Connect with us

Palakkad

ഐ ടി ഐ: യൂനിറ്റ് തലവനെ കമ്പനിപടിക്കല്‍ തടയും

Published

|

Last Updated

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഐ ടി ഐയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി നല്‍കുക, പ്രോജക്ടുകളുടെ ഫണ്ട് വക മാറ്റാതിരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ആഗസ്റ്റ് 26 മുതല്‍ ആരംഭിച്ച അനിശ്ചിതകാല റിലേ ഉപവാസ സമരം 27 മുതല്‍ കമ്പനിപടിക്കല്‍ തുടരും.
പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ഒക്‌ടോബര്‍ ഒന്ന് മുതല്‍ യൂണിറ്റ് തലവനെ ഗെയ്റ്റില്‍ തടയാന്‍ തൊഴിലാളികളുടെയും ഓഫീസര്‍മാരുടെയും സംയുക്ത സമര സമിതി തീരുമാനിച്ചു. തുടര്‍ച്ചയായി നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരേന്ത്യന്‍ യൂണിറ്റുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കഴിഞ്ഞ വര്‍ഷം 17 കോടി രൂപ ലാഭമുണ്ടാക്കിയ കഞ്ചിക്കോട് യൂണിറ്റിലെ ജീവനക്കാര്‍ക്ക് ഓണത്തിന് പോലും ശമ്പളം നിഷേധിച്ചു.
ഇവിടത്തെ പ്രോജക്ടുകളുടെ നടത്തിപ്പിന് അനുവദിച്ച പണവും ഉത്തരേന്ത്യന്‍ യൂണിറ്റുകള്‍ക്ക് വേണ്ടി വകമാറ്റി. ഇതേ തുടര്‍ന്നാണ് പ്രോജക്ടുകളുടെ പ്രവര്‍ത്തനത്തില്‍ നിന്നും വിട്ടുനിന്നുകൊണ്ട് റിലേ ഉപവാസ സമരം ആരംഭിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രി എ കെ ആന്റണിയും പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും എം ബി രാജേഷ് എം.പിയും പ്രശ്‌നം പരിഹരിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
32 ദിവസമായി തുടരുന്ന സമരത്തില്‍ ഇടപെടാതെ കമ്പനി ചെയര്‍മാന്‍ സിംഗപ്പൂരിലേക്ക് ഉല്ലാസ യാത്ര പോകുന്നതില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നതെന്ന് വിവിധ സംഘടനാ ഭാരവാഹികളായ എ മുരളീധരന്‍, കെ കരുണാകരന്‍, ജി അനില്‍കുമാര്‍ അറിയിച്ചു.

Latest