Connect with us

Articles

ഒബാമയും മന്‍മോഹനും ഓവലില്‍ ഒന്നിച്ചപ്പോള്‍

Published

|

Last Updated

യു എന്‍ പൊതു സമ്മേളനത്തിന്റെ പാര്‍ശ്വങ്ങള്‍ എന്നാണ് പ്രയോഗം. സമ്മേളനത്തിനെത്തുന്നവര്‍ അതിന്റെ അരികുകളില്‍ രണ്ടായും സംഘമായും ചായ കുടിച്ചിരിക്കും. മിണ്ടിയും പറഞ്ഞുമിരിക്കും. അതത് രാജ്യത്തെ ജനങ്ങളെ ആഴത്തില്‍ ബാധിക്കുന്ന നിരവധി നീക്കുപോക്കുകള്‍ അവിടെ പിറക്കും. വലിയ വലിയ കരാറുകള്‍. ദശകങ്ങള്‍ നീളുന്ന ഇളവുകള്‍. സഖ്യങ്ങള്‍. ശിക്ഷിക്കാനും രക്ഷിക്കാനുമുള്ള തീരുമാനങ്ങള്‍. തര്‍ക്കങ്ങളില്‍ ചിലത് മുറുകും. ചിലത് അയയും. ഇത്തവണ നടന്ന കൂടിക്കാഴ്ചയില്‍ ഏറ്റവും പ്രധാനം ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ളത് തന്നെയായിരുന്നു. അവര്‍ എന്ത് സംസാരിച്ചുവെന്നതിനേക്കാള്‍ അതിന്റെ പശ്ചാത്തലമാണ് വിശകലനം ചെയ്യേണ്ടത്. സാമന്ത രാജ്യ പദവിയില്‍ നിന്ന് ഇന്ത്യക്ക് മോചനമില്ലെന്ന് തെളിയിക്കുന്ന വാര്‍ത്തകളാണ് ഏറ്റവും പുതിയതായി കേള്‍ക്കുന്നത്. രാജ്യത്തിന് പുറത്തുള്ള ഇന്ത്യയുടെ രണ്ട് പ്രധാനപ്പെട്ട സ്ഥാപനങ്ങളില്‍ നിന്ന് സുപ്രധാന വിവരങ്ങള്‍ ചോര്‍ത്താന്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍ എസ് എ) ശ്രമം നടത്തിയെന്ന വാര്‍ത്ത രേഖകള്‍സഹിതം പുറത്ത് വന്നത് ഒബാമ- മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ചയുടെ തൊട്ടുമുമ്പാണ്. വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നും ന്യൂയോര്‍ക്കിലെ യു എന്‍ ദൗത്യ ഏകോപന ഓഫീസില്‍ നിന്നും വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് “ദി ഹിന്ദു” റിപ്പോര്‍ട്ട് ചെയ്തത്. ഇ മെയില്‍, ടെലിഫോണ്‍ സംഭാഷണങ്ങള്‍ തുടങ്ങിയ അത്യന്താധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച് ചോര്‍ത്താനായിരുന്നു പദ്ധതി. എല്ലാം ഭീകരവാദത്തിന്റെ പേരിലാണ് നടക്കുന്നത്. എന്നാല്‍, ആഴത്തില്‍ പരിശോധിച്ചാല്‍ തികച്ചും സാമ്പത്തിക താത്പര്യമാണ് ഇതിന് പിറകിലെന്ന് വ്യക്തമാകും. ആണവോര്‍ജ ഉത്പാദനം തൊട്ട് ഓഹരി കമ്പോളത്തില്‍ ഇന്ത്യന്‍ പണ അധികാരികള്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ വരെ അമേരിക്കക്ക് അറിയണമെന്നുണ്ട്. സാമ്പത്തിക മാന്ദ്യത്തെ വലിയ പരുക്കില്ലാതെ ഇന്ത്യ അതിജീവിച്ചുവെന്ന അമേരിക്കന്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്.
