ഹാജിമാരോട് ഇത്രയും കൂടി

Posted on: September 30, 2013 6:15 am | Last updated: September 30, 2013 at 7:21 am

hajഅല്ലാഹുവിന്റെ വിളിക്ക് ഉത്തരം ചെയ്യാന്‍ തീര്‍ഥാടകര്‍ പുണ്യഭൂമിയിലേക്കൊഴുകിത്തുടങ്ങി. മറ്റു രാജ്യക്കാര്‍ക്കൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഹജ്ജ് കമ്മിറ്റികളുടെ കീഴില്‍ ധാരാളം പേര്‍ പുറപ്പെട്ടു. ഇന്ത്യയിലെ കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാന സര്‍ക്കാറുകളും നല്‍കുന്ന സൗകര്യങ്ങളും സംവിധാനങ്ങളും വലിയ അനുഗ്രഹമാണ്. ഹാജിമാരെ സ്വീകരിക്കാനും അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ചെയ്യാനും സഊദി ഹജ്ജ് മന്ത്രാലയവും അപ്രകാരം ഇന്ത്യയില്‍ നിന്നുള്ള ഹജ്ജ് മിഷനും സുസജ്ജരായി കാത്തിരിക്കുകയാണ്. ഈയടുത്തായി കുറേ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ മലയാളികളായ, സഊദിയില്‍ ജോലി ചെയ്യുന്ന ചെറുപ്പക്കാര്‍ വളണ്ടിയര്‍മാരായി സ്വയം സേവനം ചെയ്യുന്നുണ്ട്.
ഈ നിലയില്‍ സേവനങ്ങളെല്ലാം ലഭിച്ചാലും ഹാജിമാരില്‍ ചിലര്‍ക്ക് ചിലപ്പോള്‍ ദിശാബോധം ലഭിക്കാത്ത അവസ്ഥ കാണാം. സ്വകാര്യ ഗ്രൂപ്പില്‍ പോകുന്നവരെ സംബന്ധിച്ചിടത്തോളം യാത്രാനിര്‍ദേശങ്ങളും കര്‍മങ്ങളെ കുറിച്ചുള്ള നിര്‍ദേശങ്ങളും നല്‍കാന്‍ അമീറുമാരും വളണ്ടിയര്‍മാരും കൂടുതലായി ഉണ്ടാകും. സര്‍ക്കാര്‍ ഹാജിമാര്‍ക്ക് ഹജ്ജ് മിഷന്റെ കീഴില്‍ ധാരാളം യാത്രാസൗകര്യങ്ങളും ആതുര സേവനങ്ങളും വളണ്ടിയറായ ഉദ്യാഗസ്ഥന്റെ സേവനവും ലഭിക്കും. പക്ഷേ അതിന് പരിധിയും പരിമിതിയുമുണ്ട്. മുത്വവ്വിഫുമാരുടെ സേവനങ്ങള്‍ പലപ്പോഴും നമ്മുടെ അശ്രദ്ധമൂലം നഷ്ടപ്പെടുന്നു.
തങ്ങളുടെ വിമാനത്തില്‍ വന്നവരില്‍ മുന്‍പരിചയമുള്ളവരോട് അനുഷ്ഠാന കര്‍മങ്ങളെ കുറിച്ച് അറിയുന്ന പണ്ഡിതരോ ഉണ്ടെങ്കില്‍ അവരെ ആശ്രയിക്കുകയും നിസ്‌കാരം, ഹജ്ജ്, ഉംറ, സിയാറത്ത് തുടങ്ങിയ കാര്യങ്ങളില്‍ അവരെ പിന്തുടരുകയും ചെയ്യുന്നത് നല്ലതാണ്. അത്തരക്കാരെ കൊണ്ട് താമസമുറികളിലും തമ്പുകളിലും ക്ലാസെടുപ്പിച്ചാല്‍ എത്രയോ ആളുകള്‍ക്ക് അതിന്റെ ഫലം ലഭിക്കും. എന്നാല്‍ അത്തരം ആളുകള്‍ വഴി പിഴപ്പിക്കുന്ന ആശയക്കാരാകരുതെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. സന്നദ്ധ പ്രവര്‍ത്തകര്‍ സേവനമനുഷ്ഠിക്കുന്നത് പോലെ പണ്ഡിതന്മാരും മുന്‍പരിചയക്കാരും ക്ലാസെടുക്കാനും ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കാനും ചോദ്യോത്തര വേദികള്‍ സംഘടിപ്പിക്കാനും മുന്നോട്ടു വരണം. കാരണം അത് ഏറ്റവും വലിയ പ്രതിഫലത്തിനുള്ള കാരണമാകും.
