Connect with us

Malappuram

ഒരു ഉറപ്പുമില്ലാതെ തൊഴിലുറപ്പ് പദ്ധതി; തുക ചെലവഴിക്കുന്നതില്‍ ജില്ല പിന്‍നിരയില്‍

Published

|

Last Updated

മലപ്പുറം: ജില്ലയിലെ തൊഴിലുറപ്പ് പദ്ധതി ഒരു ഉറപ്പുമില്ലാത്ത അവസ്ഥയിലേക്ക്. കോടികളുടെ ഫണ്ടും ഇവ വിനിയോഗിക്കാന്‍ നിരവധി ജനക്ഷേമ പദ്ധതികളുമുള്ള തൊഴിലുറപ്പ് പദ്ധതി ജില്ലയില്‍ അവതാളത്തില്‍. ജില്ലക്ക് അനുവദിച്ച 121 കോടി രൂപയില്‍ ഇതുവരെ ചെലവഴിച്ചത് 20 കോടിയില്‍ താഴെ. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പഞ്ചായത്തുള്ള മലപ്പുറം തുക ചിലവഴിക്കലില്‍ ഒന്‍പതാം സ്ഥാനത്താണ്. ഒരുകുടുംബത്തിന് വര്‍ഷം 100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതിയില്‍ ജില്ലയില്‍ ഇതുവരെ നല്‍കിയത് ആറ് തൊഴില്‍ ദിനങ്ങള്‍ മാത്രം. തൊഴിലിന് കൂലിയായി നല്‍കാന്‍ കോടികള്‍ ഉണ്ടെങ്കിലും അധികൃതരുടെ അനാസ്ഥമൂലം ഇതെല്ലാം നഷ്ടപ്പെടുകയാണ്. വഴിയോരം വൃത്തിയാക്കല്‍ പദ്ധതിയായി തൊഴിലുറപ്പ് പദ്ധതി ചുരുങ്ങിയിട്ടുണ്ട്. പഞ്ചായത്തുകള്‍ വ്യക്തമായ ആക്ഷന്‍ പ്ലാനുകള്‍ തയ്യാറാക്കാത്തതാണ് ഇതിനുകാരണം. ഓരോ സീസണിലും ചെയ്യാനുള്ള പ്രവര്‍ത്തികള്‍ തയ്യാറാക്കി ഇവയുടെ നടത്തിപ്പിനായി തൊഴിലുറപ്പ് പദ്ധതിയെ ഉപയോഗപ്പെടുത്താം. വരള്‍ച്ച അതിരൂക്ഷമായി ബാധിച്ച ജില്ലയില്‍ ഇതുതടയാനുള്ള മാര്‍ഗങ്ങളും തൊഴിലുറപ്പിലൂടെ ചെയ്യാം. പ്രകൃതി സംരക്ഷണമടക്കമുള്ള നിരവധി പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്താമെങ്കിലും മിക്ക പഞ്ചായത്തുകളും ഇവയൊന്നും നടപ്പിലാക്കിയിട്ടില്ല. 224,148 പേരാണ് ജില്ലയില്‍ തൊഴിലുറപ്പില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം 121,244 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കിയിരുന്നു. ഈവര്‍ഷം ഇതുവരെ 63,000 കുടുംബങ്ങള്‍ക്ക് മാത്രമാണ് തൊഴില്‍ നല്‍കിയത്. കഴിഞ്ഞ വര്‍ഷം ഓരോകുടുംബങ്ങള്‍ക്കും 39 തൊഴില്‍ ദിനങ്ങളാണ് നല്‍കിയത്. പദ്ധതി തുകയുടെ 60ശതമാനം തൊഴില്‍ കൂലിയായും 40ശതമാനം ഉപകരണങ്ങള്‍ക്കും വിദഗ്ധ തൊഴിലാളികള്‍ക്കുള്ള കൂലിക്കുമായി ചിലവഴിക്കാം. എന്നാല്‍ മിക്കപഞ്ചായത്തുകളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്താറില്ല.