Connect with us

Gulf

വന്ധ്യതക്കുള്ള മരുന്നിനെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്

Published

|

Last Updated

ദുബൈ: വന്ധ്യതാ ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന മരുന്നിനെതിരെ ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. വൈറ്റല്‍ പ്ലസ് എന്ന മരുന്നിനെതിരെയാണ് ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ രംഗത്തു വന്നിരിക്കുന്നത്. നിര്‍മാതാക്കള്‍ അവകാശപ്പെടുന്ന പോലെ ഈ മരുന്ന് പൂര്‍ണമായും ആയുര്‍വേദ വിധി പ്രകാരം തയാറാക്കിയതല്ലെന്നും മരുന്നിന്റെ ഉപയോഗം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നുമാണ് മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

മരുന്നുമായി ബന്ധപ്പെട്ട് മന്ത്രാലയം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് അസി. അണ്ടര്‍ സെക്രട്ടറി ഡോ. ആമിന്‍ അല്‍ അംറി വ്യക്തമാക്കി. മന്ത്രാലയമാണ് ഈ മരുന്നിന്റെ ഘടകങ്ങള്‍ ലാബില്‍ പരിശോധനക്ക് അയച്ചത്. മരുന്നില്‍ ആരോഗ്യത്തെ അപകടപ്പെടുത്തുന്ന ഘടകങ്ങള്‍ ഉള്ളതായാണ് വ്യക്തമായിരിക്കുന്നത്.
ഹോളിലാന്റ് റെമഡീസ് എന്ന കമ്പിയാണ് എമിറേറ്റില്‍ ഈ മരുന്ന് നിര്‍മിച്ച് വിതരണം ചെയ്യുന്നത്. സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യതക്കെതിരായി ഇതില്‍ അടങ്ങിയിരിക്കുന്നത് തഡലാഫില്‍ എന്ന വസ്തുവാണ്. ഇത് ആരോഗ്യത്തിന് ഹാനികരമാണ്.
അറിയപ്പെടുന്ന മെഡിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചല്ല ഇവയുടെ നിര്‍മാണം. നിര്‍മാണത്തില്‍ മെഡിക്കല്‍ രംഗത്തെ വിദഗ്ധരുടെ മേല്‍നോട്ടവും ഉണ്ടാകുന്നില്ല. ഹൃദയ സംബന്ധമായ അസുഖങ്ങളും ഉയര്‍ന്ന രക്തസമ്മര്‍ദവും ഉള്ളവര്‍ തഡലാഫില്‍ അടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കരുതെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കാറ്.
ബ്രിട്ടനില്‍ താമസിക്കുന്ന അറബ് ഡോക്ടര്‍മാരാണ് ഹോളിലാന്‍ഡ് റെമഡീസ് കമ്പനിയുടെ ഉടമകള്‍. ഇവര്‍ക്ക് യു എ ഇക്ക് പുറമെ സഊദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങളില്‍ ഓഫീസുകളും വിതരണ ശൃംഖലയും ഉണ്ട്.
സ്ത്രീകളിലും പുരുഷന്മാരിലും വന്ധ്യത ഇല്ലാതാക്കാന്‍ വൈറ്റല്‍ പ്ലസ് ഫലപ്രദമാണെന്നാണ് കമ്പനിയുടെ വെബ്‌സൈറ്റ് അവകാശപ്പെടുന്നത്. ഓര്‍മശക്തി വര്‍ധിപ്പിക്കാനും വാര്‍ധക്യത്തെ തടയാനും മരുന്നിന് ശക്തിയുണ്ടെന്നും അവര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും ഈ മരുന്ന് ഉപയോഗിക്കുന്നത് ദൂരവ്യാപക പ്രത്യാഘാതത്തിന് വഴിവെക്കുമെന്നും ഡോ. ആമിന്‍ മുന്നറിയിപ്പ് നല്‍കി.