Connect with us

Kerala

തെറ്റയിലിന് പാര്‍ട്ടി പരിപാടികളില്‍ വിലക്ക് തുടരുന്നു

Published

|

Last Updated

തിരുവനന്തപുരം: ലൈംഗികാപവാദ കേസില്‍ കുറ്റാരോപിതനായ ജനതാതാദള്‍ സെക്യുലര്‍ നേതാവും മുന്‍മന്ത്രിയുമായ ജോസ് തെറ്റയില്‍ എം എല്‍ എക്ക് പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നതിന് പ്രത്യക്ഷ വിലക്ക്. ആരോപണ വിധേയനായതിനെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍ നിന്നും കമ്മിറ്റി യോഗങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്ന് നേരത്തെ പാര്‍ട്ടി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കോടതി കേസ് നിലനില്‍ക്കുന്നതല്ലെന്ന് കണ്ടത്തിയിരുന്നെങ്കിലും തെറ്റയിലിന് പാര്‍ട്ടി പരിപാടികളിലും മറ്റും പങ്കെടുക്കുന്നതിനുള്ള വിലക്ക് നീങ്ങിയിരുന്നില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍ പാര്‍ട്ടി സംഘടിപ്പിക്കുന്ന സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് നയിക്കുന്ന ജനതാമുന്നേറ്റ യാത്രയില്‍ പങ്കെടുക്കരുതെന്ന് തെറ്റയിലിനോട് ആവശ്യപ്പെട്ടെന്നാണ് വിവരം. പാര്‍ട്ടിയിലെ ഏറ്റവും പ്രബലനായ നേതാവായിരുന്ന തെറ്റയില്‍ ലൈംഗികാരോപണത്തില്‍ കുടുങ്ങിയപ്പോള്‍ എം എല്‍ എ രാജി വെക്കേണ്ടതില്ലെന്ന് ജനതാദള്‍ ഒറ്റക്കെട്ടായി നിലപാടെടുത്തെങ്കിലും തുടര്‍ന്നങ്ങോട്ട് ഈ പിന്തുണ ഉണ്ടായില്ല. തെറ്റയില്‍ രാജി സന്നദ്ധത അറിയിച്ചെങ്കിലും ഉപതിരഞ്ഞെടുപ്പിലെ വിജയസാധ്യതയെ കുറിച്ച് സംശയമുളളതിനാല്‍ എല്‍ ഡി എഫും എം എല്‍ എയെ കൈവിട്ടിരുന്നില്ല.
പാര്‍ട്ടിയുടെ തിരസ്‌കാരം ശക്തമാകുന്നതിനിടെ സോഷ്യലിസ്റ്റ് ജനത നേതാവ് എം പി വീരേന്ദ്രകുമാര്‍ തെറ്റയിലിനെ ഒപ്പം കൂട്ടാന്‍ ശ്രമം തുടങ്ങിയതായി സൂചനയുണ്ട്.