Connect with us

Wayanad

മക്കിക്കൊല്ലി പാലം നന്നാക്കാന്‍ നടപടിയില്ല: ജനങ്ങള്‍ യാത്രാ ദുരിതത്തില്‍

Published

|

Last Updated

മാനന്തവാടി: മഴക്കാലത്ത് തകര്‍ന്ന മക്കിക്കൊല്ലി പാലം നന്നാക്കാന്‍ നടപടിയായില്ല. ഇതോടു കൂടി ജനങ്ങള്‍ ദുരിതത്തിലായി. പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള പാലം ജൂണ്‍ 30നാണ് തകര്‍ന്നത്.
മക്കിക്കൊല്ലി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് വീതികൂട്ടി ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ചതിന് തൊട്ടു പിന്നാലെയാണ് പലം തകര്‍ന്നത്്. ഇതോടെ വലിയ വാഹനങ്ങള്‍ ഇതുവഴി കടന്നു പോകാന്‍ കഴിയാതെയായി. ഈ റോഡിലൂടെ സര്‍വ്വീസ് നടത്തിയിരുന്ന രണ്ട് കെഎസ്ആര്‍ടിസി ബസ്സുകള്‍ വിമലനഗര്‍ വഴിയാണ് പുതുശ്ശേരിയിലേക്ക് സര്‍വ്വീസ് നടത്തുന്നത്.
ഇതോടെ കൊല്ലന്‍കടവ്, മക്കിക്കൊല്ലി, അമ്മാന്‍തോട്, മുതിരേരി, ശിവക്ഷേത്ര കവല, ജോസ് കവല എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കിലോമീറ്ററുകളോളം യാത്ര ചെയ്താണ് ബസ്സ് റൂട്ടുകളിലെത്തിചേരുന്നത്.
അല്ലെങ്കില്‍ അമിത ചാര്‍ജ്ജ് നല്‍കി ടാക്‌സി ജീപ്പുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. പാലത്തിന്റെ കലുങ്കിന്റെ ഒരുഭാഗം മാത്രമാണ് തകര്‍ന്നത്.
ഇത് ഉടന്‍ പുതുക്കി പണിയുമെന്ന് അധികൃതര്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ പാലം നന്നായാല്‍ വലിയ വാഹനങ്ങള്‍ സര്‍വ്വീസ് നടത്തുന്നതോടെ പുതുതായി നിര്‍മ്മിച്ച റോഡ് തകരുമെന്നതിനാല്‍ കരാറുകാരന്റെ താത്പര്യക്കുറവാണ് പ്രവര്‍ത്തികള്‍ വൈകാന്‍ കാരണമെന്നാണ് ആരോപണം. പാലം പുനര്‍നിര്‍മ്മിച്ച് നല്‍കാന്‍ അധികൃതര്‍ തയ്യാറാകാത്ത പക്ഷം പൊതുമരാമത്ത് ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് ജനങ്ങള്‍.
പുതുതായി നിര്‍മ്മിച്ച റോഡും പല സ്ഥലങ്ങളിലും തകര്‍ന്ന അവസ്ഥയിലാണ്.

Latest