രാജ്‌നാഥ് ഇടപെട്ടു: സിദ്ദു അവസാന നിമിഷം നിരാഹാര സമരം ഒഴിവാക്കി

Posted on: September 29, 2013 1:33 am | Last updated: September 29, 2013 at 1:33 am

Navjot_Singh_Sindhuഅമൃത്‌സര്‍: മരണം വരെയുള്ള നിരാഹാര സമരത്തില്‍ നിന്ന് അമൃത്‌സര്‍ എം പി നവജോത് സിംഗ് സിദ്ദു അവസാന നിമിഷം പിന്‍മാറി. ബി ജെ പി അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെയും പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ്‌സിംഗ് ബാദലിന്റെയും ഇടപെടലിനെ തുടര്‍ന്നാണിത്. അമൃത്‌സര്‍ നഗരവുമായി ബന്ധപ്പെട്ട് സിദ്ദു ഉന്നയിച്ച വിഷയങ്ങള്‍ പരിഗണിക്കാമെന്ന് ബാദല്‍ ഉറപ്പ് നല്‍കി.
മണ്ഡലത്തിന്റെ വികസനം ലക്ഷ്യമിട്ട് മരണം വരെ നിരാഹാരമിരിക്കുമെന്ന് വെള്ളിയാഴ്ചയാണ് സിദ്ദു പ്രഖ്യാപിച്ചത്. 2004 മുതല്‍ അമൃത്‌സറില്‍ നിന്നുള്ള പാര്‍ലിമെന്റംഗമാണ് സിദ്ദു. എല്ലാ വികസന വിഷയങ്ങളും പരിഗണിക്കാമെന്ന് ഇന്നലെ രാവിലെ മുഖ്യമന്ത്രി ബാദല്‍ ഫാക്‌സ് അയക്കുകയായിരുന്നു. നിരാഹാരം പ്രഖ്യാപിച്ചതിന് ശേഷം രാജ്‌നാഥ് സിംഗ്, സിദ്ദുവുമായി ബന്ധപ്പെട്ട് ശ്രമം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിര്‍ഭാഗ്യകരവും അനാവശ്യവുമാണെന്നാണ് മുഖ്യമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്.
കഴിഞ്ഞ എട്ട് മാസം തീരെ മണ്ഡലത്തിലില്ലാതിരുന്ന സിദ്ദു ഈ മാസമാണ് അമൃത്‌സറിലെത്തിയത്. സിഖുകാരുടെ വിശുദ്ധ നഗരമായിട്ടും ബാദല്‍ സര്‍ക്കാര്‍ അമൃത്‌സറിന്റെ വികസനത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് സിദ്ദു കുറ്റപ്പെടുത്തിയിരുന്നു. ഇത് എന്‍ ഡി എ സഖ്യത്തിലുള്ള അകാലിദള്‍ സര്‍ക്കാറിനെ രോഷം കൊള്ളിച്ചിരുന്നു. ഈയാഴ്ച സിദ്ദുവുമായുള്ള കൂടിക്കാഴ്ച പോലും ബാദല്‍ ഒഴിവാക്കി. തുടര്‍ന്ന് രാജ്‌നാഥ് സിംഗ് വിഷയത്തില്‍ ഇടപെട്ടിരുന്നു. അകാലിദള്‍ നേതാക്കളും സിദ്ദുവും തമ്മില്‍ വാക്‌പോര് തന്നെയുണ്ടായി. രാജ്‌നാഥിനെ സിദ്ദു ന്യൂഡല്‍ഹിയിലും ചണ്ഡിഗഢിലും കണ്ട് ചര്‍ച്ച നടത്തി. മൗനം പാലിക്കാനാണ് സിദ്ദുവിനോട് രാജ്‌നാഥ് ഉപദേശിച്ചത്. സിദ്ദു ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കുള്ളിലെ വിഷയമാണെന്ന് ഈയടുത്ത് സുഖ്ബീര്‍ ബാദല്‍ പറഞ്ഞിരുന്നു. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നത് ബി ജെ പി മന്ത്രിമാരാണ്.
അമൃത്‌സറിന്റെ വികസനത്തിന് വേണ്ടി മാറ്റിവെച്ച കോടികള്‍ മറ്റിടങ്ങളിലേക്ക് മാറ്റിയെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും സിദ്ദു ആവശ്യപ്പെട്ടിരുന്നു.