 51 ാം സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം അഡ്വ. കെ സുരേഷ് കുറുപ്പ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. മാധ്യമ പ്രവര്‍ത്തനത്തിലെ ധാര്‍മികത, സാമൂഹികോന്മുഖത തുടങ്ങിയ മൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള ബാധ്യത മാധ്യമ പ്രവര്‍ത്തകര്‍ക്കു തന്നെയാണെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സന്ദേശത്തിലൂടെ പറഞ്ഞു. അത് മാധ്യമ പ്രവര്‍ത്തകര്‍ പൂര്‍ണാര്‍ഥത്തില്‍ നിര്‍വഹിക്കുന്നുണ്ടോ എന്ന കാര്യം സ്വയം വിമര്‍ശനപരമായി വിലയിരുത്തേണ്ടതാണ്. ആഗോളവത്കരണം അരങ്ങ് തകര്‍ക്കുന്ന ഇക്കാലത്ത് ഒരു മാധ്യമ പ്രവര്‍ത്തകനും സ്വദേശാഭിമാനിയോ കേസരിയോ ആകാന്‍ കഴിഞ്ഞില്ലെങ്കിലും സമൂഹത്തെയും സാധാരണ മനുഷ്യനെയും മുന്നില്‍കണ്ടുള്ള മാധ്യമ പ്രവര്‍ത്തനരീതി അവലംബിക്കാന്‍ ബാധ്യതയുണ്ടെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. വി എസ് അച്യൂതാനന്ദന്റെ സന്ദേശം കെ യു ഡബ്ല്യു ജെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പത്മനാഭന്‍ വായിച്ചു.
സമ്മേളനത്തില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ബി ജ്യോതി കുമാര്‍ (മലയാള മനോരമ)ആണ് ഖജാഞ്ചി. വൈസ് പ്രസിഡന്റുമാരായി വി ജി വിജയന്‍ (ജനയുഗം) ജി വിജയകുമാരന്‍ (മംഗളം), സെക്രട്ടറിമാരായി സി വിനോദ് ചന്ദ്രന്‍ (മലയാളം ന്യൂസ്), എസ് ശ്രീകുമാര്‍ (മംഗളം), റോണി ജോസഫ് (ഏഷ്യാനെറ്റ്) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ പ്രസിഡന്റായി കെ പ്രേംനാഥ് (ദേശാഭിമാനി), ജനറല്‍ സെക്രട്ടറിയായി എന്‍ പത്മനാഭനും (മാധ്യമം) തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വേജ് ബോര്‍ഡ് ശിപാര്‍ശകള്‍ നടപ്പാക്കി കിട്ടാന്‍ പ്രക്ഷോഭം ശക്തമാക്കാനും ശിപാര്‍ശകള്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്നും സമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വേജ് ബോര്‍ഡ് സംവിധാനത്തെ തകര്‍ക്കാനുള്ള ഇന്ത്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റിയുടെ നീക്കങ്ങളില്‍ സമ്മേളനം പ്രതിഷേധിച്ചു. ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന പത്രപ്രവര്‍ത്തക സംഘടനയായ ഐ എഫ് ഡബ്ല്യൂ ജെ യൂനിയനുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ കെയു ഡബ്ല്യൂ ജെ തയ്യാറാകണമെന്നും ആനുകാലികങ്ങളിലും അനുബന്ധ സ്ഥാപനങ്ങളിലും പെന്‍ഷന്‍ അനുവദിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
പി എഫ് പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം, കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷനും പെന്‍ഷനും അനുവദിക്കണം. യൂനിയന്‍ പ്രവര്‍ത്തനങ്ങളില്‍ സ്ത്രീ പങ്കാളിത്തം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. സംസ്ഥാന കമ്മിറ്റിയിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പ് രീതി മാറണമെന്നും പ്രമേയത്തില്‍ പറഞ്ഞു. വിലക്കയറ്റം പിടിച്ചു നിര്‍ത്തുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ കൈകൊള്ളണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമാപന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ പ്രേംനാഥ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എന്‍ പത്മനാഭന്‍, മുന്‍ എം എല്‍ എ വി എന്‍ വാസവന്‍, നഗരസഭാ ചെയര്‍മാന്‍ എം പി സന്തോഷ്‌കുമാര്‍, മുന്‍ സംസ്ഥാന പ്രസിഡന്റ് കെ സി രാജഗോപാല്‍, മുന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി, കെ എന്‍ ഇ എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോപന്‍ നമ്പാട്ട്, കെ യു ഡബ്ല്യു ജെ ജില്ലാ പ്രസിഡന്റ് എസ് മനോജ്, സെക്രട്ടറി ഷാലു മാത്യു പ്രസംഗിച്ചു.