ഇഹ്‌റാമും അതില്‍ സൂക്ഷിക്കേണ്ട കാര്യങ്ങളും അശ്രദ്ധമൂലവും അറിവില്ലായ്മ മൂലവും അവഗണിക്കുന്ന ചിലരെങ്കിലുമുണ്ട്. ത്വാവാഫും സ്അ്‌യും പൂര്‍ത്തിയാക്കാത്തവര്‍, തഹല്ലുലാകാതെ സാധാരണ വസ്ത്രം ധരിക്കുന്നവര്‍, മിനാഇലും അറഫയിലും ജംറകളിലും ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സിലാകാത്തവര്‍ എന്നിങ്ങനെ ചുരുങ്ങിയവരെയെങ്കിലും കാണാം. ഇത്തരം ഘട്ടങ്ങളില്‍ പണ്ഡിതന്മാരുടെയും പരിചയസമ്പന്നരുടെയും സേവനം വളരെ അനിവാര്യമാണ്.
ആര്‍ക്കും എപ്പോഴും ഹജ്ജിന് പോകാനാകില്ല. മാത്രമല്ല സഊദി സര്‍ക്കാറിന്റെ നിയമമനുസരിച്ച് സമ്പത്തുണ്ടെങ്കിലും തുടര്‍ച്ചയായുള്ള യാത്ര തടയപ്പെടും. സുന്നത്തായ ഹജ്ജ് ആണെങ്കിലും അതില്‍ ആരെങ്കിലും പ്രവേശിച്ചാല്‍ പൂര്‍ത്തിയാക്കേണ്ടത് നിര്‍ബന്ധമാണ്. ഇല്ലെങ്കില്‍ വീണ്ടും ചെയ്യേണ്ടിവരും. ചുരുക്കത്തില്‍ ആയുസ്സില്‍ ഒരിക്കല്‍ മാത്രം ചെയ്യുന്നതും ശാരീരികമായും സാമ്പത്തികമായും നിയമപരമായും പ്രയാസമുള്ളതുമാകയാല്‍ കിട്ടുന്ന സമയം കര്‍മങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഹാജിമാര്‍ ചോദിച്ച് പഠിക്കണം. അതേ സമയം ഉപദേശകന്റെ രൂപത്തില്‍ വരുന്ന ബിദ്അത്തുകാരെ സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്. ഉംറകളെയും റൗള സിയാറത്തിനെയും നിരുത്സാഹപ്പെടുത്തുന്നവരുണ്ട്. മിനായില്‍ രാപാര്‍ക്കുന്നതിന് പകരം മുസ്ദലിഫയില്‍ തമ്പടിച്ച് താമസമാക്കിയാലും മതി എന്ന് പറയുന്നവരുണ്ട്. അവരെ പ്രത്യേകം സൂക്ഷിക്കണം.
കേരളത്തില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള ഹാജിമാര്‍ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നിന്നാണ് പുറപ്പെടുന്നത്. ഇവര്‍ക്ക് ഓരോ വിമാനത്തിലും നിസ്‌കാരകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ താത്കാലികമായി പണ്ഡിതനായ ഒരു ഹാജിയെ അമീറായി നിശ്ചയിക്കാറുണ്ട്. ഈ പണ്ഡിതന്‍ മിക്കവാറും തിരിച്ചു വരുന്നതു വരെ ആ വിമാനത്തിലെ ഹാജിമാരുടെ കൂടെയുണ്ടാകും. അദ്ദേഹത്തിന് ഭാരമാകാത്ത വിധത്തില്‍ അദ്ദേഹവുമായി ഇടപഴകിയാല്‍ കര്‍മങ്ങളില്‍ പതറാതെ രക്ഷപ്പെടാം. യാത്രാ വേളയില്‍ സല്‍ക്കാരങ്ങളും വിനോദയാത്രകളും കൂട്ടു കുടുംബ സന്ദര്‍ശനങ്ങളും പരമാവധി ഒഴിവാക്കി, ലക്ഷ്യമായ പുണ്യകര്‍മങ്ങളില്‍ നിരതരാകണം. ഉദാഹരണത്തിന് പ്രഥമ ഘട്ടത്തിലെ ഉംറ കഴിഞ്ഞാല്‍ പിന്നെ ജിദ്ദയിലേക്കും മറ്റും യാത്ര തിരിക്കുകയും അവിടുത്തെ നിരന്തര സല്‍ക്കാരങ്ങളിലൂടെ ആരോഗ്യം നഷ്ടപ്പെടുകയും ചെയ്താല്‍ അത് സുപ്രധാന കര്‍മമായ ഹജ്ജിനെ ബാധിക്കും.
