Connect with us

Kerala

കണ്ണൂരും കാസര്‍കോടും ആദ്യ ഭൂരഹിത വിമുക്ത ജില്ലകളാക്കും: മന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കണ്ണൂരും കാസര്‍കോടും സംസ്ഥാനത്തെ ആദ്യ ഭൂരഹിത വിമുക്ത ജില്ലകളാക്കുമെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ്. ആറ് ജില്ലകളിലെ 9,715 പേര്‍ക്ക് പട്ടയം നല്‍കിക്കൊണ്ട് ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം യു പി എ അധ്യക്ഷ സോണിയാഗാന്ധി തിങ്കളാഴ്ച നിര്‍വഹിക്കുമെന്നും മന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. ഒരുലക്ഷം പേര്‍ക്ക് ഭൂമി നല്‍കുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് സോണിയാഗാന്ധി നിര്‍വഹിക്കുന്നത്. 2015 ഓടെ 2,43,928 പേര്‍ക്ക് ഭൂമി ലഭ്യമാക്കുന്നതാണ് പദ്ധതി. ഒരുലക്ഷം പേര്‍ക്ക് നല്‍കാനുള്ള ഭൂമി കണ്ടെത്തിയിട്ടുണ്ടെന്നും ഇതില്‍ 77,319 പേര്‍ക്കുള്ള ഭൂമി പ്ലോട്ട് തിരിക്കല്‍ നടപടി പുരോഗമിക്കുന്നതായി മന്ത്രി അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അപേക്ഷിച്ച എല്ലാവര്‍ക്കും നല്‍കുന്നതിനായി ഭൂമി കണ്ടെത്തി പ്ലോട്ടുകള്‍ തിരിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 11ന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ തിരുവനന്തപുരം ജില്ലയിലെ 4,370 പേര്‍ക്കും എറണാകുളം ജില്ലയിലെ 2,445 പേര്‍ക്കും കോട്ടയം ജില്ലയിലെ 1,325 പേര്‍ക്കും കൊല്ലം ജില്ലയിലെ 760 പേര്‍ക്കും പത്തനംതിട്ട ജില്ലയിലെ 504 പേര്‍ക്കും ആലപ്പുഴ ജില്ലയിലെ 311 പേര്‍ക്കുമാണ് പട്ടയം നല്‍കുന്നത്. ആറ് ജില്ലകളില്‍ നിന്നുള്ള ഗുണഭോക്താക്കളെ തിരുവനന്തപുരത്ത് എത്തിക്കുന്നതിന് അതത് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ ക്രമീകരണങ്ങള്‍ ഉണ്ടായിരിക്കും.
ആദ്യഘട്ടത്തില്‍ തന്നെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ അപേക്ഷകര്‍ക്കും ഭൂമി കണ്ടെത്താന്‍ കഴിഞ്ഞിട്ടുണ്ട്. ഇതോടെ ഈ രണ്ട് ജില്ലകളും ഭൂരഹിതരില്ലാത്ത ജില്ലകളായി മാറും. ഭൂമി നല്‍കുന്നതുമായി ബന്ധപ്പെട്ട് അഗതികള്‍, അര്‍ബുദം പോലുള്ള മാരക രോഗബാധിതര്‍, 50 ശതമാനത്തിലധികം അംഗവൈകല്യമുള്ളവര്‍, വിധവകള്‍ എന്നിവര്‍ക്ക് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. 25 ശതമാനം വരുന്ന പട്ടികജാതി, വര്‍ഗക്കാരും മുന്‍ഗണനാ പട്ടികയില്‍പെടും. സി-ഡിറ്റ് തയ്യാറാക്കിയ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചാണ് സെലക്ഷന്‍ നടത്തിയത്. 2,43,928 അപേക്ഷകരില്‍ അഗതികളായിട്ടുള്ളവര്‍ 3,115 പേരാണ്. ക്യാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, തളര്‍വാതം ഉള്‍പ്പെടെയുള്ള മാരക രോഗബാധിതര്‍- 4,887. അമ്പത് ശതമാനത്തിലധികം അംഗവൈകല്യം ഉള്ളവര്‍- 2,477. വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവര്‍- 2,6750. 36,110 പേര്‍ പട്ടികജാതി വിഭാഗത്തില്‍പെട്ടവരും 2,239 പേര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരുമാണ്.
2013 ഫെബ്രുവരി 15 വരെ അപേക്ഷിക്കാന്‍ അവസരം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 2,43,928 അര്‍ഹരായവരെ കണ്ടെത്തി. തിരുവനന്തപുരം- 35,851, കൊല്ലം -28,591, പത്തനംതിട്ട- 6807, ആലപ്പുഴ- 14,163, കോട്ടയം-10, 388, ഇടുക്കി- 7,970, എറണാകുളം- 31,379, തൃശൂര്‍- 26,776, പാലക്കാട്- 23,874, മലപ്പുറം- 23,962, കോഴിക്കോട്- 8,304, വയനാട്- 4,546, കണ്ണൂര്‍- 11,099, കാസര്‍കോട്- 10,218 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള അപേക്ഷകരുടെ എണ്ണം. അര്‍ഹരായ ഗുണഭോക്താക്കള്‍ സത്യവാങ്മൂലം നല്‍കണമെന്ന നിബന്ധന ഉണ്ടായിരുന്നു. നോട്ടറി പബ്ലിക്ക് സാക്ഷ്യപ്പെടുത്തണമെന്ന നിബന്ധന ഒഴിവാക്കി, അതാത് ജില്ലാ വില്ലേജ് ഓഫീസര്‍മാര്‍ സര്‍ട്ടിഫൈ ചെയ്താല്‍ മതിയെനന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പട്ടയ വിതരണ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ നിഖില്‍ കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ശശി തരൂര്‍, മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, കെ എം മാണി, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, കെ പി സി സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല, ചീഫ് സെക്രട്ടറി ഇ കെ ഭരത്ഭൂഷണ്‍, റവന്യൂ സെക്രട്ടറി കമല വര്‍ധനറാവു സംബന്ധിക്കും.