നക്‌സല്‍ ബന്ധമാരോപിച്ച് കെ എസ് ആര്‍ ടി സി ജീവനക്കാരന്റെ അറസ്റ്റ്: നടുക്കം മാറാതെ വീട്ടുകാര്‍

Posted on: September 29, 2013 12:25 am | Last updated: September 29, 2013 at 12:25 am

താമരശ്ശേരി: പുതുപ്പാടി സ്വദേശിയെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്ത സംഭവത്തിന്റെ നടുക്കം മാറാതെ നാട്ടുകാരും വീട്ടുകാരും. താമരശ്ശേരി കെ എസ് ആര്‍ ടി സി ഡിപ്പോയിലെ മെക്കാനിക്കല്‍ സൂപ്പര്‍വൈസറായ പുതുപ്പാടി കൈതപ്പൊയില്‍ തേക്കുംതോട്ടത്തില്‍ അബ്ദുല്‍ ജലീലിനെയാണ് വെള്ളിയാഴ്ച രാവിലെ കര്‍ണാടക പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് നക്‌സല്‍ ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു മംഗലാപുരം ഡിസ്ട്രിക്ട് ക്രൈം റെക്കോര്‍ഡ് ബ്യൂറോയിലെ ഡി വൈ എസ് പി. സദാനന്ത വര്‍ണേക്കര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കര്‍ണാടക പോലീസ് അബ്ദുല്‍ ജലീലിന്റെ വീട്ടിലെത്തി ഭാര്യയെയും മാതാവിനെയും ഭീഷണിപ്പെടുത്തുകയും കന്നട ഭാഷയില്‍ എഴുതിയ പേപ്പറില്‍ ഒപ്പിടുവിക്കുകയും ചെയ്തു. വീട്ടിലെത്തിയ പോലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മണിക്കൂറുകള്‍ പരിശോധന നടത്തിയതായി അബ്ദുല്‍ ജലീലിന്റെ ഭാര്യ ജസീല പറഞ്ഞു.
രണ്ട് സ്തീകള്‍ മാത്രമുള്ള വീട്ടില്‍ വനിതാ പോലീസില്ലാതെയാണ് പരിശോധന നടത്തിയതെന്നും കൊടും കുറ്റവാളിയെ പിടികൂടാനെത്തിയ രീതിയിലാണ് പോലീസ് പെരുമാറിയതെന്നും ഇവര്‍ പറയുന്നു. കര്‍ണാടകയിലെ കദബ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2012 ല്‍ മാവോയിസ്റ്റ് സംഘവും പോലീസുമായി ഏറ്റുമുട്ടി ഒരാള്‍ മരിച്ചിരുന്നു. ഈ സമയത്ത് ലഭിച്ച മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ അബ്ദുല്‍ ജലീലിന്റെ ഫോണിലേക്ക് വിളിച്ച് ഒന്നര മിനുട്ടോളം സംസാരിച്ചുവെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണാടക പോലീസ് താമരശ്ശേരിയിലെത്തിയത്. കേരള പോലീസിന്റെ സഹായത്തോടെ ചോദ്യംചെയ്യാനോ സത്യാവസ്ഥ അന്വേഷിക്കാനോ തയ്യാറാവാതെയാണ് കര്‍ണാടക പോലീസ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. ബന്ധുക്കള്‍ കദബ പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷിച്ചെങ്കിലും ഒന്നുമറിയില്ലെന്ന മറുപടി ലഭിച്ചതോടെ ആശങ്ക വര്‍ധിച്ചു. മംഗലാപുരത്തെ പോലീസ് ആസ്ഥാനത്ത് നടന്ന മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലില്‍ അബ്ദുല്‍ ജലീല്‍ നിരപരാധിയാണെന്ന് കണ്ടെത്തിയതോടെയാണ് ഇന്നലെ രാത്രിയോടെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചത്. രാത്രി വൈകി അബ്ദുല്‍ജലീല്‍ നാട്ടിലേക്ക് പുറപ്പെട്ടതായി ബന്ധുക്കള്‍ അറിയിച്ചു.