യാത്രാ വേളയില്‍ ആളുകള്‍ നല്‍കുന്ന കവറുകളും മറ്റു വസ്തുക്കളും അവയിലെന്താണെന്ന് ഉറപ്പ് വരുത്താതെ സ്വീകരിച്ചാല്‍ യാത്ര മുടങ്ങും. സ്വര്‍ണക്കടത്തും മയക്കുമരുന്ന് കടത്തും വ്യാപകമായ സമയമാണിത്. ഹജ്ജ് ക്യാമ്പില്‍ ലഗ്വേജ് ഏല്‍പ്പിക്കുന്നതിന് മുമ്പായി ഇഹ്‌റാമിന്റെ വസ്ത്രങ്ങളും ധരിക്കാനുള്ള ചെരിപ്പും പുറത്ത് വെക്കണം. ലഗ്ഗേജ് ഏല്‍പ്പിച്ചാല്‍ പിന്നീട് ഇഹ്‌റാമിന് വസ്ത്രം കിട്ടുകയില്ല.
സര്‍ക്കാര്‍ തന്നെ സഊദി എയര്‍വേയ്‌സില്‍ ഓരോ ഹാജിക്കും 10 ലിറ്റര്‍ തോതില്‍ സംസം എത്തിക്കുന്നതിനാല്‍ സര്‍ക്കാര്‍ ഹാജിമാര്‍ സംസം കൊണ്ടുവരേണ്ടതില്ല. കൊണ്ടുവന്നാല്‍ തടയപ്പെടുകയും ചെയ്യും.
തിരിച്ചുവരുമ്പോള്‍ നാട്ടുകാരും കൂട്ടുകാരും ബന്ധുക്കളും വാങ്ങിത്തരുന്ന സാധനങ്ങള്‍ കൂടിയാല്‍ നന്നേ കഷ്ടപ്പെടും. ലഗ്ഗേജില്‍ അനുവദിക്കാത്തത് കൈയില്‍ പിടിക്കേണ്ടിവരും. അല്ലെങ്കില്‍ അതിന് വലിയ സംഖ്യ നല്‍കേണ്ടിവരും. അതിനാല്‍ ഹാജിമാരും സുഹൃത്തുക്കളും ഇക്കാര്യത്തില്‍ ബോധമുള്ളവരായിരിക്കണം.
ആരോഗ്യവാന്മാരാണെങ്കിലും അവിടെ വെച്ച് വെള്ളം ധാരാളം കുടിക്കണം. ഭക്ഷണം ക്രമം തെറ്റാതെ കഴിക്കണം. ഹറമുകളില്‍ വെച്ചും മറ്റും പ്രാഥമിക ആവശ്യങ്ങള്‍ക്ക് തോന്നിയാല്‍ താമസിയാതെ പുറപ്പെടണം. പുറത്തെത്തി നിര്‍വഹിക്കാന്‍ സമയം വേണമല്ലോ. ആരോഗ്യ പ്രശ്‌നമുള്ളവര്‍ മരുന്നുകള്‍ കൃത്യമായി സൂക്ഷിക്കണം. ഓരോ താമസസ്ഥലവും മാറുന്നതിന് അനുസരിച്ച് ആ കാലയളവിലേക്കുള്ള മരുന്ന് കരുതണം. രോഗികളാണെങ്കില്‍ ബന്ധുക്കളോ ബന്ധപ്പെട്ടവരോ ഹജ്ജ് മിഷന്‍കാരെ വിളിച്ചു വരുത്തണം. പണ്ഡിതന്മാരെ പോലെ കൂട്ടത്തിലുള്ള ചെറുപ്പക്കാര്‍ പ്രായം ചെന്നവര്‍ക്ക് സഹായം ചെയ്ത് കൊടുക്കണം.