തമിഴ്‌നാട്ടില്‍ നാലുവയസ്സുകാരി കുഴല്‍ക്കിണറില്‍ വീണു

Posted on: September 28, 2013 7:43 pm | Last updated: September 28, 2013 at 7:43 pm

borewell-holeതിരുവണ്ണാമലൈ: തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈ ജില്ലയില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറിലേക്ക് വീണ നാലുവയസ്സുകാരി ജീവനുവേണ്ടി പൊരുതുന്നു. പത്തുമണിക്കൂറിലധികമായി കുട്ടി കിണറില്‍ കുടുങ്ങിക്കിടക്കുന്നു. തിരുവില്ലാമലൈ ജില്ലയിലെ പുലവന്‍പടിയിലെ കൂലിപ്പണിക്കാരായ പളനിയുടെയും മലര്‍ക്കൊടിയുടെയും മകള്‍ ദേവിയാണ് അപകടത്തില്‍പ്പെട്ടത്.

കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ വരുത്തിയ വീഴ്ചയാണ് അപകടം കാണിക്കുന്നത്. സുരക്ഷക്ക് സുപ്രീംകോടതി നിര്‍ദേശങ്ങള്‍ വെച്ചിരുന്നു.

മാതാപിതാക്കള്‍ ജോലിചെയ്യുന്ന വയലിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് തുറന്നുവെച്ച കുഴല്‍ക്കിണറില്‍ കുട്ടി വീണുപോയത്. ഫയര്‍ഫോഴ്‌സെത്തി കുട്ടിക്ക് ഓക്‌സിജന്‍ നല്‍കുകയാണ് ആദ്യം ചെയ്തത്. അതിന് ശേഷം കുഴല്‍ക്കിണറിന് സമാന്തരമായി വലിയ കുഴി നിര്‍മിച്ച് കുട്ടിയെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പെണ്‍കുട്ടിയുടെ കരച്ചില്‍ കേള്‍ക്കാനാവുന്നുണ്ടെന്ന് സുരക്ഷാ പ്രവര്‍ത്തകര്‍ അറിയിച്ചു.

ജില്ലാ കലക്ടര്‍ എ ഗണശേഖരനാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്.