അബുദാബിയില്‍ വര്‍ഷാവസാനത്തോടെ ബസുകളില്‍ ഇ പേയ്‌മെന്റ് സംവിധാനം നിലവില്‍ വരും

Posted on: September 28, 2013 11:06 pm | Last updated: September 28, 2013 at 11:06 pm

E-Paymentഅബുദാബി: നഗരത്തിലും പരിസരങ്ങളിലും സര്‍വീസ് നടത്തുന്ന പൊതുഗതാഗത വകുപ്പിന്റെ ബസുകളില്‍ ഇ പേയ്‌മെന്റ് സംവിധാനം നിലവില്‍ വരുന്നു. ഈ വര്‍ഷാവസാനത്തോടെ പുതിയ സംവിധാനം ആരംഭിക്കുന്നതിന് നടപടികള്‍ തുടങ്ങിയതായി ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി.
പുതിയ സംവിധാനം പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലുള്ള ‘ഉജ്‌റ’ കാര്‍ഡ് അപ്രത്യക്ഷമാകും. പൊതുജന ഗതാഗത സേവനം കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. പുതുതായി തുടങ്ങാനിരിക്കുന്ന സംവിധാനത്തിന്റെ വിശദ വിവരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
ആവശ്യമായ പരീക്ഷണങ്ങള്‍ നടത്തി വിജയം ഉറപ്പിച്ചതിനു ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ. പുതിയ പേയ്‌മെന്റ് സംവിധാനം നിലവില്‍ വന്നാലും ‘റിആയ’ കാര്‍ഡ് നിര്‍ത്തലാക്കില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി വൃത്തങ്ങള്‍ പറഞ്ഞു. പ്രായംചെന്നവര്‍ക്ക് പൊതുഗതാഗത വകുപ്പിന്റെ ബസുകളില്‍ സൗജന്യ യാത്രക്കുപയോഗിക്കാന്‍ അതോറിറ്റി നല്‍കുന്ന കാര്‍ഡാണ് റിആയ.