മറ്റ് രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്ന നിലപാടാണ് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ക്ക്. മാത്രമല്ല, സുഹൃദ് രാജ്യങ്ങളെ അതിന്റെ ആവശ്യകത ബോധ്യപ്പെടുത്തിയിട്ടുമുണ്ടത്രേ. പരസ്പരസമ്മതത്തോടെയുള്ള ഏര്‍പ്പാടാണെങ്കില്‍ എന്തിന് ചോര്‍ത്തുന്നു എന്നാണ് ചോദ്യമെങ്കില്‍ ഉദ്യോഗസ്ഥതലത്തില്‍ ഇത് ചര്‍ച്ചയാകാതിരിക്കാന്‍ വേണ്ടിയാണെന്നാകും മറുപടി. എന്താണ് ഇതിന് അര്‍ഥം? അമേരിക്ക പറയുന്നതാണ് ശരിയെങ്കില്‍ ഈ വിവരണ ചോരണത്തിന് ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളിലെ ഭരണനേതൃത്വം പച്ചക്കൊടി കാണിക്കുന്നുവെന്നല്ലേ? അങ്ങനെയെങ്കില്‍ കബളിപ്പിക്കപ്പെടുന്നത് ഈ രാജ്യത്തെ ജനങ്ങളും ഉദ്യോഗസ്ഥരുമല്ലേ?
കിഴക്കന്‍ മന്‍ഹാട്ടനിലെ യു എന്‍ മിഷന്‍ ഓഫീസില്‍ നിന്നാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ യു എന്നിന് വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ ഏകോപിപ്പിക്കുന്നത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ക്ക് പുതിയ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുണ്ട്. അഫ്ഗാന്‍, സിറിയ വിഷയങ്ങളില്‍ ഇന്ത്യ കൈക്കൊള്ളുന്ന നിലപാടുകളെ അമേരിക്ക സംശയത്തോടെയാണ് കാണുന്നത്. സിറിയക്കെതിരായ ഏകപക്ഷീയമായ ആക്രമണത്തെ ഇന്ത്യ എതിര്‍ത്തതോടെ ഈ സംശയം വല്ലാതെ കൂടിയിട്ടുണ്ട്. വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നത്. വിശ്വസിക്കുക തന്നെ.
ഈ പശ്ചാത്തലത്തില്‍ നിശ്ചയമായും നടത്തേണ്ട പ്രതികരണങ്ങള്‍ക്ക് സര്‍ദാര്‍ജി മുതിര്‍ന്നില്ല. ഇതേ അനുഭവമുണ്ടായ ബ്രസീല്‍ പ്രസിഡന്റ് ദില്‍മാ റൂസഫ് തന്റെ ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ച അമേരിക്കന്‍ എന്‍ എസ് എക്ക് ശക്തമായ താക്കീതാണ് നല്‍കിയത്. സംസാരിക്കാന്‍ അമേരിക്കന്‍ ഉന്നത നേതൃത്വം കിണഞ്ഞ് ശ്രമിച്ചിട്ടും അവര്‍ തയ്യാറായില്ല. എന്നാല്‍, ഇന്ത്യന്‍ പ്രധാനമന്ത്രിയോ? സിറിയന്‍ പ്രശ്‌നത്തില്‍ അദ്ദേഹം കൈക്കൊണ്ട ധീരമെന്ന് വിശേഷിപ്പിക്കാവുന്ന നിലപാടില്‍ ബഡാ ബോസിനുണ്ടായ അതൃപ്തി മറികടക്കാനുള്ള ശ്രദ്ധാപൂര്‍ണമായ നയതന്ത്രമാണ് അദ്ദേഹം വാഷിംഗ്ടണില്‍ പുറത്തെടുത്തത്.

ആണവ ബാധ്യതാ ബില്ലില്‍ ഇളവ് വരുത്തി വിശിഷ്ട സമ്മാനവുമായാണ് മന്‍മോഹന്‍ അമേരിക്കയിലേക്ക് വിമാനം കയറിയത്. ഇന്തോ- അമേരിക്കന്‍ ആണവ കരാര്‍ പ്രബല്യത്തിലാക്കാന്‍ പെട്ട പാട് ചില്ലറയല്ല. അതിനിടക്കാണ് ആണവ ബാധ്യതയെന്ന കുരുക്ക് വന്നത്. അമേരിക്കയില്‍ നിന്ന് ഉപകരണങ്ങള്‍/ ആണവ പ്ലാന്റുകള്‍ ഇറക്കുമതി ചെയ്യുകയെന്നതാണല്ലോ കരാറിന്റെ പ്രധാന ഭാഗം. അങ്ങനെ ഇറക്കുമതി ചെയ്ത് സ്ഥാപിക്കുന്ന നിലയങ്ങളില്‍ ദുരന്തങ്ങള്‍ ഉണ്ടായാല്‍ അതിന്റെ നഷ്ടപരിഹാരം എവിടെ നിന്നാണോ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത് അവരില്‍ നിന്ന് ഈടാക്കണമെന്ന് ആണവ ബാധ്യതാ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. പ്രതിപക്ഷം പിടിച്ച പിടിയാലെ നേടിയ വ്യവസ്ഥയാണ് ഇത്. ഈയൊരൊറ്റ കാരണംകൊണ്ട് അമേരിക്കന്‍ കമ്പനികള്‍ (ഭരണകൂടവും) ഇന്ത്യന്‍ അധികാരികളോട് അടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. നട്ടെല്ലുള്ള ഇന്ത്യയല്ലല്ലോ അവര്‍ക്ക് വേണ്ടത്. അമേരിക്കന്‍ ലോബി സമ്മര്‍ദം ശക്തമാക്കി. ഇത്തവണ മന്‍മോഹന്‍ വാഷിംഗ്ടണിലെത്തുമ്പോള്‍ ആ ബാധ്യത തീര്‍ത്തു തരണമെന്ന് സാക്ഷാല്‍ ഒബാമ നിഷ്‌കര്‍ഷിച്ചു. അങ്ങനെയാണ് അറ്റോര്‍ണി ജനറല്‍ ജി ഇ വഹന്‍വതിയോട് ഉപദേശം തേടിയത്. വഹന്‍വതി കൃത്യമായ വഴി പറഞ്ഞു കൊടുത്തു. ആണവബാധ്യത വിദേശ കമ്പനികളില്‍ നിന്ന് ഈടാക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അധികാരം സ്വദേശ ഓപ്പറേറ്റര്‍ക്ക് നല്‍കണം. ഇന്ത്യയില്‍ ഈ ഓപ്പറേറ്റര്‍ ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എന്‍ പി സി എല്‍) ആണ്. ആണവബാധ്യതാ നിയമത്തിലെ 17 ബി ചട്ടപ്രകാരം ആണവാപകടങ്ങളുണ്ടായാല്‍ നഷ്ടപരിഹാരത്തിന് എന്‍ പി സി എല്ലിന് അവകാശമുണ്ട്. എന്നാല്‍, വഹന്‍വതിയുടെ ഇളവ് വന്നതോടെ നിര്‍മാണ കമ്പനികള്‍ക്കും നടത്തിപ്പുകാര്‍ക്കും ഇതില്‍ ഉത്തരവാദിത്വമില്ലാതായി. അതോടെ അമേരിക്കന്‍ കമ്പനികള്‍ക്ക് ആവേശമായി. വാഷിംഗ്ടണിലേക്ക് പോകാന്‍ മന്‍മോഹന്‍ സിംഗിനും. യു എസ് ആണവ കമ്പനിയായ വെസ്റ്റിംഗ്ഹൗസ് കമ്പനിയുമായി ഗുജറാത്തിലെ ആണവനിലയ നിര്‍മാണത്തിന് കരാര്‍ ഒപ്പ് വെക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി.
മന്‍മോഹനും ഒബാമയും ഓവല്‍ ഓഫീസിലിരുന്ന് പലതും പറഞ്ഞിരിക്കാം. അതിന് ശേഷം നടന്ന സംയുക്ത പ്രസ്താവനയെന്ന ഏര്‍പ്പാടില്‍ സഹവര്‍ത്തിത്വം, ഉഭയകക്ഷി ബന്ധം, ഊഷ്മളത, ആഗോള പരിസരം , തീവ്രവാദം തുടങ്ങിയ കുറേ പതിവ് പ്രയോഗങ്ങളും മൊഴിഞ്ഞിരിക്കാം. സിറിയ, ഇറാന്‍ വിഷയങ്ങളില്‍ പരസ്പരം പുകഴ്ത്തിയിരിക്കാം. (തങ്ങള്‍ സൈന്യത്തെ ഇറക്കുമെന്ന് പറഞ്ഞത് കേട്ട് പേടിച്ചാണ് സിറിയ രാസായുധ നിര്‍മാര്‍ജനത്തിന് സമ്മതിച്ചതെന്ന് ഒബാമ പറഞ്ഞത്രേ. നയതന്ത്രം തന്നെയായിരുന്നു തങ്ങളുടെ ആത്യന്തിക ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. അപ്പോള്‍ സിംഗ് തലകുലുക്കി സമ്മതിച്ചുവത്രേ. ഓവല്‍ ഓഫീസിലെ ആ ഇരിപ്പ് കണ്ടാലറിയാം ഇരുവരും തമ്മിലുള്ള കെമിസ്ട്രി) ഇന്ത്യയും അമേരിക്കയും തമ്മില്‍ ഇതാദ്യമായി ആണവ വാണിജ്യ കരാറില്‍ ഒപ്പ് വെച്ചു എന്നത് മാത്രമാണ് യഥാര്‍ഥത്തില്‍ സംഭവിച്ച കാര്യം. ഇന്ത്യന്‍ ആണവോര്‍ജ കോര്‍പ്പറേഷനും വെസ്റ്റിംഗ്ഹൗസും തമ്മിലാണ് തുല്യം ചാര്‍ത്തിയത്. തീര്‍ച്ചയായും എല്ലാ ഇളവവകാശങ്ങളോടും കൂടി. മന്‍മോഹന്‍ സിംഗിന്റെ ഈ ഒന്‍പതാം ഒബാമ ദര്‍ശനം കൊണ്ട് എന്ത് നേടിയെന്ന ചോദ്യത്തിന് ഈ ആണവ നഷ്ടക്കച്ചവടമെന്നല്ലാതെ മറ്റെന്തെങ്കിലും ഉത്തരമുണ്ടോ?

മന്‍മോഹന്‍- ശരീഫ് ചര്‍ച്ച

ഏതായാലും അമേരിക്കയില്‍ നിന്ന് സിംഗ് തിരിച്ചു വരും മുമ്പ് പാക് പ്രധാനമന്ത്രി നവാസ് ശരീഫിനെ കാണുന്നുവെന്നത് സമാധാനപ്രേമികള്‍ക്കാകെ പ്രതീക്ഷ പകരുന്നതാണ്. ചര്‍ച്ചയുടെ ഈ തെളിഞ്ഞ അന്തരീക്ഷം തകര്‍ക്കാന്‍ കാശ്മീരില്‍ തത്പര കക്ഷികള്‍ ആക്രമണം നടത്തിയിട്ടും ശരീഫിനെ കാണുന്നത് ഉപേക്ഷിക്കില്ലെന്ന് സിംഗ് പ്രഖ്യാപിച്ചിരിക്കുന്നു. സമാധാന ശ്രമം പാളം തെറ്റാതെ നോക്കേണ്ടത് ഇന്ത്യയിലെയും പാക്കിസ്ഥാനിലെയും സിവിലിയന്‍ നേതൃത്വത്തിന്റെ ബാധ്യതയാണെന്ന തിരിച്ചറിവാണ് ഈ പ്രഖ്യാപനത്തിന് പിന്നില്‍. ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കണം. ആക്രമണം നടന്നയുടന്‍ ചര്‍ച്ച ഉപേക്ഷിക്കണം എന്ന് വിളിച്ചു കൂവിയത് ബി ജെ പിയാണ്. വാജ്പയിയുടെ കാലം അവര്‍ ബോധപൂര്‍വം മറക്കുന്നു, പുതിയ കാലത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി. കാശ്മീരില്‍ കുഴപ്പമുണ്ടാക്കിയവരും ചര്‍ച്ച നിര്‍ത്തണമെന്ന് പറയുന്നവരും തമ്മില്‍ തുരങ്ക സൗഹൃദം ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ശരീഫുമായുള്ള ചര്‍ച്ചയില്‍ പ്രതീക്ഷ കുറഞ്ഞുവെന്ന് മാത്രമാണ് കാശ്മീര്‍ ആക്രമണത്തോട് മന്‍മോഹന്‍ സിംഗ് പ്രതികരിച്ചത്. കാശ്മീരില്‍ സ്വയം നിര്‍ണയാവകാശം വേണമെന്ന് പറഞ്ഞ് നവാസും തന്നിലര്‍പ്പിച്ച രാഷ്ട്രീയ പ്രതീക്ഷകളെ സംതൃപ്തിപ്പെടുത്തിയിരിക്കുന്നു. ഈ എതിര്‍ശബ്ദങ്ങള്‍ക്കിടയിലും സമാധാന സാധ്യതയുടെ വെളിച്ചം ഒളിഞ്ഞുകിടക്കുന്നുണ്ട്. ആ പ്രകാശമേഖലകളാണ് ചര്‍ച്ചകളില്‍ തെളിഞ്ഞു വരേണ്ടത്.

musthafaerrakkal@gmail.com

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest